മനുഷ്യാവകാശ പോരാളി ജെസ്സെ ജാക്സൺ

 

FILE PHOTO

World

അമെരിക്കൻ മനുഷ്യാവകാശ പോരാളി ജെസ്സെ ജാക്സൺ അന്തരിച്ചു

മൺ മറഞ്ഞത് അമെരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്‍റെ നെടും തൂൺ

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്‍റെ നെടുംതൂണും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മനുഷ്യാവകാശ നേതാവുമായ റെവറന്‍റ് ജെസ്സെ ലൂയി ജാക്സൺ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായി വിടവാങ്ങിയതായി റെയ്ൻബോ പുഷ്പ സഖ്യവും അദ്ദേഹത്തിന്‍റെ മകനും സ്ഥിരീകരിച്ചു. ദീർഘകാലമായി ‘പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി’ എന്ന നാഡീസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം .

ഡോ.മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ ഉറ്റ അനുയായിയായി 1960കളിൽ പൗരാവകാശ പോരാട്ടങ്ങളിലൂടെയാണ് ജെസ്സെ ജാക്സൺ പൊതു രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 1968ൽ കിങിന്‍റെ വിയോഗത്തിനു ശേഷം അമെരിക്കയിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ഏറ്റവും സ്വാധീനമുള്ള നേതാവായി അദ്ദേഹം മാറി. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ അദ്ദേഹം 1980കളിൽ രണ്ടു തവണ അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റ് പാർട്ടി നാമനിർദേശത്തിനായി മത്സരിച്ച് ചരിത്രം കുറിച്ചു.

ബരാക് ഒബാമയ്ക്കു മുൻപേ അമെരിക്കൻ രാഷ്ട്രീയത്തിൽ കറുത്ത വർഗക്കാരായ വോട്ടർമാരെയും വെള്ളക്കാരെയും ഒരുപോലെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ദക്ഷിണ കരോലിനയിലെ ഗ്രീൻ വില്ലിൽ വംശീയ വിവേചനം ശക്തമായിരുന്ന കാലത്ത് ജനിച്ച ജെസ്സെ ജാക്സൺ തന്‍റെ പ്രഭാഷണ നൈപുണ്യം കൊണ്ടും ധാർമിക കാഴ്ചപ്പാടുകൾ കൊണ്ടും അമെരിക്കൻ രാഷ്ട്രീയത്തെ പുനർനിർവചിച്ചു.

വോട്ട് രജിസ്ട്രേഷൻ ക്യാംപയിനുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കാൻ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് സാധിച്ചു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പോരാട്ടം ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായിരുന്നു എന്ന് റെയ്ൻ ബോ പുഷ്പസഖ്യം പുറത്തിറക്കിയ പ്രസ്താവനയിൽ അനുസ്മരിച്ചു.

മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