സുഡാനിൽ തദ്ദേശീയ വംശഹത്യ
പടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ നഗരത്തിലാണ് അർധ സൈനികരായ യുദ്ധക്കുറ്റവാളികൾ തദ്ദേശീയ ജന വിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് കൊന്നൊടുക്കിയത്. കഴിഞ്ഞ 18 മാസത്തിലധികം നഗരത്തെ ശുദ്ധീകരിക്കുക(ഇസ്ലാമിക വത്കരിക്കുക) എന്ന പ്രഖ്യാപനവുമായി എൽ-ഫാഷർ മേഖലയിലെ 2,60000ത്തോളം വരുന്ന ജനങ്ങളെ ഉപരോധത്തിലാക്കിയിരിക്കുകയായിരുന്നു റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്നു വിളിക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് ജിഹാദി വിഭാഗമായ അർധ സൈനികർ.
ഇക്കഴിഞ്ഞ ഒക്റ്റോബർ 26,27 തിയതികളിൽ മാത്രം അവർ കൊന്നൊടുക്കിയത് 2000ത്തോളം വരുന്ന നിരായുധരായ സാധാരണക്കാരെ- കൂടുതലും സ്ത്രീകളെയും കുട്ടികളെയും ആയിരുന്നു. സുഡാനിലെ തദ്ദേശീയ ജനവിഭാഗങ്ങളായ ഫർ, സാഗാവ, ബെർട്ടി തുടങ്ങിയ അറബ് ഇതര സമൂഹങ്ങളിൽ പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം. നിർബന്ധിത കുടിയിറക്കലും കൂട്ടക്കൊലപാതകങ്ങളും നിലവിൽ അവർ നേരിടുന്നു. ഇതുവഴി ഇസ്ലാം ഇതര വംശീയ ഉന്മൂലനമാണ് ആർഎസ്എഫ് ഇസ്ലാമിസ്റ്റുകൾ ലക്ഷ്യമിടുന്നത് എന്ന് സുഡാന്‍റെ സൈന്യത്തിന്‍റെ സഖ്യ കക്ഷികളായ ജോയിന്‍റ് ഫോഴ്സ് കഴിഞ്ഞ ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
തദ്ദേശീയർ തിങ്ങിപ്പാർക്കുന്ന എൽ -ഫാഷർ നഗരത്തിന്‍റെ പതനം തുടർ കൂട്ടക്കൊലകൾക്ക് കാരണമാകുമെന്ന് പ്രാദേശിക ഗ്രൂപ്പുകളും അന്താരാഷ്ട്ര എൻജിഒകളും മുന്നറിയിപ്പു നൽകി.വീടുകൾ തോറും കയറിയിറങ്ങി അമുസ്ലിം ജനവിഭാഗങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യുകയാണ് ആർഎസ്എഫ്. ഇതിനെ അവർ വിശേഷിപ്പിക്കുന്നത് വീടു തോറുമുള്ള ക്ലിയറൻസ് പ്രവർത്തനങ്ങൾ എന്നാണ്.
ഫർ,സാഗാവ, ബെർട്ടി എന്നീ ജനവിഭാഗങ്ങൾ സുഡാനിലെ ഡാർഫർ മേഖലയിൽ നിന്നും കിഴക്കൻ ചാഡിന്‍റെ ചില ഭാഗങ്ങളിൽ നിന്നുമുള്ള തദ്ദേശീയ അറബ് ഇതര വിഭാഗക്കാരാണ്. ചരിത്രപരമായി അവർ കാർഷിക വൃത്തിക്കും നാടോടി ജീവിത ശൈലിക്കും വ്യത്യസ്തമായ സാംസ്കാരിക ഐഡന്‍റിറ്റികൾക്കും പേരു കേട്ടവരാണ്. സുഡാനിൽ നിലവിൽ അവിടുത്തെ സൈന്യവും ആർഎസ് എഫും തമ്മിൽ യുദ്ധങ്ങൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗം കൂടിയാണ് ആർഎസ്എഫ് 2000 സാധാരണക്കാരെ കൊന്നൊടുക്കി എൽ ഫാഷർ പിടിച്ചെടുത്തത്.
ഇതിനു മുമ്പും ഈ വിഭാഗം 15,000ത്തോളം സാധാരണക്കാരെ കൊന്നൊടുക്കിയിട്ടുണ്ട്. എല്ലാം അവർ അമുസ്ലിങ്ങളായ കറുത്തവർ ആണെന്ന ഒറ്റക്കാരണത്താലായിരുന്നു. നിലവിൽ സുഡാൻ സൈന്യത്തെ പരാജയപ്പെടുത്തി ആർഎസ്എഫ് ഒരു സമാന്തര സർക്കാർ എൽ ഫാഷറിൽ സ്ഥാപിച്ചിരിക്കുകയാണ്. ഇതോടെ സുഡാൻ ഒരു കിഴക്ക്-പടിഞ്ഞാറ് വിഭജനത്തിന്‍റെ വക്കിലാണ്. ആർഎസ് എഫിന് ആയുധം നൽകി വളർത്തുന്നതിൽ യുഎൻ യുഎഇ യെ കുറ്റപ്പെടുത്തിയിരുന്നു. അത് യുഎഇ നിഷേധിച്ചെങ്കിലും വസ്തുതകൾ അതിനെതിരാണ്. ഈജിപ്ത്, സൗദി അറേബ്യ, ഇറാൻ, തുർക്കി എന്നിവരെല്ലാം ആർഎസ്എഫിന് ആയുധങ്ങൾ നൽകിയതായി നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു.