ഡോ. എം. സുദർശൻ

 
Special Story

കണ്ണൂരിന്‍റെ അഭിമാനമായ ഭൗതികശാസ്ത്രജ്ഞൻ

ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കാൻ ഒരുങ്ങുമ്പോഴേക്കും അദ്ദേഹം അർബുദരോഗബാധിതനായിരുന്നെന്നാണ് അറിയാനായതെന്നു പി.എംജി നമ്പീശൻ.

MV Desk

കോൽക്കത്ത: ഡോ. എം. സുദർശന്‍റെ അകാല വിയോഗത്തിൽ ശാസ്ത്രലോകത്തിനു നഷ്ടമായത് ന്യൂക്ലിയർ ഫിസിക്സിലെ അതുല്യ പ്രതിഭയെ. ഗവേഷണത്തിന്‍റെ തിരക്കുകളിൽ ദീർഘകാലമായി കോൽക്കത്തയിലാണെങ്കിലും കണ്ണൂരിലെ വേരുകൾ മുറിക്കാൻ ആഗ്രഹിച്ചിരുന്നില്ല അദ്ദേഹം. ഇടവേളകളിൽ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിനു സമീപത്തെ വീട്ടിലേക്ക് അദ്ദേഹം എത്താറുണ്ടായിരുന്നു.

ന്യൂക്ലിയർ ഫിസിക്സുമായി ബന്ധപ്പെട്ട ഗവേഷണ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയിട്ടുണ്ട് സുദർശനെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും സുഹൃത്തുമായ ഡോ പി.എം.ജി. നമ്പീശൻ ഓർമിക്കുന്നു. മേഘാലയിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നു പരമാണു കേന്ദ്ര ഭൗതികശാസ്ത്ര വിഷയത്തിൽ ഡോക്റ്ററേറ്റ് നേടിയ സുദർശൻ കോൽക്കത്തയിലെ വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്‍ററിലാണ് ജോലിയിൽ പ്രവേശിച്ചത്. അക്കാലത്ത് വിവിധ മൂലകങ്ങളുടെ ന്യൂക്ലിയസ്സുകളുടെ ഘടനകളെക്കുറിച്ചും ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിന്നീട് 1990കളുടെ ആരംഭത്തിൽ കോൽക്കത്തയിൽ സ്ഥാപിതമായ യുജിസി - ഡിഎഇ കൺസോർഷ്യം ഫൊർ സയന്‍റിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൽ അദ്ദേഹം സയന്‍റിസ്റ്റ് തസ്തികയിൽ നിയമിതനായി. അധികം താമസിയാതെ തന്‍റെ ഗവേഷണ മേഖല കൂടുതൽ ജനപ്രിയരംഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. കാർഷികോത്പന്നങ്ങളിലും കെട്ടിടനിർമ്മാണപദാർത്ഥങ്ങളിലും അതിസൂക്ഷ്മമായ അളവുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മൂലകങ്ങളെ എനർജി ഡിസ്പേർസീവ് എക്സ്റേ ഫ്ളൂറസൻസ്, കണികാപ്രേരിത എക്സ് റേ ഉത്സർജനം തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാനും അവയുടെ അളവ് കൃത്യമായി കണക്കാക്കാനുമുള്ള പരീക്ഷണങ്ങൾ അദ്ദേഹം വിജയപ്രദമായി ആവിഷ്കരിച്ചു. അദ്ദേഹം മുൻകൈ എടുത്ത് വിജയിപ്പിച്ച പരീക്ഷണങ്ങളുടെ ഫലങ്ങൾ നിരവധി അന്താരാഷ്ട്ര ഗവേഷണ പത്രികകളിൽ പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കാൻ ഒരുങ്ങുമ്പോഴേക്കും അദ്ദേഹം അർബുദരോഗബാധിതനായിരുന്നെന്നാണ് അറിയാനായതെന്നു പി.എംജി നമ്പീശൻ.

സുദർശൻ മലയാളിയാണെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നെന്നും കോൽക്കത്തയിലെ സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയർ ഫിസിക്സിൽ നിന്നു സീനിയർ പ്രൊഫസറായി വിരമിച്ച നമ്പീശൻ പറഞ്ഞു. കോൽക്കത്തയിലാണ് ഞങ്ങൾ കാണുന്നതും പരിചയപ്പെടുന്നതും. മിക്കവാറും ഇംഗ്ലിഷിലാണ് ആശയവിനിമയം. ഇടയ്ക്കെപ്പോഴോ കേരളത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഡോ. സുദർശൻ മലയാളിയാണെന്നും വേരുകൾ കണ്ണൂരിലാണെന്നും അറിഞ്ഞത്.

ഞങ്ങൾ രണ്ട് സ്ഥാപനങ്ങളിലായാണ് ഗവേഷണം നടത്തിയിരുന്നത്. ആഴ്ചയിൽ ഒന്നിച്ച് കാണാറുണ്ട്. നല്ല സൗഹൃദം, ഹൃദ്യമായ പെരുമാറ്റം ഗവേഷണ സംബന്ധമായ ചർച്ചകൾ . ഞങ്ങൾ മലയാളി സുഹൃത്തുക്കൾ ഒത്തുചേർന്നാൽ ഡോ. സുദർശനെ കൊണ്ടു മലയാളത്തിൽ സംസാരിപ്പിക്കും. ആദ്യഘട്ടത്തിൽ അത്ര സ്ഫുടമായി മലയാളം പറയാൻ പറ്റിയിരുന്നില്ല. പിന്നീട് നന്നായി സംസാരിക്കുമായിരുന്നു.

ഡോ. സുദർശന്‍റെ നിര്യാണത്തിൽ അന്തരീക്ഷ പഠന ശാസ്ത്രജ്ഞനും യുറോപ്യൻ സ്പേസ് ഡെപ്യൂട്ടി ഡയറക്റ്ററുമായിരുന്ന ഡോ. എം.കെ. സതീഷ് കുമാറും അനുശോചിച്ചു.ന്യൂക്ലിയർ ഫിസിക്‌സിന് നഷ്ടമായത് ഊർജസ്വലനായ ഒരു ഗവേഷകനെയാണെന്ന് ഡോ. സതീഷ് കുമാർ അനുസ്മരിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു