Us govt shutdown, more than 100 flights cancelled
വാഷിംഗ്ടൺ: അമെരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ മൂലം നൂറോളം വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട്. വെളളിയാഴ്ച ഷെഡ്യൂൾ ചെയ്ത വിമാനങ്ങളാണ് റദ്ദാക്കിയിട്ടുളളത്. വ്യാഴാഴ്ച 6,400 വിമാനങ്ങൾ വൈകുകയും 200ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
സർക്കാർ ഷട്ട്ഡൗൺ ഏർപ്പെടുത്തിയതോടെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ ജീവനക്കാരുടെ കുറവ് ഉണ്ടായതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. രാജ്യത്തെ തിരക്കേറിയ 40 മേഖലകളിലേക്കുളള വിമാനസർവ്വീസുകളാണ് 10 ശതമാനം വരെ വെട്ടിക്കുറക്കുന്നത്. സുരക്ഷ കാരണങ്ങൾ മുൻ നിർത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നൽകിയ ഉത്തരവ് പാലിച്ചാണ് നടപടി.
പ്രതിദിനം 220 ഫ്ളൈറ്റുകൾ റദ്ദാക്കുമെന്ന് അമെരിക്കൻ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ഡെൽറ്റ എയർലൈൻസുകൾ 170 ഫ്ളൈറ്റുകളും, സൗത്ത് വെസ്റ്റ് എയർലൈൻസ് 100 ഫ്ളൈറ്റുകളും വെള്ളിയാഴ്ച റദ്ദാക്കിയിട്ടുണ്ട്. അമെരിക്കയിലെ തിരക്കേറിയ വിമാനത്താവളങ്ങളായ അറ്റ്ലാന്‍റ, നെവാർക്ക്, ഡെൻവർ, ഷിക്കാഗോ, ഹൂസ്റ്റൺ, ലോസ് ആഞ്ജലീസ് എന്നിവയെയാണ് ഫ്ളൈറ്റ് റദ്ദാക്കൽ കൂടുതലായി ബാധിച്ചിട്ടുള്ളത്.
ഫ്ളൈറ്റ് റദ്ദാക്കൽ പ്രാദേശിക റൂട്ടുകളെയാണ് കൂടുതലായി ബാധിച്ചിട്ടുള്ളത്. സർക്കാർ ഷട്ട്ഡൗൺ മൂലം എയർലൈൻസ് മേഖലയിലെ എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് സുരക്ഷാ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർക്ക് ശമ്പളം ലഭിക്കാത്ത സൗഹചര്യവും നിലനിൽക്കുന്നുണ്ട്. അമെരിക്കയിൽ ഇത്തരമൊരു സാഹചര്യം അസാധാരണമാണെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.