ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ
file photo
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിലെ ഫയലുകൾ പരസ്യപ്പെടുത്താനുള്ള ബില്ലിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പു വച്ചു. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വിടുന്നത് തന്‍റെ ഭരണകൂടത്തിന്‍റെ സുതാര്യതയുടെ വിജയമാണെന്നു വിശേഷിപ്പിച്ചു കൊണ്ട് ട്രൂത്ത് സോഷ്യലിലൂടെയാണ് താൻ ബില്ലിൽ ഒപ്പു വച്ച കാര്യം ട്രംപ് അറിയിച്ചത്. എപ്സ്റ്റീന് ഡെമോക്രാറ്റുകളുമായി ബന്ധമുണ്ടെന്ന ആരോപണവും ട്രംപ് മുന്നോട്ടു വച്ചു.
കഴിഞ്ഞ ദിവസം ബിൽ സെനറ്റ് പാസാക്കി പ്രസിഡന്‍റിന് അയച്ചിരുന്നു. പ്രസിഡന്‍റ് ഒപ്പു വച്ചതോടെ ജെഫ്രി എപ്സ്റ്റീൻ കേസിലെ ഫയലുകൾ പരസ്യപ്പെടുത്താൻ കഴിയും. നേരത്തെ ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും ഫയൽ പരസ്യപ്പെടുത്തുന്ന നീക്കത്തെ തടയാൻ ശക്തമായി ശ്രമിച്ചിരുന്നു. എപ്സ്റ്റീൻ കേസിലെ വിവരങ്ങൾ പുറത്തു വിടണമെന്നും സുതാര്യത വേണമെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ സമ്മർദ്ദം ശക്തമായതോടെയാണ് ബില്ലിനെ പിന്തുണയ്ക്കാൻ പ്രസിഡന്‍റ് ട്രംപും തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് അമെരിക്കൻ കോൺഗ്രസ് ബിൽ പാസാക്കി പ്രസിഡന്‍റിന് അയച്ചത്.