സെലൻസ്കി അമെരിക്കയുമായി കൂടിക്കാഴ്ച നടത്തും
file photo
ഇസ്താംബുൾ: ഏറെക്കാലമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ചർച്ചകൾ സജീവമാക്കി യുക്രെയ്ൻ. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി നവംബർ 20 ന് അമെരിക്കൻ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
റഷ്യ-യുക്രെയ്ൻ വെടിനിർത്തലിനുള്ള കരാറുകൾ സംബന്ധിച്ച് അമെരിക്കയുമായി ചർച്ച നടക്കുന്നതായ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്‍റ് സെലൻസ്കി യുഎസ് സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്‍റ് എർദൊഗാനുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് സെലൻസ്കി തുർക്കിയിലെത്തിയത്. വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും സമാധാനം കൈവരിക്കുന്നതിനുള്ള വഴികൾ എർദൊഗാനുമായി ചർച്ച ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാൻ അവശ്യമായതെല്ലാം ചെയ്യുകയെന്നതാണ് യുക്രെയ്ന്‍റെ പ്രഥമ പരിഗണനയെന്നും സെലൻസ്കി വ്യക്തമാക്കി.