ഇമ്രാൻ ഖാനും ഭാര‍്യ ബുഷ്റ ബീബിയും
ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെയും ഭാര‍്യ ബുഷ്റ ബീബിയെയും ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് കോടതി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് (ഐഎച്ച്സി) ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഇമ്രാൻ ഖാന് വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ജയിൽ അധികൃതർക്ക് നിർദേശവും നൽകി.
അനുവദനീയമായ ജയിൽ നിയമങ്ങൾ പ്രകാരം ഇമ്രാൻ ഖാന് കുടുംബവുമായി കൂടിക്കാഴ് നടത്താനും മക്കളുമായി ഫോൺ സംഭാഷണം നടത്താനുള്ള സൗകര‍്യം ഒരുക്കാനും കോടതി ഉത്തരവിട്ടു.
ഇരുവരുടെയും ഏകാന്ത തടവിനെ ചോദ‍്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെ ഐഎച്ച്സി ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോയാണ് വിധി പ്രസ്താവിച്ചത്. ഇമ്രാൻ ഖാന് എല്ലാ ദിവസവും പത്രങ്ങളും പുസ്തകളും നൽകണമെന്നും നിർദേശമുണ്ട്.
ഉത്തരവുകൾ നടപ്പിലാക്കിയ ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് റാവൽപിണ്ടിയിലെ അഡിയാല ജയിൽ സുപ്രണ്ടിനോട് കോടതി നിർദേശിച്ചു. ഓഗസ്റ്റ് 23 മുതൽ അഡിയാല ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ്ഇമ്രാൻ ഖാനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫും ആരോപിക്കുന്നത്.