നൈജർ: കൂട്ട സ്കൂൾ തട്ടിക്കൊണ്ടു പോകലുകളുടെ കേന്ദ്രം
file photo
ലോകമനസാക്ഷിയെ നടുക്കുന്ന കൂട്ടക്കൊലകളാണ് ഇപ്പോൾ നൈജീരിയയിൽ അരങ്ങേറുന്നത്. നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ ഇടപെടുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെ തുടർന്ന് മധ്യ നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പാപ്പിരി സമൂഹത്തിലെ ഒരു കത്തോലിക്കാ സ്കൂളിൽ നിന്ന് പന്ത്രണ്ട് അധ്യാപകരെയും 215 വിദ്യാർഥികളെയും ഫുലാനി ഭീകരർ തട്ടിക്കൊണ്ടു പോയി.ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ രണ്ടാമത്തെ കൂട്ട തട്ടിക്കൊണ്ടു പോകലാണിത്.
നൈജറിലെ പാപ്പിരി സമൂഹത്തിൽ നടന്ന ഏറ്റവും പുതിയ ഈ ക്രൂരമായ തട്ടിക്കൊണ്ടു പോകൽ, ക്രൈസ്തവ വംശഹത്യ അവസാനിപ്പിക്കാൻ സൈനിക ഇടപെടൽ നടത്തുമെന്ന ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ്. ഈ തട്ടിക്കൊണ്ടു പോകലുകൾ പുലർച്ചെയാണ് നടന്നതെന്ന് നൈജർ സ്റ്റേറ്റ് പൊലീസ് കമാൻഡ് പറഞ്ഞു. രക്ഷപ്പെട്ട് ചിതറിയോടിയ കുട്ടികളെ തെരഞ്ഞു പിടിച്ച് തട്ടിക്കൊണ്ടു പോകൽ തുടരുകയാണ് ഭീകരർ എന്നാണ് തദ്ദേശീയവൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ പറയുന്നത്.
നൈജർ: കൂട്ട സ്കൂൾ തട്ടിക്കൊണ്ടു പോകലുകളുടെ കേന്ദ്രം
നൈജീരിയയിലെ 36 സംസ്ഥാനങ്ങളിൽ ഏറ്റവും വലുതാണ് നൈജർ. ഇവിടുത്തെ അഗ്വാര തദ്ദേശ സ്വയംഭരണ പ്രദേശത്തെ സെന്‍റ് മേരീസ് സ്കൂളിലെ 215 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടു പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നടന്ന കത്തോലിക്കാ സ്കൂളിലെ ഈ തട്ടിക്കൊണ്ടു പോകൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നൈജറിൽ നടത്തിയ മൂന്നാമത്തെ കൂട്ട സ്കൂൾ തട്ടിക്കൊണ്ടു പോകലാണ്. 2021 മേയ് മാസത്തിൽ നൈജർ സംസ്ഥാനത്തു നടന്ന അവസാന ആക്രമണത്തിൽ ഒരു ഇസ്ലാമിക പഠന കേന്ദ്രത്തിൽ നിന്ന് 135 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടു പോയത്. അതിൽ ആറു പേർ തടവിലായിരിക്കെ കൊല്ലപ്പെട്ടു.
കെബ്ബിയിൽ പെൺകുട്ടികളുടെ ബോർഡിങ് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടു പോയത് 25 പേരെ
ഇക്കഴിഞ്ഞ തിങ്കളാഴ്ച അയൽ സംസ്ഥാനമായ കെബ്ബിയിൽ പെൺകുട്ടികൾ താമസിക്കുന്ന ഒരു ബോർഡിങ് സ്കൂളിൽ തോക്കു ധാരികൾ അതിക്രമിച്ചു കയറി 25 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകുകയും വൈസ് പ്രിൻസിപ്പലിനെ കൊലപ്പെടുത്തുകയും ചെയ്തു. സുരക്ഷാ സേനയെ വിന്യസിച്ചതായി നൈജീരിയ സർക്കാർ പറഞ്ഞെങ്കിലും സുരക്ഷാ സേന രാത്രി സ്കൂളിനു കാവൽ നിന്ന് പുലർച്ചെ തന്നെ സ്ഥലം കാലിയാക്കി.
വിദ്യാർഥികളെ കൊല്ലാൻ വിട്ടു കൊടുത്ത് സുരക്ഷാ സേന
വിദ്യാർഥികളോടൊപ്പം ഫോട്ടോയെടുക്കാനും മറ്റും രാത്രി സമയം ചെലവഴിച്ച സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ പുലർച്ചെ ആക്രമണത്തിന് 30 മിനിറ്റ് മുമ്പ് അവരെ ഉപേക്ഷിച്ചതായി നൈജർ ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകലിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പലപ്പോഴും ഭീകരർ മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകൽ നടത്തുന്നതിനായി സ്കൂളുകൾ, യാത്രക്കാർ, വിദൂര ഗ്രാമീണർ എന്നിവരെ ലക്ഷ്യം വയ്ക്കുന്നതായി വിശകലന വിദഗ്ധരും നാട്ടുകാരും പറയുന്നു.
നൈജീരിയൻ ജനറലിന്‍റെ മരണം ഏറ്റെടുത്ത് ഇസ്വാപ്പ്
ഇക്കഴിഞ്ഞ തിങ്കളാഴ്ച വടക്കു കിഴക്കൻ ബോർണോ സംസ്ഥാനത്ത് ഒരു നൈജീരിയൻ ജനറലിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഇസ്ലാമിക് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ(ഇസ്വാപ്പ്) ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ ദൃശ്യങ്ങളും പരാജയപ്പെട്ട രക്ഷാപ്രവർത്തനത്തെ കുറിച്ചുള്ള വാട്ട്സാപ് ചാറ്റുകളും ഇസ്വാപ്പ് പുറത്തു വിട്ടു.
ക്വാറ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടു പോയത് 38 പേരെ
ഈ ആഴ്ച ആദ്യം നൈജർ സംസ്ഥാനത്തിന്‍റെ തെക്കു ഭാഗത്തുള്ള മറ്റൊരു സംസ്ഥാനമായ ക്വാറ സംസ്ഥാനത്തെ ഒരു ക്രൈസ്തവ ദേവാലയത്തിൽ നിന്ന് തോക്കു ധാരികൾ 38 ആരാധകരെ തട്ടിക്കൊണ്ടു പോയി. ഇതിൽ ഏറ്റവും കുറഞ്ഞത് രണ്ടു പേർ മരിച്ചു. ആരാധന നടന്നുകൊണ്ടിരിക്കെ തത്സമയ സ്ട്രീം ഉണ്ടായിരുന്നതിനാൽ ഈ ക്രൈസ്തവ വേട്ട ദശ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ട്രംപ് ഭരണകൂടവുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നത് ഒഴിവാക്കാൻ നൈജീരിയ
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ആക്രമണങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വ്യാപ്തിയും ആവൃത്തിയും നൈജീരിയൻ സർക്കാരിനു മേൽ സമ്മർദ്ദം വർധിക്കുന്നതിന് ഇടയാക്കി. കാരണം ട്രംപ് ഭരണകൂടവുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നത് ഒഴിവാക്കാൻ അവർ ശ്രമിക്കുകയാണ് ഇപ്പോൾ. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി(സിപിസി) തരം തിരിച്ചിട്ടുണ്ട്.
.