വെള്ളം വെള്ളം സര്‍വത്ര

 
Special Story

വെള്ളം വെള്ളം സര്‍വത്ര

മഴവെള്ളം ഒലിച്ചു പോകാന്‍ മുന്‍പ് പുഴകള്‍ക്കും തോടുകള്‍ക്കും വേണ്ടത്ര സാധ്യതകള്‍ ഉണ്ടായിരുന്നു.

MV Desk

വിജയ് ചൗക്ക്|സുധീര്‍ നാഥ്

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണിപ്പോള്‍. അതുകൊണ്ടുതന്നെ മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും മഴ ദുരന്തങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ യഥേഷ്ടം പല ഭാഗങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. മഴവെള്ളപ്പാച്ചില്‍ എന്നാല്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ശക്തമായ വെള്ളപ്പൊക്കമാണ്. ചുരുങ്ങിയ സമയത്തില്‍ പെയ്യുന്ന അതിശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും, മണ്ണൊലിപ്പും, നദികളിലെയും തോടുകളിലെയും വെള്ളം പെട്ടെന്ന് കരകവിയുന്ന സാഹചര്യം ഉണ്ടാക്കുന്നു. നഗരങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈയ്നേജ് സംവിധാനങ്ങളുടെ തകരാര്‍ മൂലം വന്‍ നഷ്ടങ്ങള്‍ക്കും കാരണമാകും.

ഭൂമിയില്‍ കര പ്രദേശവും, വെള്ളമുള്ള പ്രദേശവും എന്ന് രണ്ടായി തിരിക്കാം. ഇതില്‍ കര പ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി വർധിക്കുന്നതിനെയാണ് വെള്ളപ്പൊക്കം എന്നു പറയുന്നത്. ഇത് പലവിധ കാരണങ്ങള്‍ മൂലം സംഭവിക്കുന്നു എന്ന് പറയാം. പകൃതിക്ഷോഭം മൂലമാണ് വെള്ളപ്പൊക്കം പ്രധാനമായും സംഭവിക്കുന്നത്. തുടര്‍ച്ചയായ മഴ, മേഘ വിസ്ഫോടനം, ഉരുള്‍പൊട്ടല്‍, വേലിയേറ്റം, മഞ്ഞുരുകല്‍, സുനാമി തുടങ്ങിയവ വെള്ളപ്പൊക്കത്തിന് കാരണമാകുന്നവയാണ്. ജലസംഭരണികളില്‍ കൂടുതല്‍ ജലം നിറയുന്നതോടെ അണക്കെട്ടിന്‍റെ സംരക്ഷണാർഥം അധികമുള്ള ജലത്തെ തുറന്നു വിട്ടാലും വെള്ളപ്പൊക്കം ഉണ്ടാകാം.

99തിലെ വെള്ളപ്പൊക്കം എന്ന് പല അവസരങ്ങളിലും പ്രയോഗിക്കുന്നത് കേട്ടിട്ടില്ലേ...? കേരളത്തില്‍ 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് അങ്ങിനെ പറയുവാന്‍ കാരണമായത്. കൊല്ലവര്‍ഷം 1099ലാണ് എന്നത് കൊണ്ടാണ് 99തിലെ വെള്ളപ്പൊക്കം എന്ന പേരില്‍ ഇതറിയപ്പെടുന്നത്. 20ാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 1099 കര്‍ക്കിടക മാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മധ്യ തിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. മധ്യ കേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. ആലപ്പുഴ മുഴുവനായും എറണാകുളത്തിന്‍റെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങിയെന്നാണ് രേഖകള്‍ പറയുന്നത്.

