ഇറാൻ മുൻ കിരീടാവകാശി റെസ പഹ് ലവി
file photo
ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇറാന്‍റെ മുൻ കിരീടാവകാശി റെസ പഹ് ലവി രംഗത്ത്. പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഇറാൻ കടുത്ത പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പിനെ സ്വതന്ത്ര ലോകത്തിന്‍റെ നേതാവിന്‍റെ ശക്തമായ ഇടപെടൽ എന്നാണ് പഹ് ലവി വിശേഷിപ്പിച്ചത്. ഇറാൻ ഭരണകൂടത്തെ ഉത്തരവാദിത്തപ്പെടുത്തും എന്ന വാഗ്ദാനം ആവർത്തിച്ചതിന് ട്രംപിന് പഹ് ലവി നന്ദി പറഞ്ഞു. യൂറോപ്യൻ നേതാക്കളും അമെരിക്കയെ പിന്തുടർന്ന് ഇറാൻ ജനതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെസ പഹ് ലവി ഒരു നല്ല വ്യക്തിയാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് ഈ സാഹചര്യത്തിൽ അദ്ദേഹത്തെ നേരിൽ കാണുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി.ഒരു റേഡിയോ അഭിമുഖത്തിൽ സംസാരിക്കവേ ഇറാനിൽ ആരാണ് ഉയർന്നു വരുന്നത് എന്ന് നമ്മൾ നോക്കിക്കാണണം എന്നാണ് ട്രംപ് പ്രതികരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തെ 31 പ്രവിശ്യകളിലേയ്ക്കും വ്യാപിച്ചു. ദശലക്ഷങ്ങൾ തെരുവിൽ ഇറങ്ങിയതായി പഹ് ലവി അവകാശപ്പെടുമ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല.
പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ഇറാൻ ഭരണകൂടം രാജ്യമെമ്പാടും ഇന്‍റർനെറ്റ്, ഫോൺ സേവനങ്ങൾ വിച്ഛേദിച്ചു. ഇതിനകം 45 ലധികം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമൈനി ഈ പ്രതിഷേധങ്ങളെ അമെരിക്കയുടെയും ഇസ്രയേലിന്‍റെയും ഗൂഢാലോചന എന്നാണ് വിശേഷിപ്പിച്ചത്.