ന്യൂഡൽഹി: ഇന്ദിര ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന എമർജൻസി എന്ന സിനിമ പ്രദർശിപ്പിക്കുന്ന യുകെയിലെ വിവിധ തിയെറ്ററുകളിൽ വൻ സംഘർഷം തുടരുന്നു. ഇന്ത്യൻ സർക്കാരിന്‍റെ സിഖ് വിരുദ്ധ അജൻഡയുടെ ഭാഗമാണ് സിനിമ എന്നാരോപിച്ച് ഖാലിസ്ഥാൻ ഗ്രൂപ്പുകളാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
പ്രതിഷേധം നിയന്ത്രണാതീതമായ സാഹചര്യത്തിൽ ബർമിങ്ങാം, വോൾവർഹാംപ്ടൺ, വെസ്റ്റ് ലണ്ടൻ എന്നിവിടങ്ങളിലെ വിവിധ സിനിമ തിയെറ്ററുകളിൽ പ്രദർശനം റദ്ദാക്കേണ്ടി വന്നു. വാരാന്ത്യത്തിൽ പ്രതിഷേധം കൂടുതൽ തിയെറ്ററുകളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് ഖാലിസ്ഥാൻവാദികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കമുള്ളതാണെന്നും, ഈ സിനിമയുടെ കാര്യത്തിലും ബ്രിട്ടിഷ് സർക്കാർ അക്കാര്യം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നേരത്തെ, ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ സംപ്രേഷണം ഇന്ത്യയിൽ തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് വ്യഖ്യാനിക്കപ്പെട്ടിരുന്നു.
ബ്രിട്ടിഷ് സർക്കാരിന്‍റെ കീഴിലുള്ള സ്ഥാപനമാണ് ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ എന്ന ബിബിസി.