പശ്ചിമേഷ്യൻ സംഘർഷം
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷ സാധ്യത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമെരിക്കൻ പൗരന്മാർക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കുവൈറ്റിലെ യുഎസ് എംബസി. മേഖലയിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്നും മുൻകൂട്ടി അറിയിപ്പുകളില്ലാത്ത സ്ഥിതിഗതികൾ വഷളാകാൻ സാധ്യതയുണ്ടെന്നും എംബസി ശനിയാഴ്ച പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കി.
മേഖലയിൽ തുടരുന്ന അസ്ഥിരത വാണിജ്യ വിമാന സർവീസുകളെ പെട്ടെന്നു ബാധിച്ചേക്കാം. വിമാനങ്ങൾ റദ്ദാക്കൽ, വ്യോമാതിർത്തി താൽക്കാലികമായി അടച്ചിടൽ , വിമാന സമയക്രമങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്കു സാധ്യതയുണ്ട്. നിലവിൽ മേഖലയിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരുമായ യുഎസ് പൗരന്മാർ കൃത്യമായ ജാഗ്രത പുലർത്തണമെന്നും യാത്രാ പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയാറായിരിക്കണമെന്നും സാഹചര്യം വഷളായാൽ പ്രദേശം വിടാൻ സന്നദ്ധരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. അടിയന്തരമല്ലാത്ത പശ്ചിമേഷ്യൻ യാത്രകൾ പുന: പരിശോധിക്കണമെന്ന് മേഖലയ്ക്കു പുറത്തുള്ള അമെരിക്കൻ പൗരന്മാരോടും എംബസി അഭ്യർഥിച്ചു.
മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷം ഗതാഗത ശൃംഖലകളെയും കോൺസുലർ സേവനങ്ങളെയും ബാധിച്ചേക്കാം. എയർപോർട്ടുകളിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് വിമാന സർവീസുകളുടെ വിവരങ്ങൾ അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.
വിദേശ രാജ്യങ്ങളിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, അമെരിക്കൻ ബന്ധമുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരേയും ഇറാനും ഇറാനു പിന്തുണ നൽകുന്ന ഗ്രൂപ്പുകളും ആക്രമണം നടത്തിയേക്കാമെന്ന് എംബസി മുന്നറിയിപ്പു നൽകി. മുൻ കാലങ്ങളിൽ രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഭാവിയിലെ സുരക്ഷയ്ക്കുള്ള ഉറപ്പായി കണക്കാക്കരുതെന്നും അധികൃതർ എടുത്തു പറഞ്ഞു.