തുലെ എയർബേസ് എന്നറിയപ്പെട്ടിരുന്ന ,ഇപ്പോൾ യുഎസിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ലാന്‍ഡിന്‍റെ പിറ്റുഫിക് സ്പേസ് ബേസ്  

 

file photo

World

ഗ്രീൻലാൻഡ് ‘വിൽപ്പനയ്ക്കില്ല’

ട്രംപിന്‍റെ ആധിപത്യ നീക്കത്തിനെതിരെ ഡെന്മാർക്കും യൂറോപ്യൻ സഖ്യകക്ഷികളും

Reena Varghese

പാരീസ്: വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം ഉറപ്പിക്കാനായി ഗ്രീൻലാൻഡ് സ്വന്തമാക്കണമെന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത് പുതിയ നയതന്ത്ര പോരിന് കാരണമാകുന്നു. ഡെന്മാർക്കിന്‍റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നായിരുന്നു ട്രംപിന്‍റെ വാദം.

മുമ്പ് തുലെ എയർബേസ് എന്നറിയപ്പെട്ടിരുന്ന ഗ്രീന്‍ലാന്‍ഡിന്‍റെ പിറ്റുഫിക് സ്പേസ് ബേസ് ഇപ്പോൾ യുഎസിന്‍റെ ഉടമസ്ഥതയിലാണ്. ഇത് ഇന്ന് ഒരു വലിയ യുഎസ് ബഹിരാകാശ സൗകര്യത്തിന്‍റെ ആസ്ഥാനമാണ്. തന്നെയല്ല, അമെരിക്കയിൽ നിന്നു യൂറോപ്പിലേയ്ക്കുള്ള ഏറ്റവും ചെറിയ റൂട്ടുമാണ് ഇത്. ഈ തന്ത്രപ്രധാന സാഹചര്യങ്ങളാണ് ഗ്രീൻലാന്‍ഡ് സ്വന്തമാക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്.

എന്നാൽ, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ഇത്തരം ഭീഷണികൾ അവസാനിപ്പിക്കണമെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ ശക്തമായി തിരിച്ചടിച്ചു. "ചരിത്രപരമായ സഖ്യകക്ഷിയായ ഒരു രാജ്യത്തിനെതിരെയും അവിടുത്തെ ജനതയ്ക്കെതിരെയും ഭീഷണി മുഴക്കുന്നത് അമേരിക്ക അവസാനിപ്പിക്കണം,” എന്ന് ഫ്രെഡറിക്സൻ വ്യക്തമാക്കി.

റഷ്യയുടെയും ചൈനയുടെയും കപ്പലുകൾ മേഖലയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന് ഒറ്റയ്ക്ക് ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്നാണ് ട്രംപിന്‍റെ ആരോപണം. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഡെന്മാർക്കിന് പിന്തുണ പ്രഖ്യാപിച്ചു.

ഗ്രീൻലാൻഡിന്‍റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാർക്കുമാണെന്നും മറ്റൊരു രാജ്യത്തിനും അതിൽ അവകാശമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അതിർത്തികൾ ബലപ്രയോഗത്തിലൂടെ മാറ്റാൻ കഴിയില്ലെന്ന് ജർമ്മൻ സർക്കാർ വക്താവ് വ്യക്തമാക്കി. അതിർത്തികൾ മാറ്റാൻ ആർക്കും അനുവാദമില്ല. ഗ്രീൻലാൻഡ് അവിടുത്തെ ജനതയുടെയും ഡെന്മാർക്കിന്‍റേതുമാണെന്ന് ഫ്രഞ്ച് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നും ഈ വിഷയത്തിൽ ഡെന്മാർക്കിന് പൂർണ്ണ പിന്തുണ നൽകുമെന്നും യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. മഡുറോയുടെ അറസ്റ്റിന് പിന്നാലെ ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകൾ ആഗോള തലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗ്രീൻലാൻഡിന്‍റെ തന്ത്രപ്രധാനമായ സ്ഥാനവും അവിടെയുള്ള അപൂർവ്വ ധാതുശേഖരവുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം; 15 സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്

മുഖ്യമന്ത്രിക്കെതിരേ ദീപിക ദിനപത്രം; ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന വാദം തെറ്റ്

തൃശൂരിൽ വാഹനാപകടം; ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ക്രൂര പീഡനം; ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 7 വയസുകാരി ഉൾപ്പെടെ 4 പേർ മരിച്ചു