പാക് അധീന കശ്മീരിലെ സംഘർഷബാധിത പ്രദേശത്ത് പൊലീസ് വാഹനങ്ങൾ നിരത്തിയിട്ടിരിക്കുന്നു.
മുസാഫറാബാദ്: പാക്കിസ്ഥാൻ അധീന കശ്മീരിൽ (PoK) ജനകീയ പ്രതിഷേധത്തിനു നേരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പിലും കടുത്ത ഏറ്റുമുട്ടലിലും വൻ ദുരന്തം. സിവിൽ സൊസൈറ്റി കൂട്ടായ്മയായ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾക്കു നേരെ സുരക്ഷാസേന വെടിയുതിർത്തപ്പോൾ മുപ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ അവഗണനകൾക്കെതിരേ സമരം നയിച്ചിരുന്ന ജെഎഎസിയെ പാക് ഭരണകൂടം തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതിനു പിന്നാലെയാണ് സ്ഥിതിഗതികൾ കൈവിട്ടുപോയത്. കഴിഞ്ഞ ആഴ്ചയാണ് പൊതുജനസുരക്ഷ മുൻനിർത്തിയെന്ന വിശദീകരണത്തോടെ ജെഎഎസിക്ക് ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പ്രാദേശിക വ്യാപാരി വെടിയേറ്റു മരിച്ചതോടെയാണ് റാവലാകോട്ട് നഗരത്തിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്കു മുന്നിൽ നൂറുകണക്കിന് ജെഎഎസി പ്രവർത്തകർ തടിച്ചുകൂടിയതായി റാവലാകോട്ടിലെ ഉയർന്ന സിവിൽ ഉദ്യോഗസ്ഥനായ കമ്മിഷണർ സർദാർ വഹീദ് ഖാൻ പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന ശ്രമിച്ചതോടെ സംഘർഷം രൂക്ഷമാകുകയും, പ്രതിഷേധക്കാർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് സേനയെ ആക്രമിക്കുകയുമായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു.
സുരക്ഷാസേന തിരിച്ചു വെടിവച്ചതോടെ ആറ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും കമ്മിഷണർ സ്ഥിരീകരിച്ചു. എന്നാൽ ഔദ്യോഗിക കണക്കുകൾ പൂർണമായും തള്ളിക്കൊണ്ട് പ്രാദേശിക നിവാസികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാസേനയുടെ ക്രൂരമായ വെടിവയ്പ്പിൽ മരിച്ച സാധാരണക്കാരുടെ എണ്ണം മുപ്പതിലധികം വരുമെന്നാണ് തദ്ദേശവാസികൾ വ്യക്തമാക്കുന്നത്.
മേഖലയിലെ ലെജിസ്ലേറ്റീവ് ബോഡിയിലേക്ക് ജൂലൈ 27-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കങ്ങൾ ഉടലെടുത്തത്. ആകെ ഒഴിവുള്ള 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവയ്ക്കാനുള്ള ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരേ തിങ്കളാഴ്ച വലിയൊരു പ്രതിഷേധ മാർച്ചിന് ജെഎഎസി ആഹ്വാനം ചെയ്തിരുന്നു. ഇതിനു തൊട്ടുമുൻപാണ് വെടിവയ്പ്പുണ്ടായത്.
സീറ്റ് സംവരണത്തിന് പുറമെ, മേഖലയിലെ കടുത്ത വൈദ്യുതി ക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭവ ചൂഷണം, രാഷ്ട്രീയമായ പാർശ്വവത്കരണം എന്നിവയ്ക്കെതിരേയും ദീർഘകാലമായി ജനങ്ങൾ സമരത്തിലായിരുന്നു. മുൻപുണ്ടായ അക്രമ സംഭവങ്ങൾ മുൻനിർത്തി പ്രദേശത്ത് ഇന്‍റർനെറ്റ് പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. തങ്ങളെ 'തീവ്രവാദ' ഗ്രൂപ്പായി പ്രഖ്യാപിച്ച ഭരണകൂട നടപടി കടുത്ത പീഡനമാണെന്നും, തങ്ങൾ നിയമാനുസൃതമായ സാമ്പത്തിക, രാഷ്ട്രീയ അവകാശങ്ങൾക്കു വേണ്ടിയാണ് പോരാടുന്നതെന്നും ജെഎഎസി ഭാരവാഹികൾ പറഞ്ഞു.
അവാമി ആക്ഷൻ കമ്മിറ്റിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ച പ്രാദേശിക ഭരണകൂടത്തിന്‍റെ നടപടിയിൽ പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ (HRCP) കടുത്ത ആശങ്ക രേഖപ്പെടുത്തി. സാധാരണക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വൻതോതിൽ ബലപ്രയോഗം നടത്തിയതിനെയും ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെടുത്തിയതിനെയും കമ്മിഷൻ അപലപിച്ചു.
"പ്രശ്നപരിഹാരത്തിന് ചർച്ചകൾ അത്യാവശ്യമാണ്. എന്നാൽ പ്രാദേശിക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് നടത്തുന്ന ചർച്ചകൾ അർഥശൂന്യമാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം, അവരുടെ പരാതികൾ സുതാര്യമായി പരിഹരിക്കണം"- മനുഷ്യാവകാശ കമ്മിഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ ജനങ്ങളുടെ മൌലികാവകാശങ്ങളെ മാനിക്കാനും ചർച്ചകൾക്ക് തയാറാകാനും ഫെഡറൽ ഗവൺമെന്‍റിനോടും പ്രാദേശിക ഭരണകൂടത്തോടും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനായി ഉടൻ തന്നെ ഒരു വസ്തുതാന്വേഷണ സംഘത്തെ (Fact-finding mission) മേഖലയിലേക്ക് അയക്കുമെന്നും എച്ച്ആർസിപി അറിയിച്ചു.