ഔഗ്സ്ബർഗ് റെയ്‌ൽവേ സ്റ്റേഷൻ
ബെർലിൻ: ജർമനിയിൽ റെയ്‌ൽവേ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. രാജ്യത്തിന്‍റെ തെക്കൻ ഭാഗത്തുള്ള നഗരമായ ഔഗ്സ്ബർഗിലെ സെൻട്രൽ റെയ്‌ൽവേ സ്റ്റേഷനിൽ ബുധനാഴ്ച പുലർച്ചെ 3.15നാണ് സംഭവം.
യുക്രെയ്ൻ പൗരൻമാരായ 18 വയസുകാരനും 17 വയസുകാരിക്കുമാണ് പരുക്കേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. റെയ്‌ൽവേ സ്റ്റേഷനിലേക്കുള്ള ഒരു കെട്ടിടത്തിന്‍റെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനൽചില്ലുകൾ തകർന്നു.
സ്ഫോടനത്തിന് പിന്നാലെ റെയ്‌ൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മറ്റൊരു സംശയാസ്പദമായ വസ്തു കൂടി കണ്ടെത്തി. ഇതേ തുടർന്ന് ഔഗ്‌സ്ബർഗ് സെൻട്രൽ റെയ്ൽവേ സ്റ്റേഷൻ പൂർണമായി അടയ്ക്കുകയും ട്രെയ്ൻ സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.
ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രദേശത്തെ റോഡ് ഗതാഗതവും പൊതുഗതാഗത സംവിധാനങ്ങളും താത്കാലികമായി നിർത്തിവച്ചു.
സ്ഫോടനമുണ്ടായ വസ്തു എന്താണെന്നതിനെക്കുറിച്ചോ ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ജർമൻ സ്റ്റേറ്റ് ക്രിമിനൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.