ഹോർമൂസിന്‍റെ പൂർണ നിയന്ത്രണം ഞങ്ങൾക്ക് മാത്രം: ഇറാൻ

 
World

ഹോർമൂസിന്‍റെ പൂർണ നിയന്ത്രണം ഞങ്ങൾക്ക് മാത്രം: ഇറാൻ

ഹോർമുസിന്‍റെ പൂർണ്ണ നിയന്ത്രണം ഞങ്ങൾക്ക് മാത്രം; കപ്പലുകൾ ഐ.ആർ.ജി.സിയുടെ അനുമതി വാങ്ങണമെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

Reena Varghese

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് വീണ്ടും ആവർത്തിച്ച് പ്രഖ്യാപിച്ച് ഇറാന്‍റെ ഔദ്യോഗിക പ്രതിരോധ ആസ്ഥാനമായ" ഖാതം- അൽ-അൻബിയ". മേഖലയിലൂടെ കടന്നു പോകുന്ന എല്ലാ വാണിജ്യ-സൈനിക കപ്പലുകളും തങ്ങളുടെ കർശനമായ നിയമങ്ങൾ പാലിക്കണമെന്നും ഇറാന്‍റെ സൈനിക നേതൃത്വം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഇറാനിയൻ മാധ്യമങ്ങളാണ് ഈ സുപ്രധാന പ്രസ്താവന പുറത്തു വിട്ടത്.

“ഹോർമൂസ് കടലിടുക്കിന്‍റെ പൂർണമായ മാനെജ്മെന്‍റ് നിർവഹിക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാന്‍റെ സായുധ സേനയുടെ പൂർണമായ അധികാരത്തിന് കീഴിലാണ്. ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും വാണിജ്യ ബോട്ടുകളും എണ്ണ ടാങ്കറുകളും നിർദേശിക്കപ്പെട്ടിട്ടുള്ള പ്രത്യേക പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. കൂടാതെ ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) നാവികസേനയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. ഈ ചട്ടങ്ങൾ ലംഘിക്കുന്ന ഏതൊരു കപ്പലിന്‍റെയും സുരക്ഷിതമായ ഗതാഗതം കടുത്ത അപകടത്തിലാകും. "ഖാതം അൽ-അൻബിയ' കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള അമെരിക്കൻ സഖ്യകക്ഷികൾ ഉൾപ്പടെയുള്ള വിദേശ സൈന്യങ്ങൾക്കും ഇറാൻ കടുത്ത മുന്നറിയിപ്പാണ് നൽകിയത്. ഹോർമൂസിലെ നാവിക മാനെജ്മെന്‍റിലോ കപ്പൽ ഗതാഗതത്തിലോ ഇടപെടാൻ ഏതെങ്കിലും വിദേശ ശക്തികൾ ശ്രമിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പ്രസ്താവനയിൽ ഉണ്ട്.

ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം പൂർണമായും തങ്ങൾക്കാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി സിംഗപ്പൂരിൽ വച്ച് അവകാശപ്പെടുകയും ട്രംപ് ഹോർമൂസ് കടലിടുക്ക് നിബന്ധനകളൊന്നുമില്ലാതെ ഉടനടി തുറന്നു നൽകണമെന്ന് പ്രസ്താവിക്കുകയും ചെയ്തതിനു പുറകേയാണ് ഇറാന്‍റെ ശക്തമായ വെല്ലുവിളി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകൾ കൂടുതൽ സങ്കീർണമായ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്.

ലഹരി മാഫിയക്കെതിരേ ആഞ്ഞടിക്കാൻ ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

ഗുജറാത്ത് ടൈറ്റാനിക് ആയി

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്