കരിങ്കടലിലെ സുരക്ഷ ഉറപ്പാക്കണമെന്നു പുടിനോടു മോദി

 
World

ബ്രിക്സ് ഫോറത്തിൽ ഹോർമുസ് പ്രതിസന്ധി ഉന്നയിച്ച് ഇന്ത്യ

കരിങ്കടലിലെ സുരക്ഷ ഉറപ്പാക്കണമെന്നു പുടിനോടു മോദി

Reena Varghese

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായുള്ള ബിസിനസ് ഫോറത്തിലും റഷ്യൻ, ഇറാൻ പ്രസിഡന്‍റുമാരുമായുള്ള കൂടിക്കാഴ്ചയിലും സമുദ്രയാത്രാ സ്വാതന്ത്ര്യത്തിന്‍റെയും സുരക്ഷയുടെയും പ്രാധാന്യം ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കടൽപ്പാതകൾ സുരക്ഷിതവും വിതരണ ശൃംഖലകൾ തുറന്നുമിരുന്നാൽ മാത്രമേ ആഗോള വ്യാപാരം മുന്നേറൂ എന്നു പ്രധാനമന്ത്രി ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഹോർമുസ് പ്രതിസന്ധി പരാമർശിച്ച് ചൂണ്ടിക്കാട്ടി. സമുദ്രയാത്രാ സ്വാതന്ത്ര്യത്തിനും നാവികരുടെ സുരക്ഷയ്ക്കും പൂർണ പിന്തുണയെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം. വ്യാപാര രംഗത്തെ പ്രധാനപ്പെട്ട 10 കടമ്പകൾ നീക്കാനും മോദി ആഹ്വാനം ചെയ്തു.

പശ്ചിമേഷ്യൻ യുദ്ധം ഹോർമുസ് കടലിടുക്കിലും, റഷ്യ- യുക്രെയ്‌ൻ യുദ്ധം കരിങ്കടലിലും, കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്കു ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നാരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും ഇന്ത്യ ഈ വിഷയം ഉന്നയിച്ചേക്കും. ഇന്നലെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ഭാരത് മണ്ഡപത്തിലെ മീറ്റിങ് റൂമിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചെങ്കടലിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ ഇന്ത്യ ഏതു സഹായവും നൽകാമെന്നും മോദി അറിയിച്ചു.

കൂടിക്കാഴ്ചയ്ക്കുശേഷം ഭാരത് മണ്ഡപത്തിലെ വേദിയിൽ ബിസിനസ് ഫോറത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും ഒരു കാറിലാണു യാത്ര ചെയ്തത്. നിലവിലുള്ള ഉഭയകക്ഷി വ്യാപാരം 6500 കോടി യുഎസ് ഡോളറിൽ നിന്ന് 10000 കോടി യുഎസ് ഡോളറിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചെന്നു പിന്നീട് ഇരുരാജ്യങ്ങളും അറിയിച്ചു. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പ്രതിരോധം, സുപ്രധാന ധാതുക്കൾ, സൈനികേതര ആണവോർജ മേഖല, വളം മേഖലകളിൽ സഹകരണം ഘട്ടംഘട്ടമായി വർധിപ്പിക്കാൻ തീരുമാനിച്ചു. ബ്രഹ്മോസ് മിസൈലിന്‍റെ ശേഷി വർധന, ഇന്ത്യയ്ക്ക് എസ്‌യു 57 വിമാനങ്ങളും കൂടുതൽ എസ് 400 മിസൈൽ പ്രതിരോധ സംവിധാനങ്ങളും നൽകുക തുടങ്ങിയ വിഷയങ്ങൾ ഈ സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നു റഷ്യൻ പ്രതിരോധ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചിരുന്നു.

ഇന്നാണു ബ്രിക്സ് ഉച്ചകോടിക്കു തുടക്കം. റഷ്യൻ, ഇറാൻ പ്രസിഡന്‍റുമാരെ കൂടാതെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉൾപ്പെടെ നേതാക്കളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്നു വൈകിട്ട് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു