23 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി; വയറു കീറി കർഷകനെ പുറത്തെടുത്ത് നാട്ടുകാർ
സുലവേസി: ഇന്തോനേഷ്യയിൽ നിന്ന് കാണാതായ കർഷകന്‍റെ ശരീരം പെരുമ്പാമ്പിന്‍റെ വയറ്റിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്തോനേഷ്യയിലെ സൗത്ത് ബട്ടൺ ജില്ലയിലാണ് സംഭവം. തോട്ടത്തിൽ ജോലിക്കു പോയ 63കാരനായ കർഷകനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കർഷകനെ കാണാതായത്. വീട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന ആരംഭിച്ചത്. നാട്ടുകാർ തോട്ടത്തിലെത്തിയപ്പോൾ കർഷകന്‍റെ വാഹനം സമീപത്തായി കണ്ടെത്തി. തോട്ടത്തിലെ കുടിലിനരികിൽ തന്നെയായി 23 അടി നീളമുള്ള പാമ്പിനെയും കണ്ടെത്തിയെന്ന് പ്രാദേശിക ദുരിതാശ്വാസ മാനേജ്മെന്‍റ് ഏജന്‍സി എമർജൻസി തലവൻ ലാവോഡ് റിസാവൽ പറയുന്നു.
ഇഴയാനോ അനങ്ങാനോ ആകാതെ ബുദ്ധിമുട്ടുന്ന പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നിയ നാട്ടുകാർ തല്ലിക്കൊന്ന് വയർ കീറി നോക്കിയപ്പോഴാണ് കർഷകന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിന്നീട് വീട്ടിലെത്തിച്ചു. ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നതെന്ന് റിസാവൽ പറയുന്നു.
2017ൽ സാലുബിറോ ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് 25 വയസുള്ള കർഷകനെ 7 മീറ്റർ നീളമുള്ള പെരുമ്പാമ്പാണ് വിഴുങ്ങിയത്. നാട്ടുകാർ പാമ്പിനെ കൊന്ന് വയറു കീറിയാണ് അന്നും കർഷകന്‍റെ മൃതദേഹം തിരിച്ചെടുത്തത്. ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും കണ്ടു വരുന്ന ഈ ഇനം പെരുമ്പാമ്പുകൾ സാധാരണയായി 20 അടി വരെ നീളം വയ്ക്കും. കന്നുകാലികളെയും ചെറുമൃഗങ്ങളെയും ആക്രമിക്കാറുണ്ടെങ്കിലും ഇവ മനുഷ്യരെ വിഴുങ്ങുന്നത് അപൂർവമായാണ്.