തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു; 13 അടി ഉയരത്തിൽ ഭീമൻ തിരമാലകൾ ആഞ്ഞടിക്കും|Video
മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഭൂകമ്പം ഉണ്ടായതിനു പിന്നാലെ ജാപ്പനീസ് തീരത്ത് തിമിംഗലങ്ങൾ ചത്തടിഞ്ഞു. സുനാമി തിരകൾക്കൊപ്പം ജപ്പാനിലെ താറ്റേയമ നഗരത്തിലെ തീരങ്ങളിലാണ് നിരവധി തിമിംഗലങ്ങൾ അടിഞ്ഞത്.
ഭൂകമ്പത്തിന്‍റെ തീവ്രത അനുസരിച്ച് റഷ്യയിൽ 13 അടി ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹവായിൽ 6 അടി ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചേക്കും. നിരന്തരമായി സുനാമി തിരകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് റഷ‍്യയുടെ കിഴക്കൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.
അലാസ്ക, ഹവായ്, ന‍്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസിൽ പടിഞ്ഞാറൻ തീരത്ത് പൂർണമായും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
1952നു ശേഷം റഷ്യയിലെ കാംചത്ക മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിത്. പ്രദേശത്ത് 7.5 തീവ്രതയിലുള്ള തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.