ഇന്ത‍്യയുടെ എതിർപ്പ് തള്ളി; പാക്കിസ്ഥാന് വീണ്ടും ധനസഹായം അനുവദിച്ച് എഡിബി
ഇസ്ലാമാബാദ്: ഇന്ത‍്യയുടെ എതിർപ്പ് അവഗണിച്ച് പാക്കിസ്ഥാന് വീണ്ടും ധനസഹായം അനുവദിച്ച് ഏഷ‍്യൻ ഡെവലപ്മെന്‍റ് ബാങ്ക് (എഡിബി). 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജാണ് ഏഷ‍്യൻ ഡെവലപ്മെന്‍റ് ബാങ്ക് പാക്കിസ്ഥാന് അനുവദിച്ചത്. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും ഏകദേശം 8,500 കോടിരൂപയോളം വരുന്ന പാക്കേജ് പാക്കിസ്ഥാന് അനുവദിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് നൽകികൊണ്ടിരിക്കുന്ന ധനസഹായം നിർത്തണമെന്ന് ഇന്ത‍്യ എഡിബിയോട് ആവശ‍്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ സാമ്പത്തിക സഹായം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത‍്യ ഇത്തരത്തിൽ ഒരാവശ‍്യം മുന്നോട്ടുവച്ചത്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് എഡിബി പാക്കിസ്ഥാന് സാമ്പത്തിക സഹായം അനുവദിച്ചത്.