പ്രസിഡന്‍ഷ്യല്‍ ഭരണരീതി ലക്ഷ്യമിട്ട് അസിം മുനീര്‍
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍റെ രാഷ്‌ട്രീയ അധികാരഘടനയില്‍ സമീപഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ഭരണകാര്യങ്ങളില്‍ സായുധസേനയ്ക്ക് ഔദ്യോഗികവും വിപുലവുമായ പങ്ക് ഉറപ്പാക്കുന്ന ദേശീയ പദ്ധതി സൈനിക നേതൃത്വം തയാറാക്കുന്നതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ പാര്‍ലമെന്‍ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ മാതൃകയിലേക്ക് മാറാനുള്ള സാധ്യത ഏറി വരികയാണെന്ന് ചുരുക്കം.
തുര്‍ക്കിയിലെയും ഈജിപ്റ്റിലെയും ഭരണരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ നിര്‍ദേശം തയാറാക്കിയതെന്ന് പറയപ്പെടുന്നു. ഈ രാജ്യങ്ങളില്‍ യഥാക്രമം റജബ് തയ്യിബ് ഉര്‍ദുഗാനും, അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും വലിയ തോതില്‍ ഭരണനിര്‍വഹണ-രാഷ്‌ട്രീയ അധികാരങ്ങള്‍ കൈയാളുന്നവരാണ്. കൂടുതല്‍ ശക്തമായ, അധികാരങ്ങളുള്ള പ്രസിഡന്‍റ് പദവി വേഗത്തിലുള്ള തീരുമാനങ്ങള്‍ക്കും നയരൂപീകരണത്തില്‍ മികച്ച തുടര്‍ച്ച ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍ കരുതുന്നുണ്ട്.
ഭരണകൂടം എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ സൈന്യത്തെയും ഒരു 'തുല്യ പങ്കാളിയാക്കുക' എന്ന നിര്‍ദേശമാണ് ഏറ്റവും ശ്രദ്ധേയം. പാക്കിസ്ഥാന്‍റെ രാഷ്‌ട്രീയത്തിലും വിദേശനയത്തിലും സൈന്യം ചരിത്രപരമായിത്തന്നെ വലിയ സ്വാധീനം ചെലുത്തിവരുന്നുണ്ട്. എന്നാല്‍, പുതിയ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ ഈ സ്വാധീനത്തിന് ഔദ്യോഗികമായ അംഗീകാരം നല്‍കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
സാമ്പത്തിക അസ്ഥിരത, ഉയര്‍ന്ന കടബാധ്യത, രാഷ്‌ട്രീയ ധ്രുവീകരണം, തുടര്‍ച്ചയായി അധികാരത്തിലെത്തിയ സിവിലിയന്‍ ഗവണ്‍മെന്‍റുകളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ പാക്കിസ്ഥാനെ അലട്ടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഷെരീഫ്, ഭൂട്ടോ/സര്‍ദാരി കുടുംബങ്ങളെപ്പോലുള്ള പ്രബല കുടുംബങ്ങളില്‍ മാത്രം രാഷ്‌ട്രീയ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് ഭരണപരാജയങ്ങള്‍ക്കും അഴിമതിക്കും കാരണമായെന്ന് സൈനിക നേതൃത്വം വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.