യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

 
World

യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

നേട്ടം കൊയ്തത് അമെരിക്ക, നിർണായകമായ നാലു മുൻഗണനകൾ വ്യക്തമാക്കി വാൻസ്

Reena Varghese

ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇൻസ്പെക്റ്റർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകാമെന്ന് ഇറാൻ സമ്മതിച്ചതാണ് അമെരിക്കയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ നേട്ടം എന്ന് വാൻസ്

ജനീവ: സ്വിറ്റ്സർലണ്ടിൽ വച്ച് നടന്ന യുഎസ്-ഇറാൻ ഉഭയകക്ഷി ചർച്ചകളിൽ വൻ പുരോഗതി കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. ഞായറാഴ്ച നടന്ന ചർച്ചകൾ അത്യന്തം ഫലപ്രദമായിരുന്നു എന്ന് തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വിശേഷിപ്പിച്ചു. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സാങ്കേതിക തല ചർച്ചകളിൽ അമെരിക്ക മുന്നോട്ടു വച്ച നാലു പ്രധാന മുൻഗണനകളും അദ്ദേഹം മാധ്യമപ്രവർത്തകരുടെ മുമ്പിൽ വിശദീകരിച്ചു.

തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തടസമില്ലാതെ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുളള ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുക എന്നതാണ് ഒന്നാമത്തെ മുൻഗണന. നിലവിൽ ഈ കപ്പൽച്ചാൽ തുറന്നിരിക്കുകയാണെന്നും ഇതുവഴി വാണിജ്യ കപ്പലുകളുടെ ഗതാഗതം പുനരാരംഭിക്കുന്നതിനും മൈനുകൾ നീക്കം ചെയ്യുന്നതിനുമുള്ള ഏകോപന ചുമതലകൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വാൻസ് പറഞ്ഞു.

മേഖലയിലെ വെടിനിർത്തൽ കൂടുതൽ ശക്തമാക്കുന്നതിനും സൈനികമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനുമായി സമാനമായ മറ്റൊരു സുരക്ഷാ സംവിധാനം ഒരുക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. നിലവിലെ ചർച്ചകളിൽ ഏറ്റവും നിർണായക ഘടകമായി മാറിയിരിക്കുന്ന ലെബനനിലെ സംഘർഷങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്.

ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇൻസ്പെക്റ്റർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകാമെന്ന് ഇറാൻ സമ്മതിച്ചതാണ് അമെരിക്കയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ നേട്ടം എന്ന് വാൻസ് ചൂണ്ടിക്കാട്ടി. ഇറാന്‍റെ ആണവായുധ പദ്ധതികൾക്ക് ശാശ്വതമായ അന്ത്യം കുറിക്കുന്നതിനുള്ള ആദ്യത്തെയും ഏറ്റവും സുപ്രധാനവുമായ ചുവടുവയ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനമായി ഇരു രാജ്യങ്ങളുടെയും മുഖ്യ ചർച്ചാ പ്രതിനിധികൾ സ്വിറ്റ്സർലണ്ടിൽ നിന്നും മടങ്ങുമെങ്കിലും വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ തുടരുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഒരു വലിയ വീട് പണിയുന്നതിനുള്ള ശക്തമായ അടിത്തറയാണ് ചർച്ചകളിലൂടെ തങ്ങൾ പാകിയിരിക്കുന്നതെന്നും വരും ദിവസങ്ങളിൽ അമെരിക്കൻ ജനതയ്ക്ക് അനുകൂലമായ ഒരു അന്തിമ കരാറിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.

ദേശീയപാതകളിൽ ഉടനീളം വർക്ക്‌ഷോപ്പുകളും പഞ്ചർ റിപ്പയറും

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ

അടയ്ക്കുന്നതിനു തൊട്ടു മുമ്പ് മൂന്ന് ഇന്ത്യന്‍ സൂപ്പർ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു