ട്രോളും മീമും റീലും

 

file picture

Special Story

ട്രോളും മീമും റീലും

ട്രോളുകളും മീമുകളും റീലുകളും പ്രചരണ രംഗം കീഴടക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Reena Varghese

വിജയ് ചൗക്ക്|സുധീര്‍നാഥ്

വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം വരികയാണെന്നുള്ള ഓര്‍മപ്പെടുത്തല്‍ എപ്പോഴും നല്ലതാണ്. ഈ തവണ കേവലം കാര്‍ട്ടൂണുകളായിരിക്കില്ല, പകരം ട്രോളുകളും മീമുകളും റീലുകളും പ്രചരണ രംഗം കീഴടക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഇവ ഉണ്ടാക്കാന്‍ വിദഗ്ധരായ ചെറുപ്പക്കാരെയും ഏജൻസികളെയും നിയോഗിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ത്തമാനകാല സാഹചര്യത്തില്‍ ജനങ്ങളുമായി ഏറ്റവും കൂടുതല്‍ സംവാദം നടത്തുന്നത് ഇവയൊക്കെയാണ് എന്നാണ് പഠനം തെളിയിക്കുന്നത്.

അച്ചടി മാധ്യമങ്ങളൊക്കെ ഉപേക്ഷിച്ച് ചെറുപ്പക്കാര്‍ മുതല്‍ വാര്‍ധക്യം വന്നവര്‍ പോലും സ്മാര്‍ട്ട് ഫോണുകളുമായി നടക്കുന്ന കാലത്ത് ട്രോളുകളും മീമുകളും റീലുകളുമാണ് സംവാദത്തിനും ആശയവിനിമയത്തിനും പ്രചാരണങ്ങൾക്കും ഏറ്റവും മികച്ചത് എന്ന് കണ്ടെത്തിയിരിക്കുന്നു.

ട്രോളുകളാണ് ഈ ഗണത്തില്‍ ആദ്യം പ്രചാരത്തില്‍ എത്തിയത്. കാര്‍ട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം. അവിടെ വരയില്ല എന്നത് എടുത്തു പറയണം. കാര്‍ട്ടൂണുകള്‍ പത്രമാധ്യമങ്ങളിലാണെങ്കില്‍ ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളിലാണ് വരുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപഹാസ്യ രൂപേണ സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനെയാണല്ലോ ട്രോള്‍ എന്നു പറയുന്നത്. ആദ്യകാലങ്ങളില്‍ ഇറങ്ങിയിരുന്ന ട്രോളുകളില്‍ നിന്ന് വ്യത്യസ്തമായ ട്രോളുകളാണ് ഇന്നു പുറത്തിറങ്ങുന്നത്. രീതികളിലും, സമീപനങ്ങളിലിലും വലിയ മാറ്റം വന്നിട്ടുണ്ട്.

പഴയ സിനിമാ രംഗങ്ങളുടെ കട്ടിങ്ങുകളാണ് ആദ്യകാലങ്ങളില്‍ കൂടുതലായി ട്രോളുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നവിടെ കാര്‍ട്ടൂണുകളും കാരിക്കേച്ചറും മറ്റും സ്ഥാനം പിടിച്ചിരിക്കുന്നു. സന്ദേശം, വരവേൽപ്പ്, കമ്മിഷണർ, ലേലം പോലെയുള്ള രാഷ്‌ട്രീയ സിനിമകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങള്‍ അടര്‍ത്തിയെടുത്ത് അതില്‍ നര്‍മം കലര്‍ത്തി സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ആദ്യ കാല ട്രോളുകളില്‍ കണ്ടിരുന്നത്.

സാമൂഹിക വിഷയങ്ങള്‍, രാഷ്‌ട്രീയ വിഷയങ്ങള്‍ എന്നിവ ഹാസ്യ രൂപേണ അവതരിപ്പിച്ചു കൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകള്‍ക്കു സാധിച്ചിരുന്നു. ട്രോളര്‍മാര്‍ എന്നാണ് ട്രോളുകള്‍ ഉണ്ടാക്കുന്നവരെ വിളിക്കുന്നത്.

പ്രധാനമായും ചലച്ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളും കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും സംയോജിപ്പിച്ചാണ് ട്രോളുകള്‍ നിര്‍മിക്കുന്നത്. ഏതെങ്കിലുമൊരു വിഷയത്തോട് ഒരു കഥാപാത്രം പ്രതികരിക്കുന്നതായി നര്‍മ രൂപേണ അവതരിപ്പിക്കുന്നതാണ് മിക്ക ട്രോളുകളുടെയും ശൈലി. ഭൂരിഭാഗം ട്രോളുകളും ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മിക്കപ്പെടുന്നത്. ട്രോളുകള്‍ക്ക് പ്രചാരം കൂടിയപ്പോള്‍ അത് എളുപ്പത്തില്‍ നിര്‍മിക്കാനുള്ള നിരവധി മൊബൈൽ ആപ്ലിക്കേഷനുകളും ലഭ്യമായി.

