യുഎഇയിൽ 2026 'കുടുംബ വർഷം'
അബുദാബി: 2026 വർഷം 'കുടുംബ വർഷമായി' ആചരിക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ദേശീയ അജൻഡ അനുസരിച്ച് എമിറാത്തി കുടുംബങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനും യുഎഇയിലെ പൗരന്മാരിലും താമസക്കാരിലും സമൂഹബോധം ഉറപ്പിക്കുന്നതിനുമായാണ് ഈ സുപ്രധാന പ്രഖ്യാപനം.
അബുദാബിയിൽ നടന്ന ഗവൺമെന്‍റിന്‍റെ വാർഷിക സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ദേശീയ കുടുംബ വളർച്ചാ അജൻഡ 2031' യോഗത്തിലാണ് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ ഈ പ്രഖ്യാപനം വന്നത്. ഫെഡറൽ, പ്രാദേശിക അതോറിറ്റികളിലെ നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പുതിയ പ്രമേയം, കുടുംബ ഐക്യവും ശക്തമായ കുടുംബബന്ധങ്ങളും നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. സഹകരണം, ആശയവിനിമയം, സൗഹൃദം എന്നീ മൂല്യങ്ങൾ കുടുംബങ്ങളിൽനിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതിന്‍റെ ആവശ്യകതയിലും ഈ തീരുമാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എമിറാത്തി കുടുംബത്തിന്‍റെ വളർച്ച 'നമ്മുടെ നിലനിൽപ്പ്, നമ്മുടെ വ്യക്തിത്വം, നമ്മുടെ രാജ്യത്തിന്‍റെ ഭാവി, നമ്മുടെ ദേശീയ സുരക്ഷ' എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പ്രസിഡന്‍റ് പറഞ്ഞു.
ഈ അജൻഡ യാഥാർഥ്യമാക്കുന്നതിനായി, കുടുംബ വളർച്ചയുമായി ബന്ധപ്പെട്ട ഇരുപതിലേറെ ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഒരു ദേശീയ കർമസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. നയങ്ങളും പരിപാടികളും, പെരുമാറ്റ ഇടപെടലുകൾ, പ്രത്യുത്പാദന ആരോഗ്യം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് സമിതിയുടെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുംബങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കാൻ ഒരു പ്രത്യേക 'കുടുംബ മന്ത്രാലയം' സ്ഥാപിച്ചു.