ക്യാൻസർ കണ്ടെത്താം രക്ത പരിശോധനയിലൂടെ
symbolic
തലയിലും കഴുത്തിലും ഉണ്ടാകുന്ന ക്യാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു പത്തു വർഷം മുന്നേ കണ്ടെത്താൻ കഴിയുന്ന ഒരു പുതിയ രക്ത പരിശോധന വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു പറ്റം അമെരിക്കൻ ശാസ്ത്രജ്ഞർ. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇത് ജേർണൽ ഒഫ് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ചു. ഈ പരിശോധനയിലൂടെ ക്യാൻസർ നേരത്തെ കണ്ടെത്തുന്നത് രോഗികൾക്ക് വേഗത്തിൽ ചികിത്സ ആരംഭിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ, തലയിലും കഴുത്തിലും ഉണ്ടാകുന്ന ക്യാൻസറുകൾ പലപ്പോഴും ട്യൂമറുകൾ വൻ തോതിൽ വളർന്ന് ലിംഫ് നോഡുകളിലേയ്ക്ക് വ്യാപിക്കുന്ന ഘട്ടത്തിലാണ് രോഗനിർണയം നടത്തപ്പെടുന്നത്. യുഎസിൽ ഇത്തരം ക്യാൻസറുകളിൽ 70 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. ഇത് അതിസാധാരണമായ ക്യാൻസറുകളിൽ ഒന്നാണ്. എന്നാൽ ഇത്തരം ക്യാൻസറുകൾക്കായി ഫലപ്രദമായ ഒരു സ്ക്രീനിങ് പരിശോധന ഇതു വരെ ലഭ്യമായിരുന്നില്ല. പുതിയ രക്ത പരിശോധന ഇതിന് ഒരു പരിഹാരം ആകുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.