ഗാസ സമാധാന കരാറിനെതിരായ പ്രക്ഷോഭം; പാക്കിസ്ഥാനിൽ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ലാഹോറിൽ പഞ്ചാബ് പൊലീസ് നടത്തിയ വെടിവെപ്പിൽ തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) ന്‍റെ 11 പ്രവർത്തകർ കൊല്ലപ്പെട്ടതായി ടിഎൽപി മേധാവി സാദ് റിസ്വി ആരോപിച്ചു. ഡസൻ കണക്കിന് പ്രവർത്തകർക്ക് പരുക്കേറ്റതായും ഇവർക്ക് സർക്കാർ വൈദ്യസഹായം നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു.
ആരുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത്? എന്ന് പൊലീസിനോട് റിസ്വി ചോദിച്ചു.
ഗാസ സമാധാന കരാറിനെതിരേ തെഹ്രീകെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) നടത്തിയ പ്രക്ഷോഭത്തിനിടെയാണ് പൊലീസ് വെടിയുതിർത്തത്. സംഘർഷം ശക്തമായതോടെ പഞ്ചാബ് പൊലീസ് ടിഎൽപി മേധാവി സാദ് റിസ്വിയുടെ വീട് റെയ്ഡ് ചെയ്യുകയും ഭാര്യയെയും അമ്മയെയും കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രധാന ഗതാഗത, ആശയവിനിമയ സംവിധാനങ്ങളും ലാഹോർ, റാവൽപിണ്ടി, ഇസ്ലാമാബാദ്, പഞ്ചാബിലുടനീളമുള്ള മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.