ആർട്ടിസ്റ്റ് നമ്പൂതിരി
വിജയ് ചൗക്ക്
സുധീര്‍ നാഥ്
1925 സെപ്റ്റംബര്‍ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ട് മനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായി പിറന്ന കെ.എം. വാസുദേവന്‍ നമ്പൂതിരി ജീവിച്ചിരുന്നെങ്കില്‍ ശനിയാഴ്ച അദ്ദേഹത്തിനു നൂറാം പിറന്നാള്‍. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിലും പ്രിയപ്പെട്ടവര്‍ ആ ജന്മശതാബ്ദി ആഘോഷിക്കുന്നു. എടപ്പാളിലെ നടുവട്ടം കരുവാട്ടുമനയില്‍ നമ്പൂതിരി ജന്മശതാബ്ദി പരിപാടികള്‍ക്കു തുടക്കം കുറിക്കും. 'എത്രയും ചിത്രം ചിത്രം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്. പുഷ്പാര്‍ച്ചന, കേളി, സംഗീതാര്‍ച്ചന തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കലാ, സാംസ്കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.
ആരേയും ആകര്‍ഷിക്കുന്ന ചാരുതയും വരയിലെ ശക്തിയും നമ്പൂതിരിയെ മറ്റു ചിത്രകാരന്മാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. നേര്‍ത്ത രേഖകളുടെ മാന്ത്രികധാരയിലൂടെ ചിത്രതലത്തിന്‍റെ ത്രിമാനങ്ങളും വര്‍ണപ്പൊലിമയും കീഴ്പ്പെടുത്തിയ മഹാനായ കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കേരളത്തിന്‍റെ കലാരംഗത്തെ ഉജ്വല സാന്നിധ്യമായ നമ്പൂതിരിക്ക് രേഖാ ചിത്രകാരന്‍ എന്ന നിലയില്‍ അനന്യ സ്ഥാനമാണുള്ളത്. വിവിധ ആനുകാലികങ്ങളിലൂടെ പ്രശസ്തരുടെ സാഹിത്യ രചനകളോടൊപ്പം അവിടവിടെ ചില കോറലുകള്‍ കൊണ്ട് അദ്ദേഹം സൃഷ്ടിച്ച രൂപങ്ങള്‍ ജീവസുറ്റ കഥാപാത്രങ്ങളായി മാറുന്നു. അതുകൊണ്ട് തന്നെ നമ്പൂതിരിയുടെ വരകള്‍ക്ക് ആരാധകര്‍ കൂടുതലാണ്.
കരുവാട്ടുമനയുടെ ഭിത്തിയില്‍ കരിയിലെഴുതിയ ചിത്രങ്ങളായിരുന്നു കലയിലെ ബാലപാഠം. ചിത്രകലയിലേക്ക് വാസുദേവന്‍ നമ്പൂതിരിയെ ആകര്‍ഷിച്ചത് ശുകപുരം ക്ഷേത്രത്തിലെ ശില്‍പങ്ങളായിരുന്നു. പിന്നീടു മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിൽ റോയ് ചൗധരി, കെ.സി.എസ്. പണിക്കര്‍ തുടങ്ങിയ ഗുരുനാഥന്മാരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. നാലു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് മൂന്നു വര്‍ഷം കൊണ്ടും, 6 വര്‍ഷത്തെ അഡ്വാന്‍സ്ഡ് പെയിന്‍റിങ് കോഴ്സ് ഒരു വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കി. അങ്ങനെ ചിത്രകലാ വിദ്യാഭ്യാസം നാലു വര്‍ഷം കൊണ്ട് അവസാനിപ്പിച്ച ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരനായി തുടക്കം കുറിച്ചു.
