യുഎസ്-ഇറാൻ ചർച്ചകളിൽ ലെബനൻ ഉൾപ്പെടുമെന്നത് അപകടകരമായ അനുമാനം:നെതന്യാഹു
ബെയ്റൂട്ട്: അമെരിക്കയും ഇറാനും തമ്മിൽ പുരോഗമിക്കുന്ന പുതിയ വെടിനിർത്തൽ ചർച്ചകളിൽ തങ്ങൾ ഭാഗമല്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ കരാറിന്‍റെ ആനുകൂല്യം ലെബനനു ലഭിക്കുമെന്നു കരുതുന്നത് അതീവ അപകടകരമെന്ന് രാഷ്ട്രീയ നിരീക്ഷകർ. മേഖലയിൽ യുഎസ്-ഇറാൻ കരാർ നടപ്പിലായാൽ പോലും ലെബനനിലെ ഹിസ്ബുള്ളയ്ക്കും ജനങ്ങൾക്കും നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് അറുതിയാകില്ലെന്ന ആശങ്കയാണ് ശക്തമാകുന്നത്.
കഴിഞ്ഞ ഏപ്രിൽ എട്ടിന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ കരാറിന്‍റെ സമയത്തും സമാനമായ അബദ്ധം സംഭവിച്ചിരുന്നു. അന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ലെബനനും ഈ കരാറിന്‍റെ ഭാഗമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു തൊട്ടു പിന്നാലെ രാജ്യം കണ്ടത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾ ആയിരുന്നു. വെറും പത്തു മിനിറ്റിനുള്ളിൽ നൂറോളം വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ ലെബനന് നേരെ നടത്തിയത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റും മാരകമായ ദിവസമായിരുന്നു അത്.
നിലവിലെ ചർച്ചകളിൽ ലെബനനെ ഉൾപ്പെടുത്തിയതിനെ കുറിച്ച് യാതൊരു വിധ ഔദ്യോഗിക പ്രഖ്യാപനങ്ങളോ എഴുതപ്പെട്ട രേഖകളോ മാധ്യമ ചർച്ചകളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളും കരാറിന്‍റെ പരിരക്ഷയിൽ ആണെന്ന് ലെബനനൻ ജനത കരുതുന്നത് വൻ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകും.
അമെരിക്കയുമായി ഇറാൻ നടത്തുന്ന ചർച്ചകളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും തങ്ങളുടെ അതിർത്തികളുടെ സുരക്ഷ മുൻനിർത്തി പ്രോക്സി ഗ്രൂപ്പുകൾക്കെതിരേയുള്ള സൈനിക നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കുന്നത്.
ഇറാന്‍റെ പണം മരവിപ്പിച്ചത് മാറ്റുന്നതിനെതിരേയും മിസൈൽ ശേഷി പരിമിതപ്പെടുത്താത്ത കരാറുകൾക്കെതിരേയുംട്രംപ് ഭരണകൂടത്തിനുമേൽ ഇസ്രയേൽ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്.
ഋഹോർമൂസ് കടലിടുക്ക് തുറക്കുന്നതും ആണവ പദ്ധതികൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് വാഷിങ്ടണും ടെഹ്റാനും തമ്മിൽ ധാരണകളിൽ എത്തിയാൽ പോലും ലെബനനിലെയും സിറിയയിലെയും ഇസ്രയേൽ ആക്രമണങ്ങൾക്ക് ഉടനടി ശമനമുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ യുദ്ധാന്തരീക്ഷം സൂചിപ്പിക്കുന്നത്.