99തിലെ വെള്ളപ്പൊക്കത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 6,500 അടി ഉയരമുള്ള മൂന്നാറിലെ തേയില തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളവും ഏഷ്യയിലെ സ്വിറ്റ്സര്‍ലാന്‍റ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു മൂന്നാര്‍. അന്ന് മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും മോണോ റെയ്‌ല്‍ തീവണ്ടിയും ഉണ്ടായിരുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്ത മഴയില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. രാവും പകലും പെയ്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകര്‍ന്നതോടെ ഒരു അണക്കെട്ട് പൊട്ടിയ പോലെയുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. കുണ്ടള വാലി റെയില്‍വേ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോ ഗേജ് റെയ്‌ല്‍ ലൈനുകളും സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി ഇല്ലാതാക്കി. വെള്ളപ്പൊക്കത്തില്‍ മൂന്നാറിനു സംഭവിച്ചത് വലിയ നഷ്ടമാണ്. മൂന്നാറിലേക്ക് പിന്നീട് തീവണ്ടി ഓടിക്കയറിയിട്ടില്ല. മൂന്നാറില്‍ തീവണ്ടി ഉണ്ടായിരുന്നു എന്നതു തന്നെ ഇന്ന് ഒരു അത്ഭുതവാര്‍ത്തയാണ്. ടാറ്റയുടെ മ്യൂസിയത്തിൽ അത് ഇപ്പോൾ കാണാം.

99തിലെ വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തെ നടുക്കിയത് 2018 ഓഗസ്റ്റ് 16 ന്, മണ്‍സൂണ്‍ കാലത്തെ അസാധാരണമായ കനത്ത മഴ കാരണമുണ്ടായ വെള്ളപ്പൊക്കമാണ്. 1924ലുണ്ടായ 99ലെ മഹാപ്രളയത്തിന് ശേഷം ഒരു നൂറ്റാണ്ടിനിടെ കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ഔദ്യോഗിക കണക്ക് പ്രകാരം 483 ലധികം ആളുകള്‍ മരിച്ചു. ഏകദേശം ഒരു ദശലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിച്ചു. സര്‍ക്കാര്‍ കണക്കനുസരിച്ച്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 4,537 മത്സ്യത്തൊഴിലാളികള്‍ 669 മത്സ്യബന്ധന ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 65,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളെയും റെഡ് അലേര്‍ട്ടില്‍ ഉള്‍പ്പെടുത്തി. 54 അണക്കെട്ടുകളില്‍ 35 എണ്ണം ചരിത്രത്തില്‍ ആദ്യമായി തുറന്നു. ഇടുക്കി അണക്കെട്ടിന്‍റെ അഞ്ച് ഓവര്‍ഫ്ലോ ഗേറ്റുകളും ഒരേ സമയം തുറന്നു, 26 വര്‍ഷത്തിനിടെ ആദ്യമായി പാലക്കാട് മലമ്പുഴ അണക്കെട്ടിന്‍റെ 5 ഗേറ്റുകളും തുറന്നു.

കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 12ന് റണ്‍വേയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 29 വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചുപൂട്ടി. സുരക്ഷാ കാരണങ്ങളാല്‍ വിനോദ സഞ്ചാരികളെ നിരുത്സാഹപ്പെടുത്തുകയോ ചില ജില്ലകളില്‍ നിന്ന് വിലക്കുകയോ ചെയ്തു. ഓഗസ്റ്റ് 16ന് കൊച്ചി മെട്രൊ താത്കാലികമായി അടച്ചു. കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കാരണം ദക്ഷിണ റെയ്‌ല്‍വേ തിരുവനന്തപുരം - കോട്ടയം - എറണാകുളം, എറണാകുളം - ഷൊര്‍ണൂര്‍ - പാലക്കാട് ഭാഗങ്ങളിലേക്കുള്ള ട്രെയ്‌ന്‍ സര്‍വീസുകള്‍ നിര്‍ത്തി.

2018ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് 2019ലും അത് ആവര്‍ത്തിച്ചു. 2019 ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്‍റെ ഫലമായാണ് ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് 5 ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 22 പേര്‍ മരിച്ചു. വെള്ളപ്പൊക്കം 22,165 ലധികം പേരെ നേരിട്ട് ബാധിച്ചു. 1,326 ദുരിതാശ്വാസ ക്യാംപുകളിലേക്ക് 2.51 ലക്ഷം ആളുകളെ മാറ്റി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചു.

