വ്യോമ-സമുദ്ര-ഭൗമ പാത അനുവദിക്കില്ലെന്ന് യുഎഇ
അബുദാബി: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൈനിക വ്യൂഹം ഇറാന്‍റെ ദിശയിലേക്ക് നീങ്ങുകയാണെന്നും സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധക്കാരെ കൊല്ലരുതെന്നും ആണവ പരിപാടികൾ പുനഃരാരംഭിക്കരുതെന്നും ട്രംപ് മുന്നറിയിപ്പും നൽകി.
ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസിനു മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ഇറാൻ രംഗത്തെത്തിയിരുന്നു. തകർന്ന വിമാനങ്ങൾ ഒരു വിമാനവാഹിനിക്കപ്പലിൽ കിടക്കുന്നതിന്‍റെ ദൃശ്യത്തിനൊപ്പം ‘കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും’ എന്നു ടെഹ്റാനിലെ പ്രധാന ചത്വരത്തിലെ പ്രദർശന ബോർഡിൽ എഴുതിയായിരുന്നു മുന്നറിയിപ്പ്.