മകനെ രക്ഷിക്കാനായി 90ാം വയസ്സിൽ നിയമം പഠിച്ച് കോടതിയിലെത്തിയ അമ്മ

 
World

മകനെ രക്ഷിക്കാനായി 90ാം വയസ്സിൽ നിയമം പഠിച്ച് കോടതിയിലെത്തിയ അമ്മ!

കോടതിയിലേക്ക് മകനെ കൈ വിലങ്ങ് അണിയിച്ച് കൊണ്ടു വരുന്നത് ആദ്യമായി കണ്ടപ്പോൾ ഹി ഉറക്കെ നിലവിളിച്ചു.

നീതു ചന്ദ്രൻ

കേസിൽ കുടുങ്ങിയ മകനെ രക്ഷിക്കാനായി തൊണ്ണൂറാം വയസ്സിൽ നിയമപഠനം നടത്തുന്ന അമ്മ. ലോകത്തെ മുഴുവൻ അമ്പരപ്പിക്കുകയാണ് ഈ അമ്മയുടെ കഥ. ചൈനീസ് സ്വദേശിയായ ഹി ആണ് സ്വന്തം മകനു വേണ്ടി കോടതിയിലെത്തുന്നത്. 2023 ഏപ്രിലിലാണ് ഹിയുടെ മകൻ ലിന്നിലെ പ്രാദേശിക വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. ഴെജിയാങ് പ്രവിശ്യയിലെ കോടതിയിൽ ഇപ്പോഴും വാദം തുടരുകയാണ്.

മകനെ രക്ഷിക്കാൻ മറ്റു വഴികളൊന്നുമില്ലെന്ന് കണ്ടപ്പോൾ കഴിഞ്ഞ വർഷം മുതലാണ് ഹി നിയമം പഠിക്കാൻ തുടങ്ങിയത്. ഹിയുടെ പ്രായം ചൂണ്ടിക്കാട്ടി ബന്ധുക്കൾ എല്ലാം ഈ തീരുമാനത്തെ എതിർത്തു. എന്നാൽ പിന്മാറാൻ ഹി തയാറായിരുന്നില്ല. നിയമപുസ്തകങ്ങൾ പഠിക്കുന്നതിനൊപ്പം ക്രിമിനൽ നിയമങ്ങളുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹി പഠിച്ചെടുത്തു. അതിനൊപ്പം തന്നെ സമാനമായ കേസുകളിൽ കോടതിയിൽ വാദം നടക്കുന്നത് കണ്ട് മനസിലാക്കുന്നതിനായി എല്ലാ ദിവസവും കോടതിയിൽ സന്ദർശനവും നടത്തി.

ഹുവാങ് എന്ന വ്യക്തിയാണ് 57കാരനായ ലിന്നിനെതിരേ പരാതി നൽകിയിരിക്കുന്നത്. 2009ൽ ഹുവാങ് ചൈനയിലെ ഏറ്റവും സമ്പന്നരായ 100 വ്യക്തികളിൽ ഒരാളായിരുന്നു.

എന്നാൽ ലിന്നുമായുള്ള ബിസിനസിൽ കൃത്യ സമയത്ത് പണം നൽകുന്നതിൽ ഹുവാങ് വീഴ്ച വരുത്തിയിരുന്നു. ഇതോടെ 2014 മുതൽ 2017 വരെയുള്ള കണക്കു പ്രകാരം 117 മില്യൺ യുവാൻ നൽകാൻ ലിൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇതേക്കുറിച്ച് ടാക്സ് ഏജൻസികളെ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് ഹുവാങ് ലിന്നിനെതിരേ പരാതി നൽകിയത്.

കോടതിയിലേക്ക് മകനെ കൈ വിലങ്ങ് അണിയിച്ച് കൊണ്ടു വരുന്നത് ആദ്യമായി കണ്ടപ്പോൾ ഹി ഉറക്കെ നിലവിളിച്ചു. കോടതി അവർക്ക് വിദഗ്ധ ചികിത്സ നൽകാ‌ൻ നിർദേശിച്ചുവെങ്കിലും കോടതിയിൽ നിന്ന് പോകാൻ ഹി വിസമ്മതിച്ചു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ

''2031ൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും''; വീണാ ജോർജ്