വീണ്ടും തൊട്ടടുത്ത വര്‍ഷവും വെള്ളപ്പൊക്കം ഉണ്ടായി. കേരളത്തില്‍ 2020 ലെ വെള്ളപ്പൊക്കം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഉണ്ടായത്. 2020 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 18 വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍, കേരളത്തിലെ 14 ജില്ലകളിലും വെള്ളപ്പൊക്കം ഉണ്ടായി, 104 പേര്‍ മരിച്ചു, 12 പേരെ കാണാതായി, 40 പേര്‍ക്ക് പരിക്കേറ്റു. 4 ജില്ലകള്‍ 2020 ഓഗസ്റ്റ് 7ന് വെള്ളപ്പൊക്കത്തിലായി. ഓഗസ്റ്റ് 6ന് ഇടുക്കി ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 66 പേര്‍ മരിച്ചു. 21 പേരുടെ ജീവന്‍ അപഹരിച്ച ഒരു വിമാനാപകടവും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു.

2021 ഒക്റ്റോബറില്‍ കേരളത്തിലുണ്ടായ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കടുത്ത പ്രതിസന്ധിയിലാക്കിയ ഒരു പ്രകൃതി ദുരന്തമായിരുന്നു. ഒക്റ്റോബര്‍ 11 മുതല്‍ ആരംഭിച്ച അതിശക്തമായ പെയ്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയും മലയോര മേഖലകളില്‍ വലിയ രീതിയിലുള്ള ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുകയും ചെയ്തു. 2022ല്‍ ആഗോളതലത്തിലും ഇന്ത്യയിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെച്ച നിരവധി വെള്ളപ്പൊക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും കനത്ത മണ്‍സൂണ്‍ മഴയുമാണ് ഇതിന് പ്രധാന കാരണമായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തില്‍ മഴക്കാലത്ത് സംഭവിക്കുന്നുണ്ട്. 2026ലും അത് തുടരുന്നു.

ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു പ്രൊഫ. മാധവ് സി. ഗാഡ്ഗില്‍. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍, ഇന്ത്യയില്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളില്‍ ഒന്നിന് അദ്ദേഹം നേതൃത്വം നല്‍കി. ഖനനം, അണക്കെട്ടുകള്‍, വനനശീകരണം, ആസൂത്രിതമല്ലാത്ത നഗരവത്കരണം എന്നിവ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 8 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തെ മാറ്റാനാവാത്ത നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പശ്ചിമഘട്ടം പാരിസ്ഥിതികമായി ദുര്‍ബലമാണ്, ഭൂവിനിയോഗ മാറ്റത്തിന്‍റെ ആഘാതം വളരെ വലുതാണ്, അതൊക്കെ ദുരന്തസാധ്യത വർധിപ്പിക്കുന്നതാണ്. ഭരണപരാജയങ്ങളും പാരിസ്ഥിതിക ദുര്‍ബലത വർധിപ്പിക്കുന്നു. കേരളത്തില്‍, പ്രത്യേകിച്ച് പശ്ചിമഘട്ട ജില്ലകളില്‍ ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ച അപകട സാധ്യതകള്‍, പ്രത്യേകിച്ച് ഭൂവിനിയോഗ മാറ്റം, പാരിസ്ഥിതിക ദുര്‍ബലത, സഞ്ചിത ആഘാതങ്ങള്‍ തുടങ്ങിയവ ഇനിയെങ്കിലും പരിഗണിക്കപ്പെടണം.

വനങ്ങള്‍ കൈയേറുന്നതു പോലെയാണ് നദികളും കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഉണ്ടായതു പോലെ തന്നെയാണ് മഴ ലഭിക്കുന്നത്. പ‍ക്ഷേ, മഴവെള്ളം ഒലിച്ചു പോകാന്‍ മുന്‍പ് പുഴകള്‍ക്കും തോടുകള്‍ക്കും വേണ്ടത്ര സാധ്യതകള്‍ ഉണ്ടായിരുന്നു. ആ സാധ്യതകളാണ് മനുഷ്യന്‍ ഇല്ലാതാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് പെയ്തിറങ്ങുന്ന വെള്ളം കടലിലേക്ക് ഒഴുകാന്‍ അവരുടെ വഴി തന്നെ കണ്ടെത്തുന്നത്. ഇതാണ് വെള്ളപ്പൊക്കത്തിനു കാരണമാകുന്നത്. വനമേഖലകളില്‍ വ്യാപകമായി ഉണ്ടായ വന നശീകരണം കാരണം വന്യമൃഗങ്ങളുടെ കടന്നുകയറ്റം ജനവാസ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്നു. എല്ലാത്തിനും കാരണക്കാര്‍ നമ്മള്‍ തന്നെ.

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം