ജോൺ റസ്കിൻ

 
Special Story

സംസ്കാരം വാങ്ങാൻ ക്യൂ നിൽക്കുന്നവർ

കവിത സംഗ്രഹത്തിനോ പരാവർത്തനത്തിനോ വേണ്ടിയല്ല എഴുതപ്പെടുന്നത്. അത് ആന്തരികവും പ്രഭാമയവുമായ അനുഭൂതിയാണ്

MV Desk

അക്ഷരജാലകം|എംകെ ഹരികുമാർ

പരമ്പരാഗത ധാരണയനുസരിച്ചു സംസ്കാരം ആർജിക്കാൻ സാമൂഹികമായ അറിവ് നേടണം. മറ്റുള്ളവരോട് സഹകരിക്കണം. ധർമം അറിയണം. ഭിക്ഷ യാചിച്ചു വരുന്നവർക്ക് ധർമം കൊടുക്കുക എന്ന് പറയാറുണ്ട്. ധർമം എന്നത് മര്യാദയുടെ പരമോന്നത തലമാണ്. സഹജീവികളോട് അനുതാപവും സ്നേഹവും ആദരവും തുല്യതയും കാണിക്കുന്നതിന്‍റെ ഉന്നത രൂപമാണ് ധർമം. ധർമം നിലനിർത്താനാണ് കുരുക്ഷേത്ര യുദ്ധം നടന്നത്. ധർമത്തെ കാത്തു രക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾക്ക് ജീവൻ വെടിയേണ്ടി വന്നു. അതിന്‍റെയർഥം ധർമത്തിന് ലക്ഷക്കണക്കിനാളുകളുടെ ജീവനേക്കാൾ വിലയുണ്ടെന്നാണ്. അത് മനുഷ്യ വംശത്തേക്കാൾ വലിയ ആശയമാണ്. ധർമത്തെയാണ് സേവിക്കേണ്ടത്. ധർമമാണ് സഹവർത്തിത്വം. ധർമമാണ് ജനപ്രിയത. ധർമമാണ് ജനാധിപത്യം. ധർമമാണ് സ്വാതന്ത്ര്യം. ധർമത്തിലാണ് നമ്മുടെ ജീവിതം അർഥം തേടുന്നത്.

മനുഷ്യാസ്ഥിത്വത്തിന് ധർമത്തെ ഉപേക്ഷിക്കാനാവില്ല. അവിടെയാണ് സംസ്കാരം പിറവിയെടുക്കുന്നത്. മര്യാദകേടിന്‍റെ എതിർ ശബ്ദമാണ് സംസ്കാരം. അഭയം, സ്നേഹം, കാരുണ്യം, മോചനം, സാഹോദര്യം തുടങ്ങിയവയെല്ലാം അടങ്ങിയതാണ് സംസ്കാരം. കലയിൽ സംസ്കാരമുണ്ടാകുന്നത് അത് മാനവരാശിക്ക് ഒഴിച്ചുകൂടാൻ വയ്യാത്ത ഉൽകൃഷ്ടത ആർജിക്കുന്നതു കൊണ്ടാണ്.

ജോൺ റസ്കിൻ എഴുതിയ "അൺ ടു ദ് ലാസ്റ്റ്' എന്ന പുസ്തകം ഗാന്ധിജിയെ ആകർഷിച്ചത് അത് മനുഷ്യ സംസ്കാരത്തെ വിപുലീകരിക്കുന്നതു കൊണ്ടാണ്. ഏറ്റവും പാവപ്പെട്ടവർക്ക് അന്നവും വസ്ത്രവും പാർപ്പിടവും കിട്ടുമ്പോഴാണ് വികസനം അല്ലെങ്കിൽ സംസ്കാരം ഉണ്ടാകുന്നതെന്ന് ആ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഗാന്ധിജിക്ക് ഇത് ഇഷ്ടപ്പെട്ടു. താൻ ഷർട്ട് ധരിക്കണമെങ്കിൽ ഏറ്റവും താഴേ തട്ടിലുള്ളവർ മേൽവസ്ത്രം ധരിക്കണമെന്നാണ് ഗാന്ധിജി മുന്നോട്ടു വച്ച നിബന്ധന. ഇന്ത്യയിലെ കോടിക്കണക്കിനാളുകൾ ഷർട്ട് വാങ്ങാൻ പണമില്ലാതെ അലയുമ്പോൾ താൻ ഷർട്ടിട്ട് പൊങ്ങച്ചം കാണിക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അത് സംസ്കാരത്തിന്‍റെ ശ്രേഷ്ഠമായ ഒരടയാളമാണ്. കലാകാരന്മാരും രാഷ്‌ട്ര നേതാക്കളും വിദ്യാസമ്പന്നരും സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു. മനുഷ്യനെന്ന നിലയിൽ സഹകരിച്ച് ജീവിക്കണമെങ്കിൽ സംസ്കാരം വേണം. മനുഷ്യരാശിക്ക് സാഹോദര്യത്തിന്‍റെ പതാക വഹിക്കാൻ കഴിയുമാറാകണം.

കലയിൽ, സാഹിത്യത്തിൽ ഈ ഉന്നതമായ വീക്ഷണമുണ്ട്. ടാഗോറിന്‍റെ ഗീതാഞ്ജലിയെക്കുറിച്ച് നാം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന അസ്തിത്വത്തിന്‍റെ ഉൽകൃഷ്ടമായ ചിന്ത നമ്മെ ഒരുപടി ഉയർത്തുകയാണ്. നമ്മെക്കാൾ വലിയ ഒരു ഉണ്മയെ അഭിസംബോധന ചെയ്യുന്നു. നമ്മെ പൂഴിയിൽ നിന്ന് ആകാശത്തിലേക്ക് ഉയർത്തുന്ന വിദ്യയാണത്. അതാണ് നാം പ്രതീക്ഷിക്കുന്നത്. അത് പ്രതീക്ഷിച്ചാണ് എല്ലാവരും ഒരുമിക്കുന്നത്. എല്ലാ സ്നേഹ ബന്ധങ്ങളുടെയും അടിയിൽ ഇതാണുള്ളത്.

കമ്പോളം വീട്ടിലേക്ക്

എന്നാൽ ഈ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വിഭ്രാമകതയിൽ സംസ്കാരത്തിന്‍റെ അർഥം മാറുകയാണ്. ഉന്നതമായ സഹിഷ്ണുത, ദയ, കാരുണ്യം, സഹാനുഭൂതി, സാഹോദര്യം, വ്യക്തിത്വം, മര്യാദ, സത്യം തുടങ്ങിയ മൂല്യങ്ങളൊക്കെ സംസ്കാരം എന്ന വാക്കിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു. ആരെയും പരിരക്ഷിക്കാനല്ല ഇന്ന് സംസ്കാരമുള്ളവനാകുന്നത്. ഈ ഉത്തര- ഉത്തരാധുനികമായ 21ാം നൂറ്റാണ്ടിൽ സംസ്കാരം ഒരാളുടെ സാമൂഹികമായ വാങ്ങൽ ശേഷിയും പദവിയുമാണ് നിർണയിക്കുന്നത്. കമ്പോളം നമ്മുടെ വീടിനുള്ളിലേക്ക് കടന്നുവന്നിരിക്കുന്നു. ഓൺലൈൻ ഷോപ്പിങ് ഒരാളെ സ്ഥിരമായി ഉപഭോഗ രസത്തിൽ തളച്ചിടുന്നു. നാം ഏതൊരിടത്തും ഒരു ഉപഭോക്താവാണ്. യാതൊരു ഉറപ്പും ആരും തരാത്ത കമ്പോളത്തിലെ സന്ദർശകനാണ്. നാം എവിടെ ചെന്നാലും അവിടെയെല്ലാം സാധനങ്ങളും സേവനങ്ങളും വിൽക്കുന്നവരെയും വാങ്ങുന്നവരെയും കാണാം. സൈബർ ഇടങ്ങളിലും വാങ്ങലും വില്പനയും തന്നെ.

വാങ്ങാൻ കഴിവില്ലാത്തവനെ ഈ ലോകം ശ്രദ്ധിക്കുന്നതു പോലുമില്ല. അവൻ ചിത്രത്തിലില്ല. വൻ തോതിലുള്ള ഉത്പാദനം നടക്കുകയാണ്. എല്ലാ ഉത്പന്നങ്ങളും ഒരു പ്രവാഹം പോലെ വിപണികളിലേക്ക് കുതിച്ചെത്തുകയാണ്. ചില്ലറയായും മൊത്തമായും വാങ്ങുന്നവരെയാണ് ഓരോ തെരുവും ഉറ്റു നോക്കുന്നത്. വിറ്റു പോകാത്ത സാധനങ്ങൾ എന്ത് ചെയ്യും? അതുകൊണ്ട് ഏതൊരാളെയും ഒരു ഉപഭോക്താവ് അല്ലെങ്കിൽ വാങ്ങുന്നവൻ എന്ന പദവിയിലേക്കുയർത്തുകയാണ് വിപണി ചെയ്യുന്നത്. വിപണി ശ്രദ്ധിക്കുന്നത് വാങ്ങാൻ വരുന്നവനെയാണ്. വാങ്ങുന്നവനാണ് ഉന്നതമായ വ്യക്തിത്വമുള്ളവൻ! അവനാണ് സംസ്കാരമുള്ളത്. വെറുതെ വാങ്ങിയാൽ പോരാ, ഉപയോഗിച്ച ശേഷം പരമാവധി വേഗത്തിൽ വലിച്ചെറിയുകയും വേണം. അപ്പോൾ മാത്രമേ പുതിയ ഉത്പന്നം വാങ്ങാനാകൂ. ഒരാൾ ഒരു ഫോൺ അല്ലെങ്കിൽ കാർ വാങ്ങി വീട്ടിൽ എത്തുമ്പോഴേക്കും പുതിയ ഒരു ബ്രാൻഡ് മാർക്കറ്റിൽ എത്തിയിരിക്കും. അതോടെ നേരത്തേ ഫോൺ അല്ലെങ്കിൽ കാർ വാങ്ങിയവർ പഴഞ്ചന്മാരായി!

എപ്പോഴും പുതിയത് വാങ്ങുന്നവനെ ലോകം ഉറ്റുനോക്കുന്നു. അവനാണ് മാർക്കറ്റിനെ നയിക്കുന്നത്. ഇത് മാർക്കറ്റുകളുടെ റിപ്പബ്ലിക്കാണ്. വീട്ടുപകരണങ്ങളും ഫർണിച്ചറും ദീർഘകാലം നീണ്ടു നിൽക്കുന്നതാകരുത് എന്നത് ഇന്നത്തെ ആദർശമാണ്! അത് ദീർഘകാലം ഉപയോഗിക്കുന്നവനെ അപരിഷ്കൃതനെന്നാണ് ഈ കാലം വിളിക്കുന്നത്. അവൻ നിശ്ചലതയിലാണുള്ളത്. നാഗരികതയുടെ ചലനത്തിനൊപ്പം അവൻ ചലിക്കുന്നില്ല. ഈ നാഗരികതയുടെ വേഗം അപാരമാണ്. യുദ്ധത്തിലും രാഷ്‌ട്രീയത്തിലും വേഗമാണ് പ്രധാന ഘടകം. ഇന്നത്തെ യുദ്ധവിമാനങ്ങളും പീരങ്കികളും തോക്കുകളും എത്ര വേഗത്തിൽ ഫലം തരും എന്ന ചിന്തയെ അടിസ്ഥാനമാക്കി നിർമിച്ചവയാണ്.

വിപണി ആവിഷ്കാരമാണ്

ശബ്ദത്തേക്കാൾ വേഗമുള്ള വിമാനമാണ് ആവശ്യം. ശബ്ദത്തേക്കാൾ വേഗമുള്ള ട്രെയ്‌നാണ് ആവശ്യം. നമുക്ക് പുതിയ ട്രെയ്‌നുകളെല്ലാം ആകർഷകമാകുന്നത് അതിന്‍റെ വേഗത്തിലാണ്. വേഗതയില്ലാത്തതൊന്നും സ്വീകരിക്കപ്പെടുകയില്ല. എത്ര ഭംഗിയുണ്ടെങ്കിലും ഒച്ചിനെപ്പോലെ വേഗത കുറവാണെങ്കിൽ ഒരു വാഷിങ് മെഷീനും സ്വീകരിക്കപ്പെടുകയില്ല. വേഗത ഒരു സാംസ്കാരിക വിഭവമാണ്. വേഗത മാർക്കറ്റിൽ വിലയ്ക്ക് വാങ്ങാം, പണം മുടക്കിയാൽ മതി. ഇത് ഉത്തര- ഉത്തരാധുനികമായ സവിശേഷതയാണ്. ഇതിനോട് യോജിക്കണോ വിയോജിക്കണോ എന്നതല്ല പ്രശ്നം. റസ്റ്ററന്‍റുകളും ഹോട്ടലുകളും റിസോർട്ടുകളുമാണ് കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടയിൽ ഏറ്റവുമധികം ആധുനികവത്കരിക്കപ്പെട്ടത്. വിപണി ഒരാവിഷ്കാരമാണ്. ഏറ്റവും പുതിയ കാർ, ഫോൺ തുടങ്ങിയവ വാങ്ങുന്നവനാണ് വിപണിയിലെ ആകർഷകത്വം. അലംകൃതമായ, ഏറെ സൗകര്യങ്ങളുള്ള ഒരു ഫുഡ് കോർട്ടിൽ ചെന്ന് വില കൂടിയ ഭക്ഷണം വാങ്ങി കഴിക്കുന്നത് സാംസ്കാരികമായ പ്രവർത്തനമാണ്. അതിലൂടെ ഉപയോക്താവ് ഈ കാലത്തെ വിപണിയുടെ പരിഷ്കൃതിയോട്, സാംസ്കാരിക മികവിനോട്, നവീനരുചിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.

സൗന്ദര്യത്തിന്‍റെ ആവിഷ്കാരമാവുകയാണ് ഉപയോക്താവിനെ വശീകരിക്കാൻ വേണ്ടത്. ഉപയോക്താവിനെ ഇത് സംഘർഷത്തിലാക്കുന്നു. സമാധാനത്തിനായി വീണ്ടും വീണ്ടും വാങ്ങുകയല്ലാതെ മാർഗമില്ല. പുതിയ ഗൃഹോപകരണങ്ങളും ഇലക്‌ട്രോണിക് വസ്തുക്കളും അതിന്‍റെ നിർമിതിയിൽ തന്നെ സൗന്ദര്യത്തിന്‍റെ അനുബന്ധ വർണങ്ങൾ ചേർത്ത് മനോഹരമാക്കിയിട്ടുള്ളതാണ്. അത് ഒരു പ്രലോഭനമാണ്. അതിനെ അതിജീവിക്കാൻ വീണ്ടും വാങ്ങുകയല്ലാതെ വഴിയില്ല. വാങ്ങുന്നതിൽ ചിലപ്പോൾ ചതി പറ്റാം. വീട്ടിലെത്തിയ ശേഷമാണ് വീണ്ടുവിചാരമുണ്ടാവുക, മറ്റൊരു മോഡൽ വാങ്ങാമായിരുന്നുവെന്ന്. നേരിയ വിലവ്യത്യാസത്തിൽ ആപ്ലിക്കേഷനിലും ഡിസൈനിലും മതിഭ്രമമുണ്ടാക്കുന്ന മാറ്റങ്ങളാണ് ഗൃഹോപകരണങ്ങൾക്കും മറ്റുമുള്ളത്. അത് കേവലം ഉപകരണങ്ങളല്ല, സൗന്ദര്യത്തെ ആലേഖനം ചെയ്ത കലാവസ്തുക്കളാണ്. അതിൽ ഉപയോഗിക്കുന്ന ടെംപ്ലേറ്റുകളും നിറങ്ങളും ആധുനിക ലാവണ്യത്തെ ലക്ഷ്യം വച്ചുള്ളതാണ്. ഉപഭോക്താവിന്‍റെ മുന്നിൽ ഭയങ്കരമായ മാനസികവ്യഥയും വെല്ലുവിളിയുമാണ് ഈ സാധനങ്ങൾ ഒരുക്കി വച്ചിട്ടുള്ളത്.

വാങ്ങാൻ പോകുമ്പോൾ, ഒരു സാംസ്കാരിക ജീവിയുടെ ഏറ്റവും വലിയ സിംഹാസനമാകും അവന്‍റെ മനസിലുണ്ടാവുക. സാധനം വാങ്ങി വീട്ടിലെത്തിക്കഴിഞ്ഞാൽ അതിന്‍റെ പ്രദർശനപരത നഷ്ടപ്പെടുകയും മറ്റനേകം വസ്തുക്കൾക്കിടയിലൊന്നായി ചുരുക്കുകയും ചെയ്യുന്നു. ഈ നിരാശയാണ് ഇന്നത്തെ ഉപഭോക്താവിന്‍റെ ആന്തരികമായ ശൂന്യതയും ആത്മീയമായ ദാരിദ്ര്യവും സൃഷ്ടിക്കുന്നത്. അവൻ ആരും സഹായിക്കാനില്ലാത്ത ചുറ്റുപാടിലാവുകയാണ്. അവൻ മനസിൽ ഒരു കുട്ടിയെ പോലെ നിരാശ്രയനായി കേഴുകയാണ്. അവൻ ആരോട് പറയും?

ശൂന്യത

വർണാഭമായ ഒരു വലിയ വിപണി പലതും കാണിച്ചു വശീകരിച്ച് ഒരു സാധനം വാങ്ങിക്കൊണ്ടു പോകാൻ അവനെ ആത്മീയമായി സജ്ജീകരിച്ചതിന്‍റെ തുടർചലനങ്ങളാണ് കാത്തിരിക്കുന്നത്. വാങ്ങിവച്ച ഉപകരണങ്ങൾ, ദിനംപ്രതി പുതുമ നഷ്ടപ്പെട്ട മറ്റു വസ്തുക്കൾക്കിടയിൽ പഴമയുടെ പതാകയേന്തി ഒറ്റപ്പെടുമ്പോൾ ഉപഭോക്താവ് അസ്തിത്വപരമായ, ആത്മീയമായ ഏകാന്തതയിൽ യുക്തിക്കും വിശ്വാസത്തിനുമിടയിൽ പൊങ്ങുതടി പോലെ ഒഴുകുകയാണ്. എല്ലാ വിപണിയും ആത്യന്തികമായി ഉപഭോക്താവിനെ നിരാശപ്പെടുത്തുകയാണ്. അവന്‍റെ സ്വപ്നമായിരുന്നത് നിരാശയുടെ വസ്തുവായി രൂപാന്തരപ്പെടുന്നു. അനേകം വസ്തുക്കൾ ഒരേ ഉപയോഗത്തിന്‍റെ പേരിൽ ചിന്താക്കുഴപ്പമുണ്ടാക്കുമ്പോൾ കൈയിലുള്ള പണം വാരിയെറിഞ്ഞാണ് അവൻ യുക്തിയെ വീണ്ടെടുക്കാൻ തുനിയുന്നത്.

പണം കൈയിൽ നിന്നിറങ്ങിപ്പോകുന്ന മാത്രയിൽ അവന്‍റെ തെരഞ്ഞെടുപ്പിന്‍റെ ശൂന്യതയും അർഥരാഹിത്യവും അവനെ ആക്രമിക്കാൻ തുടങ്ങും. എന്നാൽ ഈ സംസ്കാരത്തിന്‍റെ കമ്പോളത്തിലെ നിത്യസന്ദർശകൻ എന്ന പദവി നഷ്ടപ്പെടുത്താൻ അവൻ ഒരുക്കമല്ല. അവന്‍റെ പ്രണയത്തിലും ഔദ്യോഗിക ജീവിതത്തിലും വീട്ടിലും വ്യക്തിപരമായ നിലനിൽപ്പിനാധാരം വിപണിയിലുള്ള അവന്‍റെ സാന്നിധ്യവും ഇടപെടലും തന്നെയാണ്. വിപണിയാണ്, അവനെ നിത്യനൂതനമാക്കുന്നത്. അവിടെയാണ് സംഗീതവും ദൃശ്യകലയുമുള്ളത്. അവിടെയാണ് സ്പോർട്സും ക്രയവിക്രയവുമുള്ളത്.

വിപണി, സംസ്കാരം

വിപണി അവന് സംസ്കാരം സമ്മാനിക്കുന്നു. സംസ്കാരം വിലകൊടുത്ത് വാങ്ങുന്നതോടെ അവന് താൽക്കാലികമായ ഇടത്താവളങ്ങൾ കിട്ടുന്നു. അവന്‍റെ വാങ്ങൽ ശേഷി സമൂഹത്തിൽ നിലനിൽക്കാനുള്ള വിസയാണ്. തന്‍റെ സമ്പാദ്യം തന്നെ സാംസ്കാരിക ജീവിയാക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ഇടയ്ക്കൊക്കെ കുത്തി നോവിക്കാറുണ്ടെങ്കിലും ആ ഓട്ടത്തിൽ നിന്ന് മാറി നിൽക്കാൻ അനുവദിക്കാത്ത വിധം ജീവിതം വന്യമായിപ്പോവുകയാണ്. ഒരുവശത്ത് വിപണിയുടെ വശ്യമായ സംഗീതവും തോരണവും സമ്പന്നമായ സമൂഹത്തിന്‍റെ സാന്നിധ്യവും; മറുവശത്ത് സമ്പാദ്യം വർർണ്തിനും ശബ്ദത്തിനും സംസ്കാരത്തിനുമായി മാറ്റിവയ്ക്കുന്നതിലെ ആധിയും.

അനുഭവം ഇങ്ങനെയാണുണ്ടാവുന്നത്. വില കൂടിയ അനുഭവങ്ങൾക്ക് സമ്പന്നർ ശ്രമിക്കാതിരിക്കില്ല. ആർക്കും ലഭിക്കാത്ത അനുഭവങ്ങൾ സ്വന്തമാക്കാനായി ചിലർ പായ്‌വഞ്ചിയിൽ കടൽ ചുറ്റുന്നു; ചിലർ ലോക പര്യടനത്തിനിറങ്ങുന്നു. ചിലർ സൈക്കിളിൽ രാജ്യങ്ങളിലൂടെ റോന്ത് ചുറ്റുന്നു. വില കൂടിയ പുതിയ വാഹനത്തിന് ബുക്ക് ചെയ്യുന്നവർ, ബഹിരാകാശത്ത് പോകാൻ ക്യൂ നിൽക്കുന്നവർ... ആ നിര അവസാനിക്കുന്നില്ല. ഇവിടെയെല്ലാം സാംസ്കാരമാണ് വിലയ്ക്ക് വാങ്ങുന്നത്. ടൂറിസവും ഭക്ഷണവും സംസ്കാരത്തിന്‍റെ വിഭവങ്ങളാണ് ഒരുക്കുന്നത്. പുതിയ രുചിയിൽ ഭക്ഷണം കൊടുക്കുന്നിടത്ത് ആളുകൾക്ക് കൂട്ടമായി എത്തുന്നു. എന്നാൽ ഒരു കവിയരങ്ങിൽ ആ തിരക്കില്ല. കിച്ചൻ കോർണറിൽ നിങ്ങൾ രുചിച്ചിട്ടില്ലാത്തതാണ് വിളമ്പുന്നത്; കവിയരങ്ങിലാകട്ടെ നിങ്ങൾ പലവട്ടം കേട്ട ഈണവും ആശയങ്ങളുമാണ് വിളമ്പുന്നത്.

രജതരേഖകൾ

1) കൊവിഡ്, പെരിസ്ട്രോയ്ക്ക

കൊവിഡ് സൃഷ്ടിച്ചത് ഒരു സാർവത്രികമായ പൊളിച്ചെഴുത്താണ്. റഷ്യൻ ഭാഷയിൽ പെരിസ്ട്രോയ്ക്ക (പുനഃക്രമീകരണം) എന്നു പറയാം. അതുവരെ ഉണ്ടായിരുന്ന ക്രമം മാറി. കൊവിഡ് നമുക്ക് ദുഃഖസ്മൃതികൾ തന്നു, ശരിയാണ്. അതാണ് നമ്മുടെ ബോധത്തിൽ നിറയെ. എന്നാൽ കൊവിഡ് ഒരു പുനഃക്രമീകരണവും പുനർഭാവനയും സാധ്യമാക്കി. കടലാസിൽ നിന്ന് ഇന്‍റർനെറ്റിലേക്കും ലാപ്ടോപ്പിലേക്കും യൂട്യൂബിലേക്കും നമ്മുടെ കുട്ടികളെ പ്രവേശിപ്പിച്ചത് കൊവിഡാണ്. ബൃഹത്തായ ഒരു പുതിയ ലോകം അവർക്ക് മുന്നിൽ തുറന്നു. അധ്യാപകരില്ലാതെയും പഠിക്കാമെന്ന് കുട്ടികൾക്ക് ബോധ്യമായി. സ്കൂളിനെയും കലാശാലയെയും ആശ്രയിക്കാതെ ധാരാളം അറിവുകൾ നേടിയ പുതിയ ഒരു കൂട്ടം പ്രായഭേദമെന്യേ ഉണ്ടായി. അവർ ലോകത്തെ സ്ഥലകാല സങ്കല്പങ്ങൾക്കപ്പുറം വീക്ഷിക്കാൻ തുടങ്ങി. എഐ, ഡിജിറ്റൽ ഉത്പന്നങ്ങൾ ജീവിതത്തെ നിയന്ത്രിക്കുന്ന പുതിയ പ്രവണതയുടെ മുന്നൊരുക്കമായി കൊവിഡിനെ പരിഗണിക്കാം.

2) ജി. തുളസീധരൻ ഭോപ്പാൽ

"തത്വമസിയുടെ ജീവിതദർശനം' (യതിജ്ഞാന സരണി, ബുധസംഗമം, കാലടി) എന്ന പേരിൽ ജി. തുളസീധരൻ ഭോപ്പാൽ എഴുതിയ ലേഖനം ഭാരതീയ ദർശനങ്ങളെ അടുത്തു നിന്നു കാണാനുള്ള ശ്രമമാണ്. വേദ, ഉപനിഷത്തുകളിലെ സാരം ഇവിടെ സംക്ഷിപ്തമായി പ്രതിപാദിക്കുന്നു. "ഒരു കണം മുതൽ ഏതിനെയും അറിയുക, അനുഭവിക്കുക, സാക്ഷാത്കരിക്കുക എന്നെല്ലാം പറഞ്ഞാൽ അതിന്‍റെ ഘടനയെ അറിയുക, പ്രവർത്തനത്തെ അറിയുക, കാര്യവും കാരണവും തമ്മിലുള്ള പാരസ്പര്യം അറിയുക, അംശിയിൽ അംശം എങ്ങനെ നിഹിതമായിരിക്കുന്നു എന്നറിയുക എന്നതെല്ലാം പ്രധാനമാണ്.'ഇവിടെ പറഞ്ഞിരിക്കുന്ന പാരസ്പര്യം എന്ന വാക്കിനുളളിലെ ആഴത്തിലറിയുക എന്ന അർഥത്തിലേക്കാണ് അദ്ദേഹം ഉപനിഷദ് വിചാരത്തെ കൊണ്ടുപോകുന്നത്.

3) സമീറ സിദ്ധിഖ്

നമ്മൾ വ്യഥിതരുടെ മനസറിയാത്ത വെറും കരിമ്പാറകളാണെന്ന അർഥത്തിൽ സമീറ സിദ്ധിഖ് എഴുതിയ കവിതയാണ് "നമ്മൾ ഒന്നുമറിഞ്ഞില്ല' (പ്രഭാത രശ്മി, മെയ്). തെരുവിന്‍റെ മക്കളെ, മർദിതരെ, വയോധികരെ, യുദ്ധഭീതിയിൽ പലായനം ചെയ്യുന്നവരെ ഒന്നും നാം അറിഞ്ഞില്ല. "ഓടുന്നു നമ്മൾ നമുക്കായി മാത്രമോ?' എന്ന ചോദ്യം കവിതയിൽ ഉയരുന്നു.

4) പി.എൻ. രാജേഷ്കുമാർ

പി.എൻ. രാജേഷ്കുമാറിന്‍റെ മൂന്നാമത് കവിതാ സമാഹാരം 'നീലഗിരിയിലെ ഞായറാഴ്ചകൾ' (ബോധി ബുക്സ്) 75 രചനകൾ ഉൾക്കൊള്ളുന്നു. ഏതു കാലത്തു നിന്നും ജീവിതത്തിന്‍റെ നനവും മധുരവും ഊറ്റിയെടുക്കുകയാണ് ഈ കവിയുടെ ലക്ഷ്യം. എല്ലാറ്റിലും സ്വയം ദർശിക്കുകയാണ്. "ഉൾക്കടലിലെ പ്രണയപ്പുറ്റുകൾ' എന്ന കവിതയിലെ വരികൾ :

"അത്യത്ഭുതം! പൂക്കളെല്ലാം

നീലിച്ചൊരാ ഉൾക്കടലിൽ

കാണ്മതെല്ലാം പ്രണയപ്പുറ്റുകൾ

ഹേ നീലിമേ, നീയാത്മചേതന...'

5) രതീഷ് ഇളമാട്

രതീഷ് ഇളമാട് എഴുതിയ "സർഗവീഥിയിലെ കലാപങ്ങൾ' (മാതൃഭൂമി) എന്ന വിമർശനകൃതിയിൽ വൈലോപ്പിള്ളി, സുഗത കുമാരി, എം.എൻ. വിജയൻ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങൾ വായിക്കാം. ഇന്നത്തെ ചില എഴുത്തുകാരുടെ രചനകളും പഠനവിഷയമാക്കുന്നുണ്ട്. രാഷ്‌ട്രീയ പ്രചാരണത്തെ സാഹിത്യത്തിൽ നിന്ന് ഒഴിച്ചു നിർത്തണമെന്ന ഗ്രന്ഥകാരന്‍റെ നിലപാടിന് ഭംഗിയുണ്ട്. സമകാലസാഹിത്യത്തെ തന്‍റേതായ നിലയിൽ അപഗ്രഥിക്കുന്നതിൽ ഈ എഴുത്തുകാരന് പ്രത്യേക വൈദഗ്ധ്യമുണ്ട്.

6) കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ എഴുതിയ "മാതൃകാ ലൈബ്രറി' (സ്ത്രീശബ്ദം, മെയ്) എന്ന കവിതയിൽ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന നിലയിൽ കണ്ട് ലൈബ്രറികളെ നന്നായി പരിഹസിക്കുന്നു. ചില ലൈബ്രറികൾ അതർഹിക്കുന്നു.

"കീരി ലൈബ്രേറിയൻ

പാമ്പ് സെക്രട്ടറി

പൂച്ചകൾ, മൂഷികർ വായനക്കാർ.

ഒറ്റ മനുഷ്യനും

അംഗമല്ലായ്കയാൽ

ജന്മശതാബ്ദിയാഘോഷിപ്പൂ

ലൈബ്രറി.'

7) ചങ്ങാതിമാരുടെ സാഹിത്യം

എഴുത്തുകാരുടെ കൂട്ടമായാലും ചങ്ങാതിമാരുടെ കൂട്ടമായാലും പൈങ്കിളിസാഹിത്യത്തെ, നിലവാരമില്ലാത്ത കൃതികളെ, കാലഹരണപ്പെട്ട ചിന്തകളെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ അത് വ്യർഥമാണ്.

8) ടി.എസ്. എലിയറ്റ്

യഥാർഥ കവിത അത് മനസിലാക്കുന്നതിന് മുമ്പേ ആസ്വദിക്കാനുള്ളതാണ് - പ്രമുഖ കവിയും വിമർശകനുമായ ടി.എസ്. എലിയറ്റ് പറഞ്ഞു. താൻ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത മിക്ക കവിതകളും തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. കവിത വാക്കുകളുടെ വെറും അർഥമല്ലെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കവിത സംഗ്രഹത്തിനോ പരാവർത്തനത്തിനോ വേണ്ടിയല്ല എഴുതപ്പെടുന്നത്. അത് ആന്തരികവും പ്രഭാമയവുമായ അനുഭൂതിയാണ്. അതിൽ സൗന്ദര്യമാണുള്ളത്.

9) വൈക്കം ചന്ദ്രശേഖരൻ നായർ

സുകുമാർ അഴീക്കോടിനെക്കുറിച്ച് വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ "ഒറ്റയാൻ' (പുനഃപ്രസിദ്ധീകരണം: പ്രഭാത രശ്മി, മെയ്) എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "ഭാവിയുടെ നിശ്ചിത സങ്കേതങ്ങളുള്ള ചക്രവാളത്തിൽ അന്തർലോചനങ്ങളർപ്പിച്ചു കൊണ്ട് നടത്തുന്ന യുദ്ധം.സുകുമാർ അഴീക്കോട് പ്രാചീന ദർശനങ്ങൾ പഠിച്ച് സ്വന്തം ശൈലിയിൽ ചിന്തിക്കുന്ന പണ്ഡിതനാണ്. പണ്ഡിതനെന്ന പദത്തിൽ ധ്വനിക്കുന്ന പഴക്കം അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ല. നിത്യനൂതനങ്ങളായ ഓളവും കാറ്റുമാണ് ആ മനസിൽ നിറയെ.'

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

മതിൽ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരേ കേസ്