സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

 
World

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

ഒരു ലൈസന്‍സുള്ള വ്യക്തിക്ക് കൈവശം സൂക്ഷിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും.

MV Desk

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസ് തോക്ക് നിയമങ്ങള്‍ ശക്തമാക്കാനും തോക്ക് രജിസ്റ്റര്‍ കൊണ്ടുവരാനും തീരുമാനിച്ചു. സിഡ്‌നി ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ഹനുക്ക എന്ന ജൂത ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ 15 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണിത്.

സിഡ്‌നിയിലെ തിരക്കേറിയ ബീച്ചാണ് ബോണ്ടി ബീച്ച്. ഇവിടെ ഹനുക്ക ആഘോഷത്തിനായി ഡിസംബര്‍ 14ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ 10 വയസ്സുള്ള ഒരു പെണ്‍കുട്ടി, ഒരു ജൂത പുരോഹിതന്‍, ഹോളോകോസ്റ്റിനെ അതിജീവിച്ചയാള്‍, ഒരു ഇസ്രയേലി പൗരന്‍, ഒരു ഫ്രഞ്ച് പൗരന്‍ എന്നിവര്‍ ഉള്‍പ്പെടെ 15 പേര്‍ മരണപ്പെട്ടു. 38ഓളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ ഓസ്‌ട്രേലിയ ഭീകരാക്രമണമായിട്ടാണു വിശേഷിപ്പിച്ചത്.

വെടിവയ്പ്പ് നടത്തിയത് സാജിദ് അക്രം എന്ന 50 വയസ്സുകാരനും അയാളുടെ 24കാരനായ നവീദ് അക്രം എന്നു പേരുള്ള മകനുമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതില്‍ 50 വയസുകാരന്‍ വെടിവയ്പ്പിനിടെ കൊല്ലപ്പെട്ടു. മകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും പാക്കിസ്ഥാന്‍ വംശജരാണെന്നും റിപ്പോര്‍ട്ടുണ്ട്. തോക്ക് നിയമം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ഒരു ലൈസന്‍സുള്ള വ്യക്തിക്ക് കൈവശം സൂക്ഷിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. അതുപോലെ തോക്ക് ലൈസന്‍സുകള്‍ സ്ഥിരമായി നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്നു നിര്‍ദേശമുണ്ട്. ആളുകളുടെ മാനസികാവസ്ഥയും സാഹചര്യവും കാലക്രമേണ മാറുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. തോക്കുകളുടെ ഉടമസ്ഥാവകാശം ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളെ പിന്നിലൂടെ ചെന്ന് നിരായുധനാക്കി അന്താരാഷ്ട്ര ശ്രദ്ധ നേടിയ അഹമ്മദ് അല്‍-അഹ്‌മ്മദിനെ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് സന്ദര്‍ശിച്ചു. അഹ്‌മ്മദാണ് യഥാര്‍ഥ ജീവിതത്തിലെ ഹീറോ എന്ന് മിന്‍സ് പറഞ്ഞു. അഹ്‌മ്മദിന്‍റെ ധീരകൃത്യം നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിനു കാരണമായി തീര്‍ന്നിരുന്നു. അഹ്‌മ്മദിനെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസും പ്രശംസിച്ചു. മനുഷ്യത്വത്തിന്‍റെ ഏറ്റവും മികച്ച പ്രവൃത്തി എന്നാണ് പ്രധാനമന്ത്രി അഹ്‌മ്മദിന്‍റെ ധീരകൃത്യത്തെ വിശേഷിപ്പിച്ചത്.

ഡിസംബര്‍ 14ന് ജൂത ഹനുക്ക ആഘോഷത്തിനിടെ നടന്ന ബോണ്ടി ബീച്ച് വെടിവയ്പ്പ് ഓസ്ട്രേലിയയുടെ രഹസ്യാന്വേഷണ സംവിധാനത്തിലെ പ്രധാന വീഴ്ചകളെ തുറന്നുകാട്ടി. ആക്രമണത്തിന് പിന്നില്‍ അച്ഛനും മകനുമായിരുന്നു. ഇതില്‍ 24 കാരനായ മകന്‍ രക്ഷപ്പെട്ടു. നവീദ് എന്നാണ് മകന്‍റെ പേര്. 2019ല്‍ ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്‍റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) നവീദിനെതിരേ അന്വേഷണം നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സെല്ലുമായി അക്രത്തിന് അടുത്ത ബന്ധമുണ്ടെന്ന് എഎസ്‌ഐഒ ഡയറക്റ്റര്‍ ജനറല്‍ മൈക്ക് ബര്‍ഗസ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നവീദിനെതിരേ അന്വേഷണം ആരംഭിച്ചത്. ഇത്തരത്തില്‍ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും നവീദ് ഒരു ഭീഷണിയല്ലെന്ന് അധികാരികള്‍ കണക്കാക്കുകയും നിരീക്ഷണം അവസാനിപ്പിക്കുകയും ചെയ്തു. ആ തീരുമാനം ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിനയായി മാറുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു