സഹീൽ മുഹമ്മദ് ഹുസൈൻ
CREDIT : X
ന്യൂഡൽഹി: സ്റ്റുഡന്‍റ് വിസയിൽ റഷ്യയിലെത്തിയ ഇന്ത്യൻ വിദ്യാർഥിയെ നിർബന്ധിച്ച് സൈനിക സേവനത്തിനു വിട്ടു. തന്നെ കള്ളക്കേസുണ്ടാക്കി ഭീഷണിപ്പെടുത്തിയതിനാലാണ് റഷ്യൻ സൈന്യത്തിൽ ചേർന്നതെന്ന് യുവാവ്. ഗുജറാത്തിലെ മോർബിയിൽ നിന്നുള്ള സഹീൽ മുഹമ്മദ് ഹുസൈൻ ആണ് സഹായംഅഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.
താൻ റഷ്യയിൽ പഠിക്കുമ്പോൾ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട് ടൈം ജോലി ചെയ്തിരുന്നതായും യുക്രെയ്ൻ അധികൃതർ പങ്കു വച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. റഷ്യൻ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്നു വാഗ്ദാനം ചെയ്തതായും സഹീൽ പറഞ്ഞു. കള്ളക്കേസിൽ നിന്നു രക്ഷനേടാനാണ് താൻ റഷ്യൻ വാഗ്ദാനം സ്വീകരിച്ചതെന്നും കേവലം 15 ദിവസം മാത്രം നീണ്ട പരിശീലനത്തിനു ശേഷം റഷ്യക്കാർ തന്നെ മുൻനിരയിലേയ്ക്കു അയച്ചെന്നും സഹീൽ പറഞ്ഞു.
മുൻ നിരയിൽ എത്തിയ ഉടനെ പറഞ്ഞതനുസരിച്ച് താൻ യുക്രെയ്ൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങുകയാണ് ആദ്യം ചെയ്തതെന്നും യുക്രെയ്ൻ സൈന്യം ഈ വീഡിയോകൾ ഗുജറാത്തിലെ തന്‍റെ അമ്മയ്ക്ക് അയയ്ക്കുകയും റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ വിദേശികളെ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് യുവാവ് പറയുന്നത്. തന്‍റെ മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹീലിന്‍റെ മാതാവ് ഡൽഹിയിലെ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. അടുത്ത വാദം ഫെബ്രുവരിയിലാണ്.