മർവാൻ ബർഗൗട്ടി
getty images
ഗാസയിൽ തടവിലാക്കപ്പെട്ട അവസാന ബന്ദിയെയും മോചിപ്പിക്കുന്ന വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ഇദം പ്രഥമമായി ആവശ്യപ്പെടുന്ന പലസ്തീനിയൻ മണ്ടേല എന്നറിയപ്പെടുന്ന മർവാൻ ബർഗൗട്ടിയെ ഇപ്പോൾ മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ. പലസ്തീനികൾക്കിടയിൽ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് 66 കാരനായ ബർഗൗട്ടി. ഹമാസിനോട് ഏറെ ചേർന്നു നിൽക്കുന്ന ഇയാൾ 2001ലും 2002ലും അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിനു ശേഷം അഞ്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇപ്പോൾ. 23 വർഷത്തിലേറെയായി ഇയാൾ ജയിലിലാണ്.
കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടു കൂടി പലസ്തീനിയൻ നെൽസൺ മണ്ടേല എന്നാണ് അനുയായികൾ അയാളെ വിശേഷിപ്പിക്കുന്നത്. ഹമാസിന്‍റെ കടുത്ത മതേതര എതിരാളിയായ ഫത്തായിലെ അംഗമായിട്ടു കൂടി ഹമാസിനു പ്രിയപ്പെട്ട നേതാവാണ് ഇയാൾ. 2006ൽ തന്‍റെ ജയിലിൽ ഹമാസ് -ഫത്താ വിഭാഗങ്ങൾ തമ്മിൽ അനുരജ്ഞനത്തിനു മധ്യസ്ഥത വഹിച്ചതോടെയാണ് ഭിന്നത നികത്താൻ കഴിയുന്ന ഒരാളായി ബർഗൗട്ടിയെ പലസ്തീനികൾ കണക്കാക്കി തുടങ്ങിയത്.
ഇതോടൊപ്പം നിരവധി ഇസ്രേലി രാഷ്ട്രീയ നേതാക്കളുമായും ഇയാൾ അടുത്ത ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. പല ഇസ്രയേലി നേതാക്കളും ബർഗൗട്ടിയെ ജയിലിൽ സന്ദർശിച്ചിട്ടുമുണ്ട്. പ്രത്യക്ഷത്തിൽ മിതവാദിയെങ്കിലും ഭാവിയിൽ ഒരു യഹിയ സിൻവറായി ബർഗൗട്ടി മാറിയേക്കും എന്ന് ഇസ്രയേലും പലസ്തീനികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു നേതാവ് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമം പുനരുജ്ജീവിപ്പിക്കുമെന്ന് തീവ്രവാദികളും ഭയപ്പെടുന്നു.