ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷം

 
World

ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷം

ട്രംപുമായുള്ള നയതന്ത്ര നീക്കത്തിനു തടസം ഇറാനിലെ അതി തീവ്ര വിഭാഗം

Reena Varghese

ടെഹ്റാൻ: വാഷിങ്ടണുമായി ഇറാൻ ഭരണകൂടം നടത്തുന്ന സമാധാന ചർച്ചകളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ഇറാനിലെ അതിതീവ്ര നിലപാടുകാരായ ഒരു ചെറിയ വിഭാഗം ശക്തമായ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ളിൽ ഭരണപരമായ ഭിന്നതകൾ ഉണ്ടെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദങ്ങൾക്ക് ബലം നൽകുന്നതാണ് ഈ വിഭാഗത്തിന്‍റെ പുതിയ ഇടപെടലുകൾ.

2015 ലെ ആണവ കരാർ ഒരു വലിയ തെറ്റായിരുന്നു എന്ന കാര്യത്തിൽ ഇവർക്ക് ട്രംപിന്‍റെ അതേ അഭിപ്രായമാണ്. എന്നാൽ അതിന് ഇവർ നിരത്തുന്ന കാരണങ്ങൾ തികച്ചും വ്യത്യസ്തമാണ്. പാശ്ചാത്യ രാജ്യങ്ങളോടുള്ള ഇവരുടെ കടുത്ത ശത്രുത ഇറാനിലെ മറ്റു യാഥാസ്ഥിതിക വിഭാഗങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതാണ്.

രാജ്യം അതിന്‍റെ നിലനിൽപ്പിനു തന്നെ ഭീഷണിയായ ഒരു പ്രതിസന്ധി നേരിടുമ്പോൾ ഐക്യം പ്രകടിപ്പിക്കാൻ പുതിയ ഇറാനിയൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഈ അതിതീവ്ര വിഭാഗം അതിനെതിരേ ശക്തമായി രംഗത്തുണ്ട്. മാധ്യമങ്ങളിലൂടെയും പാർലമെന്‍റിലൂടെയും തെരുവുകളിലൂടെയും ഇവർ അമെരിക്കയുമായുള്ള കരാറിനെ എതിർക്കുന്നു.

വാഷിങ്ടണിനെ പരാജയപ്പെടുത്തിയാൽ മാത്രമേ ഇറാന് അനുകൂലമായ ഒരു കരാർ സാധ്യമാകൂ എന്നാണ് ഇവരുടെ വാദം. ‘ജെബ്ഹെ-യേ പൈദാരി’ അഥവാ "എൻഡുറൻസ് ഫ്രണ്ട്' എന്നറിയപ്പെടുന്ന ഈ വിഭാഗത്തെ ‘സൂപ്പർ വിപ്ലവകാരികൾ’ എന്നാണ് നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന്‍റെ മൂല്യങ്ങളുടെ സംരക്ഷകരായാണ് ഇവർ സ്വയം അടയാളപ്പെടുത്തുന്നത്. യുദ്ധത്തിന്‍റെ ആദ്യ ദിനം കൊല്ലപ്പെട്ട മുൻ പരമാധികാരി അലി ഖമനേയിയ്ക്ക് ശേഷമുള്ള ഇറാന്‍റെ രാഷ്ട്രീയത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൈദാരി ഗ്രൂപ്പിന്‍റെ ഈ നീക്കങ്ങളെ വിദഗ്ധർ കാണുന്നത്.

ഒരു വശത്ത് ട്രംപുമായുള്ള ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകാനും മറുവശത്ത് പൈദാരി ഉൾപ്പടെയുള്ള ആഭ്യന്തര ശക്തികളെ അനുനയിപ്പിക്കാനും ഇറാൻ അധികൃതർ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇക്കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ വച്ചു നടന്ന ചർച്ചകളിൽ ഈ വിഭാഗത്തെയും ഉൾപ്പെടുത്തിയത് ഇറാനിൽ ഐക്യമുണ്ടെന്നു കാണിക്കാനായിരുന്നു. എന്നാൽ ഖമനേയി സർക്കാരിന്‍റെ ആ ശ്രമം ഫലവത്തായില്ലെന്നാണ് സൂചനകൾ.

ഹോംഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെ പൂട്ടി സൺറൈസേഴ്സ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്