യുഎൻ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ തുർക്ക്.
ജനീവ: യുഎസും ഇറാനും തമ്മിൽ ആക്രമണങ്ങൾ വീണ്ടും ശക്തമായ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അടിയന്തരമായി ചർച്ചകളുടെ മേശയിലേയ്ക്ക് മടങ്ങണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ തുർക്ക് ആവശ്യപ്പെട്ടു. മേഖലയിലെ യുദ്ധസാഹചര്യം പുനരാരംഭിച്ചതിലും സാധാരണക്കാർ കൊല്ലപ്പെടുന്നതിലും അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
യുഎൻ മനുഷ്യാവകാശ കൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിറിക് പ്രദേശത്ത് ഒരു വിവാഹച്ചടങ്ങിനിടെ നടന്ന യുഎസ് ആക്രമണത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അതീവ ആശങ്കാജനകമാണെന്ന് വോൾക്കർ തുർക്ക് ചൂണ്ടിക്കാട്ടി. പൂർണ്ണമായും ഒഴിവാക്കാമായിരുന്ന ഈ പ്രതിസന്ധി ആഗോളതലത്തിൽ വീണ്ടും വലിയ ഭൗമരാഷ്ട്രീയ, സാമ്പത്തിക ആഘാതങ്ങൾക്ക് വഴിവെക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.