എൻജിനിൽ തീ; ഡെൽറ്റ എയർലൈൻസ് വിമാനം അടിയന്തരമായി താഴെയിറക്കി
ലോസ് ആഞ്ചലസ്: എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്ത് ഡെൽറ്റ എയർലൈൻസ് ബോയിങ് 787 വിമാനം. വെള്ളിയാഴ്ച വൈകിട്ട് അറ്റ്ലാന്‍റയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ടേക് ഓഫിനു തൊട്ടു പുറകെ തീ പിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ലോസ് ആഞ്ചലസ് ഇന്‍റർനാഷണൽ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തി വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 282 യാത്രക്കാരും 10 ജീവനക്കാരും രണ്ടു പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കേറ്റിട്ടില്ല. റൺവെയിൽ എത്തിയതിനു പിന്നാലെ ജീവനക്കാർ എൻജിനിലെ തീ അണച്ചു.
എൻജിനിൽ തീ പടരാൻ കാരണമെന്തെന്ന് വ്യക്തമല്ല. അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 25 വർഷം പഴക്കമുള്ള വിമാനത്തിന്‍റെ എൻജിനിലാണ് തീ പടർന്നത്.
ഇതാദ്യമായല്ല ഡെൽറ്റ എയർലൈൻസിൽ ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിലിൽ ഓർലാൻഡോ വിമാനത്താവളത്തിൽ വച്ചും ഡെൽറ്റ വിമാനത്തിൽ തീപടർന്നിരുന്നു.