അമെരിക്കയും ക്യാനഡയും പുതിയ വ്യാപാരകരാറിലേയ്ക്ക്

 
World

അമെരിക്കയും ക്യാനഡയും പുതിയ വ്യാപാരകരാറിലേയ്ക്ക്

കാനഡയുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ് ട്രംപ് ബുധനാഴ്ച പ്രതികരിച്ചത്.

Reena Varghese

വാഷിങ്ടൺ: അമെരിക്കയും ക്യാനഡയും സമഗ്രമായ പുതിയ വ്യാപാര കരാർ ഒപ്പു വയ്ക്കുന്നതിന്‍റെ അവസാന ഘട്ടത്തിലേയ്ക്കെന്നു സൂചനകൾ. ക്യാനഡയ്ക്കെതിരേ കനത്ത തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി മാറ്റി വച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും കരാറിലേയ്ക്കു നീങ്ങുന്നത്. കാനഡയുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ് ട്രംപ് ബുധനാഴ്ച പ്രതികരിച്ചത്.

എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കൂടുതല്‍ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. അമേരിക്കയും കാനഡയും ഇപ്പോള്‍ കരാറിലേക്ക് നീങ്ങുകയാണെന്നും അന്തിമ ധാരണയിലെത്താന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാനഡ-അമേരിക്ക വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീറും വാഷിംഗ്ടണില്‍ വീണ്ടും കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായതായി ഇരുപക്ഷവും വ്യക്തമാക്കി.

ബുധനാഴ്ച മുതല്‍ വിവിധ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സമയപരിധിക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തീരുമാനം മൂന്ന് ദിവസത്തേക്ക് നീട്ടുകയായിരുന്നു. കനേഡിയന്‍ വിപണിയില്‍ പ്രവേശനം പരിമിതമായതിനാല്‍ ബുദ്ധിമുട്ടുന്ന അമേരിക്കന്‍ കര്‍ഷകര്‍ക്ക് പുതിയ കരാര്‍ ഗുണകരമാകുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്ക വാഹനങ്ങള്‍, സ്റ്റീല്‍, അലുമിനിയം, വനോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയ തീരുവകള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഈ തീരുവകളില്‍ ഇളവ് നേടുക എന്നത് കാനഡയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. നിലവിലുള്ള വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പുതുക്കണമെന്ന ആവശ്യം കാനഡ ജൂലൈ ഒന്നിന് മുന്നോട്ടുവച്ചിരുന്നെങ്കിലും, കാര്യമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് ട്രംപ്.

പുതിയ വ്യാപാര കരാറിന്‍റെ കൃത്യമായ വ്യവസ്ഥകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കാനഡയുടെ പ്രധാന തന്ത്രപ്രധാന മേഖലകള്‍ക്ക് ഏറ്റവും മികച്ച വ്യവസ്ഥകളും ഭാവിയിലെ വ്യാപാരബന്ധത്തില്‍ കൂടുതല്‍ ഉറപ്പും കരാര്‍ നല്‍കുമെന്ന് കാര്‍ണി പറഞ്ഞു. അതേസമയം, കരാറിന്‍റെ അന്തിമ രൂപം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

നീറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി; അന്വേഷണത്തിന് അഞ്ചംഗ സമിതി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

പ്രസവാനുകൂല്യം ലഭിക്കാൻ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു

ഇടറിയ തുടക്കം, ഒടുവിൽ തകർപ്പൻ ജയം; കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിന് അനായാസ ജയം