എണ്ണ വില കുറഞ്ഞാലും പെട്രോൾ പമ്പുകളിൽ വില കുറയാൻ സമയമെടുക്കും

 
World

യുദ്ധം അവസാനിച്ചാലും ഇന്ധന-വിമാനയാത്രക്കൂലി-ഭക്ഷ്യവില വർധനവ് എന്നിവ ഉടൻ കുറയില്ലെന്നു സൂചന

എണ്ണ വില കുറഞ്ഞാലും പെട്രോൾ പമ്പുകളിൽ വില കുറയാൻ സമയമെടുക്കും

Reena Varghese

വാഷിങ്ടൺ: യുഎസ്-ഇറാൻ യുദ്ധം അവസാനിച്ചാലും ഇന്ധന വിലയിലുണ്ടായ വർധനവും വിമാനയാത്രക്കൂലിയിലും ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ഉണ്ടായ വർധനവും ഉടൻ കുറയില്ലെന്നു സൂചന. ഇതു സംബന്ധിച്ച് വിദഗ്ധ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

ഇറാൻ-യുഎസ് യുദ്ധം അവസാനിക്കുന്നു എന്ന വാർത്തയ്ക്കു പിന്നാലെ പെട്രോൾ, ഭക്ഷ്യ വസ്തുക്കൾ, വിമാന ടിക്കറ്റുകൾ തുടങ്ങിയവയുടെ വില എപ്പോൾ കുറയുമെന്നതാണ് ലോകം ഉയർത്തുന്ന ചോദ്യം. എന്നാൽ അതിന് ഉടൻ ആശ്വാസം ലഭിക്കില്ലെന്നതാണ് കടുത്ത യാഥാർഥ്യം. സാമ്പത്തിക വിദഗ്ധരും വ്യവസായ നിരീക്ഷകരും ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു.

യുദ്ധകാലത്ത് ഹോർമൂസ് കടലിടുക്ക് മേഖലയിലെ സംഘർഷം അസംസ്കൃത എണ്ണയുടെ മാത്രമല്ല, വളം-ഭക്ഷ്യവസ്തുക്കൾ-ചെരുപ്പുകൾ തുടങ്ങിയവയുടെ ആഗോള വിതരണ ശൃംഖലകളെയും സാരമായി ബാധിച്ചു. അതിനാൽ വ്യാപാര സ്ഥാപനങ്ങൾ നേരിടുന്ന വർധിച്ച ചെലവുകൾ കുറയാൻ സമയം വേണ്ടി വരുമെന്നും അതിന്‍റെ ഭാരം ഉപഭോക്താക്കൾക്കും കുറച്ചു കാലം കൂടി അനുഭവിക്കേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു.

യുദ്ധം അവസാനിക്കുന്നു എന്ന വാർത്തയ്ക്കു പിന്നാലെ യുഎസ് ബെഞ്ച്മാർക്ക് അസംസ്കൃത എണ്ണയുടെ വില ബാരലിന് ഏകദേശം 80 ഡോളറായി താഴ്ന്നു. യുദ്ധത്തിനു മുമ്പ് ഇത് 67 ഡോളറായിരുന്നു. എന്നാൽ യുദ്ധകാലത്ത് ഒരു ഘട്ടത്തിൽ 120 ഡോളറിന് മുകളിലും എത്തിയിരുന്നു. അപ്പോഴും റിഫൈനറികൾ സാധാരണയായി ഒരു മാസം മുൻകൂട്ടിയാണ് എണ്ണ വാങ്ങുന്നത്. അതു കൊണ്ടു തന്നെ എണ്ണ വില കുറഞ്ഞാലും പെട്രോൾ പമ്പുകളിൽ വില കുറയാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കും.

മൈക്കിൾ ലഞ്ച് എന്ന അമെരിക്കൻ സാമ്പത്തിക വിദഗ്ധൻ പറയുന്നത് അസംസ്കൃത എണ്ണ ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നതു വരെ മുഴുവൻ വിതരണശൃംഖലയും കടന്നു പോകേണ്ടതിനാൽ പെട്രോൾ വിലകൾ പതുക്കെയാണ് കുറയാറുള്ളത് എന്നാണ്. വിമാനക്കമ്പനികൾ ഇന്ധനം മുൻകൂട്ടി വാങ്ങുകയും യാത്രാ ഷെഡ്യൂളുകൾ ക്രമേണ ക്രമീകരിക്കുകയും ചെയ്യുന്നതിനാൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉടൻ കുറയില്ല. ഈ വേനൽക്കാലത്ത് വിമാനയാത്രാ ചെലവ് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബ്രൈറ്റ് ഹൗസ് എന്ന സാമ്പത്തിക വിദഗ്ധൻ വിലയിരുത്തുന്നു.

ഇന്ധനച്ചെലവ് ഭക്ഷ്യോൽപന്നങ്ങളുടെ ആകെ വിലയുടെ പതിനഞ്ചു മുതൽ മുപ്പതു ശതമാനം വരെ വർധനയ്ക്ക് കാരണമായെന്നാണ് മറ്റൊരു വിദഗ്ധ നിരീക്ഷണം. ഒരിക്കൽ ഭക്ഷ്യ വില ഉയർന്നാൽ അത് പഴയ നിലയിലേയ്ക്ക് വരാൻ ഏറെ സമയമെടുക്കുമെന്നും അതിനാൽ വരാനിരിക്കുന്ന മാസങ്ങളിലും ലോകമാസകലം ഭക്ഷ്യ വിലയിൽ പണപ്പെരുപ്പ സമ്മർദ്ദം തുടരാനുമാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