ചിത്ര സപര്യയുടെ തുടക്കം മുതല്‍ ദീര്‍ഘകാലം അവിടെയായിരുന്നു, മലയാള സാഹിത്യത്തിലെ പ്രമുഖരുടെ ഉദാത്ത രചനകള്‍ക്ക് ദൃശ്യഭാഷ ചമച്ചു. ശേഷം കലാകൗമുദി, സമകാലിക മലയാളം, മലയാള മനോരമയുടെ ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വരച്ചു. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ക്ലാസിക് നോവലിന് ഉള്‍പ്പെടെ നമ്പൂതിരി ഒരുക്കിയ ചിത്രങ്ങള്‍ കലാചരിത്രത്തിലെ സുവര്‍ണ അധ്യായങ്ങളാണ്. തകഴി ശിവശങ്കരപ്പിള്ള , കേശവദേവ്, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്ട് , ഇടശേരി ഗോവിന്ദൻ നായർ, വി.കെ.എൻ തുടങ്ങി എത്രയോ മഹാരഥന്മാരുടെ സാഹിത്യസൃഷ്ടികൾക്ക് നമ്പൂതിരിവരകൾ അലങ്കാരമായി. വിശ്രുത ചലച്ചിത്രകാരന്മാരായ അരവിന്ദന്‍റെയും പദ്മരാജന്‍റെയും സിനിമകളിലും പ്രവര്‍ത്തിച്ചു.
ചിത്രരചനാ രംഗത്തു ശ്രദ്ധേയനായതോടെ കെ.എം. വാസുദേവന്‍ നമ്പൂതിരി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായി. ഒടുവില്‍ വെറും നമ്പൂതിരിയായി. നമ്പൂതിരി എന്നാൽ ആർട്ടിസ്റ്റ് നമ്പൂതിരി എന്നായി. കേരളീയ കലാചരിത്രത്തിലെ സുവര്‍ണ ശോഭയുള്ള വരകള്‍ പിറന്നത് നമ്പൂതിരിയുടെ കൈളിലൂടെയാണ്. ദീര്‍ഘകാലമായി മലയാളി മനസിനെ വിസ്മയിപ്പിക്കുകയും വളര്‍ത്തുകയും ചെയ്ത കലാജീവിതം. രേഖാചിത്രം, പെയിന്‍റിങ്, ശില്‍പം എന്നിവ കൂടാതെ കാര്‍ട്ടൂണിലും വലിയ സംഭാവനകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.
മാതൃഭൂമി പത്രത്തില്‍ വരച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പരയായ "നാണിയമ്മയും ലോകവും' ആ കാലത്ത് സമൂഹത്തിന്‍റെ നേര്‍ക്കാഴ്ചയായികുന്നു. പത്രത്തിന്‍റെ ആദ്യ പേജില്‍ വര്‍ഷങ്ങളോളം പ്രസിധീകരിച്ചിരുന്ന നമ്പൂതിരിയുടെ ബോക്സ് കാര്‍ട്ടൂണ്‍ ഏറെ സംസാരവിഷയമായിരുന്നു. ഓരോ ദിവസവും നാണിയമ്മ എന്ത് പറയുന്നു എന്നത് കൗതുകത്തോടെ ജനങ്ങള്‍ വീക്ഷിച്ചിരുന്നു. വര്‍ത്തമാനകാല വിഷയങ്ങളുടെ ആക്ഷേപഹാസ്യ പ്രതികരണങ്ങള്‍ വിമര്‍ശനാത്മകമായി നമ്പൂതിരി അവതരിപ്പിച്ചു.
വരയ്ക്കു പുറമെ കരിങ്കല്ലിന്‍റെ കൂറ്റന്‍ ശില്പങ്ങളും ഒരുക്കി. രേഖാചിത്രത്തിനൊപ്പം വര്‍ണചിത്രങ്ങളും നമ്പൂതിരി തീര്‍ത്തു. സംഗീതം, കഥകളി, വാദ്യകല, കൂടിയാട്ടം, തുള്ളല്‍ തുടങ്ങി ദൃശ്യകലകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ നമ്പൂതിരി വരച്ചിട്ടുണ്ട്. ആയിരത്തോളം കഥകളി രേഖകള്‍ വരച്ചു. ഒപ്പം ഒട്ടേറെ കലാകാരന്മാരുടെയും എഴുത്തുകാരുടെയും രേഖാചിത്രങ്ങള്‍ വരച്ചു. കാരിക്കേച്ചറുകള്‍ക്ക് സമാനമായ വരകളായിരുന്നു വ്യക്തിചിത്രങ്ങള്‍ മിക്കതും.
നമ്പൂതിരിയുടെ ചിത്രങ്ങള്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വേറിട്ടു നിന്നാല്‍ പോലും ഒരു അപാകതയും കാണില്ല. അദ്ദേഹത്തിന്‍റെ ചിത്രകലാ ശൈലി ധാരാളം പേര്‍ ഇന്നു പിന്തുടരുന്നുണ്ട്. എങ്കിലും ആര്‍ക്കും നമ്പൂരിയുടെ യഥാര്‍ഥ ചിത്രീകരണ ശൈലിയിലേക്ക് എത്തിപ്പെടാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല.
നമ്പൂതിരി ചിത്രങ്ങള്‍ ഇപ്പോഴും വേറിട്ടു തന്നെ നില്‍ക്കുന്നു. നമ്പൂതിരിയുടെ ചിത്രങ്ങളിലെ പുരുഷന്മാരും സ്ത്രീകളെയും പരിശോധിക്കേണ്ടതും ചിത്രകലയില്‍ താല്പര്യമുള്ളവര്‍ അതു പഠിക്കേണ്ടതും അത്യാവശ്യമാണ്. എത്ര ലളിതമായാണ് അദ്ദേഹം വരച്ചിരിക്കുന്നത് എന്നു കാണാം. പലതും യാഥാര്‍ഥ്യങ്ങളില്‍ നിന്ന് തികച്ചും വേറിട്ടു തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. കഥകളിയും ഇല്ലങ്ങളും ക്ഷേത്രങ്ങളും പ്രമുഖ കെട്ടിടങ്ങളും അദ്ദേഹം വരച്ചു കൂട്ടിയത് മലയാള രേഖാചിത്ര രചനാ രംഗത്ത് വലിയ പഠന വിഷയമായിത്തന്നെ പരിഗണിക്കപ്പെടുന്നു.
ഏഴു പതിറ്റാണ്ടോളം മലയാളത്തിന്‍റെ അക്ഷരങ്ങള്‍ക്കൊപ്പം നമ്പൂതിരിയുടെ രേഖാചിത്രങ്ങളും ഭാഗമായി. പല കാലങ്ങളിലായി നാലു പ്രസിദ്ധീകരണങ്ങളില്‍ നമ്പൂതിരിയുടെ ചിത്രീകരണങ്ങളുണ്ടായിരുന്നു. നമ്പൂതിരി ചിത്രങ്ങള്‍ കാണാൻ മാത്രം ആ പ്രസിദ്ധീകരണങ്ങള്‍ വരുത്തിയവരുണ്ട്. ആ ചിത്രങ്ങള്‍ ഓരോ സാഹിത്യ കൃതികളോടും കഥാപാത്രങ്ങളോടും നീതി പുലര്‍ത്തിയിരുന്നു. എഴുത്തിനു സമാന്തരമായി തന്നെ വരകളും സ്ഥാനം പിടിച്ചു. കഥകള്‍ക്കും നോവലുകള്‍ക്കും നോവലൈറ്റിനും കവിതകൾക്കും മറ്റും നമ്പൂതിരി ചിത്രം വരയ്ക്കുകയായിരുന്നില്ല, ചിത്രം എഴുതുകയായിരുന്നു എന്ന് പ്രശസ്ത ചിത്രകലാ നിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.
എണ്ണമറ്റ മലയാളി ചിത്രകാരന്മാര്‍ക്ക്, പ്രത്യേകിച്ച് രേഖാ ചിത്രീകരണ രംഗത്ത് മാതൃകയാണ് നമ്പൂതിരി വരകള്‍. ശില്പ കലയിലും അഗ്രഗണ്യനായ അദ്ദേഹത്തിന് മണ്ണും മരവും ശിലയും ലോഹവുമെല്ലാം ഒരുപോലെ വഴങ്ങുമായിരുന്നു. മണ്ണും ലോഹത്തകിടുകളും ഉള്‍പ്പടെ പല മാധ്യമങ്ങളില്‍ കലാവിഷ്കാരങ്ങള്‍ നടത്തി. ചെമ്പു ഫലകങ്ങളില്‍ മഹാഭാരതം പരമ്പര ചെയ്തത് പുതുമയാര്‍ന്ന മറ്റൊരു അധ്യായമായി. പറയിപെറ്റ പന്തിരുകുലം, സ്വാതന്ത്ര്യ സമര ചരിത്രം തുടങ്ങിയ ലോഹഫലക ശില്‍പ പരമ്പരയുമെല്ലാം നമ്പൂതിരിയുടെ ശ്രദ്ധേയ സൃഷ്ടികളാണ്. സിനിമകളില്‍ കലാസംവിധാനവും നിര്‍വഹിച്ചിട്ടുളള അദ്ദേഹത്തെ "വരകളുടെ പരമശിവന്‍' എന്നാണ് യശഃശരീരനായ വി.കെ.എന്‍ വിശേഷിപ്പിച്ചിട്ടുളളത്.
സമൂഹത്തിലെ അതതു കാലത്തെ ആധുനിക ഫാഷനുകള്‍ പോലും നമ്പൂതിരിയുടെ ചിത്രങ്ങളില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. നല്ലൊരു നിരീക്ഷകരായിരിക്കണം ഒരു ചിത്രകാരന്‍ എന്നതിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ ആധുനിക ഫാഷനുകൾ പ്രതിഫലിപ്പിക്കുന്നത്. കേരളത്തിന്‍റെ പഴയകാല വസ്ത്രധാരണവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതു വലിയ ചര്‍ച്ചാ വിഷയമായതുമാണ്. നമ്പൂതിരിയുടെ സ്ത്രീകളും കഥകളിയുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഹൈഹീല്‍ഡ് ഷൂസും വാനിറ്റി ബാഗും പുതിയ ഫാഷനും വരകളില്‍ കൊണ്ടുവന്ന നമ്പൂതിരി ശൈലി യുവതലമുറയ്ക്ക് ഇപ്പോഴും കൗതുകമുണ്ടാക്കും.
നമ്പൂതിരിക്ക് 1995ല്‍ ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. രണ്ടു തവണ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം 1974 ല്‍ ലഭിച്ചു. കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ചിത്രകലാരംഗത്തെ പരമോന്നത ബഹുമതിയായ രാജാ രവിവര്‍മ പുരസ്കാരം 2004ല്‍ നല്‍കി ആദരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. ഭാര്യ മൃണാളനി അന്തര്‍ജനം. രണ്ടു മക്കള്‍; ദേവനും, പരമേശ്വരനും.
ഒഴിഞ്ഞ ക്യാന്‍വാസുകള്‍ നമ്പൂതിരിക്ക് സങ്കല്‍പ്പിക്കാന്‍ പ്രയാസമായിരുന്നു. അവസാന കാലം വരെ സാധകമെന്നോണം അദ്ദേഹം എല്ലാ ദിവസവും വരച്ചുകൊണ്ടിരുന്നു. ദിവസവും ഒരു ചിത്രം എങ്കിലും വരയ്ക്കുക എന്ന പതിവ് അദ്ദേഹം തുടർന്നു. പ്രായം ഏറെ ചെന്നിട്ടും വരയുടെ രംഗത്ത് അദ്ദേഹം സജീവമായി നിലകൊണ്ടു. 2023 ജൂലൈ 7ന് നമ്പൂതിരി 97ാം വയസിൽ ഈ ലോകത്തോട് ശാരീരികമായി വിട പറഞ്ഞെങ്കിലും ആ വരകള്‍ ഇന്നും നമുക്കിടയില്‍ ചലനമായി നിലകൊള്ളുന്നു.