ഇല്യ റെമെസ്‌ലോ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെയും യുക്രെയ്‌നിലെ അദ്ദേഹത്തിന്‍റെ സൈനിക നടപടിയെയും വിമര്‍ശിച്ച റഷ്യന്‍ ആക്റ്റിവിസ്റ്റും വ്‌ളോഗറും 42കാരനുമായ ഇല്യ റെമെസ്‌ലോയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
'ഈ ശരത്കാലത്ത് പുടിനെ വിലങ്ങണിയിച്ച് കൊണ്ടുപോകും' എന്നും' പുടിന് കാര്യങ്ങള്‍ അതിവേഗം മോശമായിക്കൊണ്ടിരിക്കുകയാണ് 'എന്നും റെമെസ്‌ലോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് റെമെസ്‌ലോയുടെ അറസ്റ്റ് നടന്നത്.
റഷ്യന്‍ സൈന്യത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് റെമെസ്‌ലോയ്‌ക്കെതിരേയുള്ളത്. ഈ കുറ്റത്തിന് പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. പുടിനെ ആദ്യം പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു ഇല്യ റെമെസ്‌ലോ. എന്നാല്‍ പിന്നീട് കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു. പുടിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് മാര്‍ച്ച് മാസത്തില്‍ ഇല്യ റെമെസ്‌ലോ ഒരു പ്രകടനപത്രിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് റഷ്യയില്‍ പലരെയും ഞെട്ടിച്ച സംഭവമായിരുന്നു.
'വ്‌ളാഡിമിര്‍ പുടിനെ പിന്തുണയ്ക്കുന്നത് ഞാന്‍ അവസാനിപ്പിച്ചതിനുള്ള അഞ്ച് കാരണങ്ങള്‍' എന്ന തലക്കെട്ടില്‍ നവമാധ്യമമായ ടെലിഗ്രാമില്‍ ഒരു കുറിപ്പ് റെമെസ്‌ലോ പ്രസിദ്ധീകരിച്ചിരുന്നു. അത് വൈറലാവുകയും ചെയ്തു. ഇത് പുടിനെ പ്രകോപിപ്പിച്ച ഘടകമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് റഷ്യയില്‍. അധികാരത്തില്‍ ഏതാണ്ട് പൂര്‍ണമായ നിയന്ത്രണം പുടിനുണ്ടെങ്കിലും അദ്ദേഹവും പ്രബലമായ 'യുണൈറ്റഡ് റഷ്യ' പാര്‍ട്ടിയും സമ്മര്‍ദ്ദത്തിലാണ്. സാമ്പത്തിക മാന്ദ്യവും, എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള യുക്രേനിയന്‍ ആക്രമണങ്ങള്‍ മൂലം ഉണ്ടായ ഇന്ധനക്ഷാമവും റഷ്യയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
റഷ്യയില്‍ പുടിന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന അലക്‌സി നവല്‍നിക്കെതിരേ ക്രെംലിന്‍ നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളെയും നവല്‍നിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെയും വര്‍ഷങ്ങളോളം റെമെസ്‌ലോ പിന്തുണച്ചിരുന്നു. കോടതിയില്‍ നവല്‍നിക്കെതിരെ മൊഴി നല്‍കിയ റെമെസ്‌ലോ നവല്‍നിയെ ജയിലിലാക്കുന്നതിനും പുടിനെ സഹായിച്ചിരുന്നു. 2024ല്‍ ആര്‍ട്ടിക് മേഖലയില്‍ തടവറയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ നവല്‍നി കൊല്ലപ്പെടുകയായിരുന്നു.
റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള യുക്രെയ്നിന്‍റെ ആക്രമണങ്ങള്‍ രാജ്യവ്യാപകമായ ഇന്ധന പ്രതിസന്ധിക്ക് കാരണമാവുകയും, അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ പുടിന്‍റെ ജനപ്രീതിയില്‍ സമീപകാലത്ത് വന്‍ ഇടിവാണ് ഉണ്ടായത്.