ഇറാൻ-യുഎസ് മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

 
World

ഇറാൻ-യുഎസ് മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

ഹോർമൂസിൽ ധാരണയിലെത്താൻ സാധിക്കുമെന്നു പ്രതീക്ഷ

Reena Varghese

ദോഹ: മേഖലയിൽ സംഘർഷം ലഘൂകരിക്കാനും ചർച്ചകൾ തുടരാനുമാണ് ഖത്തർ നിരന്തരം ആവശ്യപ്പെടുന്നതെന്ന് പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി അറിയിച്ചു. വിഷയത്തിൽ ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ ഇരു വിഭാഗങ്ങളും തമ്മിൽ നിർണായക ധാരണയിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഇരു വിഭാഗവും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെങ്കിലും മധ്യസ്ഥർ വഴി ആശയ വിനിമയം സജീവമായി തുടരുന്നുണ്ടെന്ന് അൽ-അൻസാരി സ്ഥിരീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചത് മുതൽ സംഭവിച്ചതുപോലെ തന്നെ കരാറുകളുടെ കരട് രേഖകൾ പരസ്പരം കൈമാറി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ആകെ എണ്ണ, വാതക വിതരണത്തിന്‍റെ 20 ശതമാനത്തോളം കടന്നു പോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെ മുൻപത്തെപ്പോലെ തടസമില്ലാത്ത നാവിക സ്വാതന്ത്ര്യം പുന: സ്ഥാപിക്കപ്പെടണമെന്നാണ് ഖത്തറിന്‍റെ വ്യക്തമായ നിലപാട്. നിലവിൽ പ്രതിദിനം വിരലിൽ എണ്ണാവുന്ന കപ്പലുകൾ മാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്.

കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളിൽ നിന്നു പ്രത്യേക ടോൾ ഈടാക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അമെരിക്ക. ഈ വിഷയം മേഖലയിലെ രാജ്യങ്ങൾ തന്നെ ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് ഖത്തർ വിശ്വസിക്കുന്നതെന്നും അൽ-അൻസാരി കൂട്ടിച്ചേർത്തു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി