ഷെയ്ഖ് ഹസീന
ന‍്യൂഡൽഹി: ഈ വർഷം തന്നെ സ്വന്തം രാജ‍്യത്തേക്ക് തിരിച്ചു പോകുമെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു പ്രമുഖ ഇന്ത‍്യൻ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര‍്യം വ‍്യക്തമാക്കിയത്.
തന്‍റെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗിന് നേതാവ് ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് തനിക്കെതിരേയുള്ള കോടതി വിധിയെന്നും എന്നാൽ അത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തുന്നതും വധശിക്ഷയ്ക്ക് വിധിച്ചതും. തനിക്കെതിരായ കോടതി വിധി ഭരണഘടനാവിരുദ്ധമാണെന്നും ഹസീന പറഞ്ഞു.
'മരണത്തെ ഭയക്കരുത്. 1975ൽ മാതാപിതാക്കളെയും സഹോദരന്മാരെയും എല്ലാ കുടുംബാംഗത്തെയും നഷ്ടമായി. ഓഗസ്റ്റ് 21ന് ബോംബെറിഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. നിരവധി ഗൂഢാലോചനകളും നടന്നു. എന്നാൽ ഇതിനെയെല്ലാം ഭേദിച്ച് ഞാൻ ബംഗ്ലാദേശ് ജനതയ്ക്കൊപ്പം നിലകൊണ്ടു. അഞ്ച് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
എല്ലാ തടസങ്ങളും മറികടന്ന് ഇത്തവണ ഞാൻ എന്‍റെ രാജ‍്യത്തേക്ക് മടങ്ങും'. അവർ പറഞ്ഞു. ഐക‍്യരാഷ്ട്ര സഭയുടെ കണക്ക് അനുസരിച്ച് 2024 ജൂലൈയിൽ നടന്ന ബംഗ്ലാദേശ് കലാപത്തിൽ 1400 പേരാണ് മരിച്ചത്. വിദ്യാർഥി പ്രക്ഷോഭമെന്ന പേരിൽ നടന്ന കലാപത്തെത്തുടർന്നാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. പിന്നീട് സമാധാന നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേ വ്യാപക ആക്രമണമുണ്ടാകുകയായിരുന്നു.