

കറ്റാനം സ്‌കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
ആലപ്പുഴ: കറ്റാനം എയ്ഡഡ് സ്കൂളിലെ പ്രതിസന്ധിയിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ക്ലാസുകള്‍ മുടങ്ങിയിട്ടും ബദല്‍ സംവിധാനം ഒരുക്കാത്ത മാനേജ്മെന്റിനെതിരേയാണ് ബാലവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തത്.
ആലപ്പുഴ കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽപി സ്കൂളിലെ വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വിദ്യാർഥികളുടെ പഠനം മുടങ്ങുകയായിരുന്നു. ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്മെൻ്റ് വീഴ്ചയെന്നാണ് കണ്ടെത്തൽ.
സ്കൂൾ മാനേജ്മെൻ്റ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്റ്റർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പഠനം തടസപെട്ട് 21 ദിവസങ്ങൾക്ക് ശേഷമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടായത്.