എപ്സ്റ്റീൻ ഫയൽ വിവാദം: രാജകുമാരിമാർക്കെതിരേയും അന്വേഷണം

 

file photo

World

എപ്സ്റ്റീൻ ഫയൽ വിവാദം: രാജകുമാരിമാർക്കെതിരേയും അന്വേഷണം

കടുത്ത പ്രതിസന്ധിയിൽ ബ്രിട്ടീഷ് രാജ കുടുംബം

Reena Varghese

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തെ ആകെ ഉലച്ചു കളഞ്ഞ ലൈംഗികാരോപണ വിവാദങ്ങൾ പുതിയ തലത്തിലേയ്ക്ക്. ആൻഡ്രൂവിന്‍റെയും സാറാ ഫെർഗൂസന്‍റെയും മക്കളായ രാജകുമാരിമാരായ ബിയാട്രീസ്, യുജീനി എന്നിവർക്കെതിരേയും അന്വേഷണം. രൂക്ഷ വിമർശനങ്ങളും നിരീക്ഷണങ്ങളുമാണ് ഇവർക്കെതിരേ ഉയരുന്നത്. യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തു വിട്ട കുപ്രസിദ്ധമായ എപ്സ്റ്റീൻ ഫയലുകളിൽ രാജകുമാരിമാരുടെ പേരുകൾ നൂറുകണക്കിനു തവണ പരാമർശിക്കപ്പെട്ടതാണ് രാജകുടുംബത്തെ വീണ്ടും സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത്.

പുറത്തു വന്ന രേഖകളിൽ യുജീനി രാജകുമാരിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അത്യന്തം ലജ്ജാകരമായ പരാമർശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നത് രാജകുടുംബത്തിനു വൻ തിരിച്ചടിയായി. നിലവിൽ 37, 35 വയസുള്ള ഇരുവരും രാജകീയ പദവികൾ വഹിക്കുന്നുണ്ടെങ്കിലും കൊട്ടാരത്തിന്‍റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളല്ല.

വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായുള്ള മുൻ രാജകുമാരൻ ആൻഡ്രുവിന്‍റെ ബന്ധമായിരുന്നു നേരത്തെ വാർത്തളിൽ നിറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ പറയുന്നത് ആൻഡ്രുവിന്‍റെ മുൻ ഭാര്യയും രാജകുമാരിമാരുടെ അമ്മയുമായ സാറാ ഫെർഗൂസന് എപ്സ്റ്റീനുമായുണ്ടായിരുന്ന അടുത്ത സൗഹൃദത്തെ കുറിച്ചും രാജകുമാരിമാരെ എപ്സ്റ്റീനിലേയ്ക്ക് അടുപ്പിക്കുന്നതിൽ സാറയ്ക്കുള്ള പങ്കിനെ കുറിച്ചുമാണ്.

2025 ഡിസംബർ 19ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തു വിട്ട ചിത്രങ്ങൾ ഈ ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. മാതാപിതാക്കൾ വഴി ഒരു കുറ്റവാളിയുമായി തങ്ങളുടെ പേര് ഇത്രയധികം ബന്ധിക്കപ്പെട്ടത് രാജകുമാരിമാരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതായും റിപ്പോർട്ടുകൾ.എന്നാൽ ഇത്രയധികം അടുപ്പം എപ്‌സ്റ്റൈനുമായി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവർ ഇതേക്കുറിച്ച് മുൻപ് പ്രതികരിച്ചില്ല എന്ന ചോദ്യം കൊട്ടാരത്തിനുള്ളിലും പൊതുസമൂഹത്തിലും ഉയരുന്നുണ്ട്.

ഗൗരവമേറിയ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കളുടെ നടപടികളിൽ ആശങ്ക പ്രകടിപ്പിക്കാൻ ഇവർ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, ആൻഡ്രുവിനെതിരെയുള്ള നിയമനടപടികൾ കൂടുതൽ കർശനമാവുകയാണ്. ബ്രിട്ടീഷ് ട്രേഡ് എൻവോയ് ആയി പ്രവർത്തിച്ചിരുന്ന കാലത്ത് ഔദ്യോഗിക രഹസ്യങ്ങൾ എപ്സ്റ്റീന്ചോർത്തി നൽകിയെന്ന ആരോപണത്തിൽ ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും രഹസ്യരേഖകൾ കൈമാറിയതിനും ആൻഡ്രൂ മറുപടി പറയേണ്ടി വരും. മുൻപ് ഉയർന്ന ലൈംഗികാരോപണങ്ങളിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടത്തിയിരുന്നെങ്കിലും, പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആൻഡ്രൂ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജകുടുംബത്തിന്‍റെ അന്തസിനെ ചോദ്യം ചെയ്യുന്ന ഈ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു