വാങ് യി
ബീജിങ്: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ മധ‍്യസ്ഥത വഹിച്ചെന്ന അവകാശവാദം ഉയർത്തി ചൈന. ചൈനയുടെ വിദേശകാര‍്യമന്ത്രിയായ വാങ് യി ആണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ബീജിങ്ങിൽ വച്ചു നടന്ന രാജ‍്യാന്തര പരിപാടിക്കിടെയായിരുന്നു അവകാശവാദം.
നേരത്തെ ഇന്ത‍്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തിയെന്ന അവകാശവാദം ഉയർത്തി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരവധി തവണ രംഗത്തെത്തിയിരുന്നുവെങ്കിലും വിദേശകാര‍്യ മന്ത്രാലയം ട്രംപിന്‍റെ അവകാശവാദം തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണിപ്പോൾ ചൈനയും രംഗത്തെത്തിയിരിക്കുന്നത്. രാജ‍്യാന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചെന്നും സമാധാനം പടുത്തുയർത്താൻ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും വാങ് യി പറഞ്ഞു.