വാഷിങ്ടൺ ചർച്ചകൾ വഴി മുട്ടിച്ച് ലക്ഷ്യങ്ങൾ മാറ്റുന്നു- ഇസ്മയിൽ ബഗായ്

 
World

അമെരിക്കയുടെ നിലപാടില്ലായ്മയാണ് പ്രതിസന്ധിക്കു കാരണം: ഇറാൻ

വാഷിങ്ടൺ ചർച്ചകൾ വഴി മുട്ടിച്ച് ലക്ഷ്യങ്ങൾ മാറ്റുന്നെന്ന് ഇസ്മയിൽ ബഗായ്

Reena Varghese

ടെഹ്റാൻ: അമെരിക്കയുമായി ചർച്ച നടത്തുന്നതിൽ ഇറാൻ നേരിടുന്ന പ്രധാന തടസം വാഷിങ്ടണിന്‍റെ തുടർച്ചയായുള്ള പരസ്പര വിരുദ്ധമായ നിലപാടുകളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ്. സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലാണ് ബഗായ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പാക്കിസ്ഥാൻ മധ്യസ്ഥർ മുഖേന ഇരു രാജ്യങ്ങളും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും ഓരോ തവണയും അമെരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ മാറ്റുന്നതും വിവിധ ഉദ്യോഗസ്ഥർ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതും ചർച്ചാ നടപടികളെ സങ്കീർണമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ആണവ നിർവ്യാപന കരാർ പ്രകാരം സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ ‌സമ്പുഷ്ടീകരണം നടത്താനുള്ള ഇറാന്‍റെ അവകാശത്തെ അമെരിക്ക അംഗീകരിക്കുകയാണ് ചർച്ചകൾ വിജയകരമാകാനുള്ള പ്രധാന വഴിയെന്ന് ബഗായ് ചൂണ്ടിക്കാട്ടി. വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്‍റെ ശതകോടിക്കണക്കിന് ഡോളറിന്‍റെ സ്വത്തുക്കൾ വിട്ടു കിട്ടണമെന്നത് ഇറാന്‍റെ ശക്തമായ ആവശ്യമാണ്.

എന്നാൽ ഭാവിയിൽ ഇറാന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഈ സ്വത്തുക്കൾ ഉപയോഗിക്കാൻ അമെരിക്കൻ ട്രഷറി വകുപ്പ് പദ്ധതിയിടുന്നതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്.

ഇറാനു മേലുള്ള ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്നും തങ്ങളുടെ സ്വത്തുക്കൾ സ്വന്തം ആവശ്യങ്ങൾക്കായി ലഭ്യമാക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ അമെരിക്ക ഒട്ടും ബഹുമാനിക്കുന്നില്ലെന്നും ഹോർമൂസ് കടലിടുക്കിലും അന്താരാഷ്ട്ര സമുദ്ര മേഖലയിലും ഇറാന്‍റെ വാണിജ്യ കപ്പലുകളെ അമെരിക്കൻ സൈന്യം ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വാഷിങ്ടണിന്‍റെ ഈ നിരുത്തരവാദപരമായ സമീപനമാണ് മേഖലയെ അപകടകരമായ സാഹചര്യത്തിലേയ്ക്ക് തള്ളി വിടുന്നത്.

എന്നാൽ ശനിയാഴ്ച രാത്രിയും ഭീഷണിയുയർത്തിയ ഇറാന്‍റെ രണ്ടു ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം അവകാശപ്പെടുമ്പോൾ തങ്ങൾക്കെതിരേയുള്ള ഏത് ആക്രമണത്തിനും സർവശക്തിയുമെടുത്ത് തിരിച്ചടി നൽകാൻ ഇറാന്‍റെ സായുധസേന സന്നദ്ധമാണെന്ന കടുത്ത മുന്നറിയിപ്പാണ് വിദേശകാര്യ വക്താവ് നൽകുന്നത്.

തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത് ജനദ്രോഹ നടപടി; ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു