ഡോണൾഡ് ട്രംപ് പ്രസ് സെക്രട്ടറി കെരോലിനൊപ്പം
വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെരോലിൻ ലീവിറ്റിന്‍റെ സൗന്ദര്യത്തെ പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പെനിസിൽവാനിയയിലെ റാലിയിൽ അഡ്മിനിസ്ട്രേഷന്‍റെ സാമ്പത്തിക വിജയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് 79 വയസുള്ള ട്രംപ് 28കാരിയായ പ്രസ് സെക്രട്ടറിയുടെ മുഖത്തെയും ചുണ്ടുകളെയും പുകഴ്ത്തിയത്.
കെരോലിനെ സൂപ്പർസ്റ്റാർ എന്നാണ് ട്രംപ് പരിചയപ്പെടുത്തിയത്. നിങ്ങൾക്കറിയാമോ അവളെപ്പോൾ ടെലിവിഷനിൽ പോയാലും അതിൽ അധീശത്വം നേടും.
ആ ഭംഗിയുള്ള മുഖവും ചെറിയ മെഷീൻ ഗൺ പോലുള്ള ചുണ്ടുകളും എന്നാണ് ട്രംപ് പറഞ്ഞത്. അവൾക്കു യാതൊരു ഭയവുമില്ല. കാരണം നമ്മുടേത് ശരിയായ നയമാണ്. സ്ത്രീകളുടെ കായികമേഖലയിൽ നമുക്ക് പുരുഷന്മാരില്ല. നമുക്ക് ട്രാൻസ്ജൻഡേഴ്സിനെ വിൽപ്പന നടത്തേണ്ടതുമില്ല, അതു മാത്രമല്ല നമുക്ക് തുറന്ന അതിർത്തികൾ വിൽപ്പനയ്ക്ക് വയ്ക്കേണ്ടതുമില്ല, അതു കൊണ്ട് അവളുടെ ജോലി കുറച്ച് എളുപ്പമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഓഗസ്റ്റിൽ ന്യൂസ് മാക്സിന് നൽകിയ അഭിമുഖത്തിലും ട്രംപ് ഇതേ രീതിയിലുള്ള പരാമർശം നടത്തിയിരുന്നു. ആ മുഖം, ആ തലച്ചോർ, ആ ചുണ്ടുകൾ, അവ ചലിക്കുന്ന രീതി, അവളൊരു മെഷീൻ ഗൺ ആണെന്ന പോലെയാണ് ചുണ്ടുകൾ ചലിക്കുന്നതെന്നാണ് ട്രംപ് മുൻപ് പറഞ്ഞത്.