വിബി- ജി റാം ജി നിയമം വിജ്ഞാപനമായത് ചരിത്രസംഭവം
ശിവരാജ് സിങ് ചൗഹാൻ
കേന്ദ്ര തൊഴിൽ മന്ത്രി
ഇന്ത്യയുടെ ഗ്രാമവികസന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയാണ് കേന്ദ്ര ഗവണ്മെന്‍റ് വിബി- ജി റാം ജി നിയമം എന്ന് അറിയപ്പെടുന്ന "വികസിത് ഭാരത്- ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇക്കൊല്ലം ജൂലൈ 1 മുതൽ രാജ്യമെമ്പാടും ഈ നിയമം പ്രാബല്യത്തിൽ വരും. നിർധന ഗ്രാമീണർ, തൊഴിലാളി കുടുംബങ്ങൾ, വനിതകൾ, സ്വയം സഹായ സംഘങ്ങൾ, കർഷകർ എന്നിവർക്ക് ഗ്രാമങ്ങളിൽ പുതിയ പ്രതീക്ഷകൾ, മെച്ചപ്പെട്ട വരുമാന സുരക്ഷ, വലിയ തോതിലുള്ള സുസ്ഥിര വികസന സംരംഭങ്ങൾ എന്നിവയ്ക്ക് ഈ നിയമ നിർമാണം വഴിയൊരുക്കും.
"വിക്‌സിത് ഭാരത് ജി- റാം ജി നിയമത്തിന്‍റെ' വിജ്ഞാപനം പുറപ്പെടുവിച്ചതോടെ തൊഴിലന്വേഷകരായ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്കു പ്രതിവർഷം 125 ദിവസത്തെ തൊഴിൽ നൽകും. 100 ദിവസമെന്ന മുൻ വ്യവസ്ഥയിൽ നിന്ന് 25 ദിവസത്തെ വർധനവുണ്ടായി. ഈ ഇടക്കാല കാലയളവിൽ നിലവിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിലെ (എംജിഎൻആർഇജിഎ) എല്ലാ വ്യവസ്ഥകളും പ്രാബല്യത്തിൽ തുടരും. ഗ്രാമീണ തൊഴിലുറപ്പു നിയമത്തിലെചട്ടക്കൂടിനു കീഴിൽ തീർപ്പാക്കാത്ത പ്രവൃത്തികളെല്ലാം ജൂലൈ ഒന്നിനു മുമ്പ് പൂർത്തീകരിക്കും.
സംസ്ഥാനങ്ങളുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്കു ശേഷം പുതിയ നിയമത്തിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. എന്നിരുന്നാലും, ഈ പരിവർത്തന ഘട്ടത്തിൽ ഒരു തൊഴിലാളിക്കും തൊഴിൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്. ഇത് ഉറപ്പാക്കുന്നതിന് സമഗ്രമായ ക്രമീകരണങ്ങൾ ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.
വിക്‌സിത് ഭാരത് ജി- റാം ജി സംരംഭത്തിന് കീഴിൽ മിക്ക സംസ്ഥാനങ്ങൾക്കും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ പരമാവധി ആറു മാസത്തെ സമയം ലഭിക്കും. ജൂലൈ ഒന്നിനകം ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിൽ ഏതെങ്കിലും സംസ്ഥാനം പരാജയപ്പെട്ടാൽ, ജൂലൈ ഒന്നിനു ശേഷം ഏറ്റെടുക്കുന്ന പ്രവൃത്തികൾക്കുള്ള ധനസഹായ രീതി "വികസിത ഭാരതം ജി-റാം ജി' പദ്ധതി നിയന്ത്രിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഈ പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്‍റ് ബജറ്റിൽ 95,000 കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ നിർവഹണത്തിനായി സംസ്ഥാനങ്ങൾ അതത് ബജറ്റുകളിൽ തുക വകയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംയോജിത വിഹിതം 1,51,000 കോടി രൂപ കവിയും.
തൊഴിലാളികൾക്കുള്ള വേതനം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ- ഡിബിടി) വഴി അവരുടെ ബാങ്കിലെയോ പോസ്റ്റ് ഓഫിസിലെയോ അക്കൗണ്ടുകളിലേക്കു നൽകും. മൂന്ന് ദിവസത്തിനുള്ളിൽ പണ വിനിമയം കൈകാര്യം ചെയ്യുകയെന്നതാണ് ലക്ഷ്യമെങ്കിലും, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പരമാവധി 15 ദിവസത്തിനുള്ളിൽ ഫണ്ടുകൾ അവരുടെ അക്കൗണ്ടുകളിൽ എത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. 15 ദിവസത്തിനുള്ളിൽ ഫണ്ട് ലഭിച്ചില്ലെങ്കിൽ, തൊഴിലാളികൾക്ക് വേതന കാലതാമസത്തിനുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും, വേതന വിതരണത്തിൽ കാലതാമസം ഉണ്ടായാൽ അധിക തുക നൽകേണ്ടിവരും.
ആവശ്യത്തിനനുസരിച്ച് തൊഴിൽ ലഭ്യമായില്ലെങ്കിൽ തൊഴിലില്ലായ്മാ വേതനവും ലഭ്യമാക്കണം. തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത സമഗ്ര പദ്ധതിയാണിത്. ഇതിലൂടെ 151,000 കോടിയിലധികം രൂപയുടെ വാർഷിക ബജറ്റ് വിഹിതത്തിന്‍റെ പിന്തുണയോടെ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വൻതോതിൽ ഏറ്റെടുക്കപ്പെടും.
ജലസംരക്ഷണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, വിദ്യാലയങ്ങൾ, അംഗനവാടി കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം അവശ്യ പ്രവർത്തനങ്ങൾക്ക് ഈ സംരംഭം സഹായകമാകും. ഉപജീവനമാർഗം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളുടെ പരിധിയിൽ, സ്വയം സഹായ സംഘങ്ങളിലെയും കർഷക ഉത്പാദക സംഘടനകളിലെയും വനിതാ അംഗങ്ങൾക്കായി വർക്കിങ് ഷെഡുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാൻ കഴിയും. കൂടാതെ, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിന്, നദീതീര ഗ്രാമങ്ങളിലോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലോ സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നത് പോലുള്ള ജോലികളും ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാം.
ഈ പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പര്യാപ്തവും സമയബന്ധിതവുമായ വേതനം ഉറപ്പാക്കുന്നതിന്, ഭരണനിർവഹണപരമായ ചെലവ് വിഹിതം 6 ശതമാനത്തിൽ നിന്ന് 9 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്‍റെ ഉദയമാണിത്. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായുള്ള അടിത്തറയായി "വികസിത ഗ്രാമങ്ങൾ' കെട്ടിപ്പടുക്കുകയെന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിൽ പുതിയ തൊഴിലുറപ്പു പദ്ധതി ഒരു നാഴികക്കല്ലായിരിക്കും.