യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ
ബ്രസൽസ്: പതിമൂന്ന് വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമുകളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള നിർദ്ദേശവുമായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ. സ്ട്രാറ്റ്സ്ബർഗിൽ നടന്ന യൂറോപ്യൻ യൂണിയന്‍റെ വാർഷിക യോഗത്തിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
"അടിമപ്പെടുത്തുന്ന സവിശേഷതകൾ നാം അംഗീകരിക്കേണ്ടതില്ല. കുട്ടികൾ കൂടുതൽ തീവ്രമായ ഉള്ളടക്കങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് എഐ വഴി ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ നിർമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല''- ഉർസുല പറഞ്ഞു.
യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങൾ നിർദ്ദേശത്തെ പിന്തുണച്ച് വോട്ട് ചെയ്യുമെന്നാണ് വിവരം. ഇതോടെ യുഎസുമായി സംഘർഷത്തിന് വഴിയൊരുക്കുമെന്ന് സൂചന. സാങ്കേതിക രംഗത്ത് യൂറോപ്പ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കടുത്ത വിമർശനമാണ് എപ്പോഴും ഉയർത്തുന്നത്.
ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐർലാൻഡ്, ഇറ്റലി, ലാറ്റ്‌വിയ, ലിത്‌വാനിയ, ലംക്സംബർഗ്, മാൾട്ട, നെതർലാൻഡ്, പോളണ്ട്, പോർച്ചുഗൽ, റൊമേനിയ, സ്ലൊവാക്യ, സ്ലൊവേന്യ, സ്പെയ്‌ൻ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിൽ ഉള്ളത്.