ട്രോളുകള്‍ക്കു വലിയ പ്രചാരം ലഭിച്ചു തുടങ്ങിയ ശേഷമാണ് മീമുകളുടെ രംഗപ്രവേശം. വ്യത്യസ്ത സംസ്കാരത്തിന്‍റെയോ ജനതയുടെയോ ഉള്ളില്‍ പടരുന്ന ആശയമോ സ്വഭാവമോ ചിന്തയോ ആണ് മീം എന്നത് കൊണ്ട് അർഥമാക്കുന്നത്. സംസ്കാരിക ആശയങ്ങള്‍ ഒരു മനസില്‍ നിന്നു മറ്റൊന്നിലേക്ക് പകര്‍ത്താന്‍ ഉപകരിക്കുന്ന യൂണിറ്റ് ഒഫ് ഇന്‍ഫോര്‍മേഷനാണ് മീം.

മീമുകള്‍ വായിച്ച് ചിരിക്കാത്തവരും ചിന്തിക്കാത്തവരും കുറവായിരിക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ മീമുകള്‍ക്കായി പ്രത്യേക പേജുകള്‍ വരെയുണ്ട്. സിനിമാ താരങ്ങള്‍ മുതല്‍ കാര്‍ട്ടുണുകള്‍ വരെ മീമുകളില്‍ വരാറുണ്ട്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണിന്‍റെ ഭൂരിഭാഗം ഉപയോക്താക്കള്‍ ഒരു ദിവസം ഏകദേശം 30 മിനിറ്റ് വരെ മീമുകള്‍ വായിക്കാനായി ചെലവഴിക്കുന്നുണ്ട് എന്നാണ്.

80 ശതമാനം ആള്‍ക്കാരുടെ മീം ഉപയോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്ക ഉപയോക്താക്കളും മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള മാര്‍ഗമായാണ് മീമുകളെ ആശ്രയിക്കുന്നത്. ഇനിയും മീമുകളുടെ ഉപയോഗം വര്‍ധിക്കുമെന്നും കൂടുതല്‍ പേര്‍ മീം നിര്‍മാണത്തിലേക്ക് കടന്നു വന്നേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മീമുകളുടെ നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. സാമൂഹ്യ രാഷ്‌ട്രീയ വിഷയങ്ങളെ പൊതുസമൂഹത്തില്‍ എത്തിക്കാന്‍ മീമുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ന്യൂജെന്‍ കാര്‍ട്ടൂണ്‍ എന്നുപോലും മീമുകളെ ട്രോളുകളെയും വിശേഷിപ്പിക്കുന്നവരുണ്ട്. മീമുകളുടെ ലോകത്ത് ആരാധകരുള്ള പ്രശസ്തരായ സെലിബ്രിറ്റികള്‍ ഉണ്ടെന്നത് യാഥാർഥ്യമാണ്. തുടര്‍ച്ചയായി പല ട്രോളുകളിലും മീമുകളിലും ഉപയോഗിക്കുന്ന പല കഥാപാത്രങ്ങളും പ്രശസ്തരാണ്.

ഉദാഹരണമായി ലോകപ്രശസ്തമായ ഒരു സെലിബ്രിറ്റിയാണ് ഏറ്റവും പ്രായം കുറഞ്ഞ സക്സസ് കിഡ്. സാം എന്ന 11 മാസക്കാരന്‍റെ നില്‍പ്പ് ലോകമെമ്പാടുമുള്ള ഹൃദയം കവര്‍ന്നിരുന്നു. ഏതോ വലിയ കാര്യം നേടിയെടുത്ത പോലെ മുഖത്ത് വിജയം കൊണ്ടുള്ള അവന്‍റ നില്‍പ്പും കൈ ചുരുട്ടിയുള്ള ചിരിയും സ്ക്രീനുകളില്‍ നിന്നും സ്ക്രീനുകളിലേക്ക് പറന്നു നടന്നു.

2007ല്‍ ബീച്ചില്‍ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു സാമും കുടുംബവും. ബീച്ചിൽ വച്ച് കൈയിലും വായിലും മണല്‍ നിറച്ചുകൊണ്ട് അമ്മയെ നോക്കിയുള്ള സാമിന്‍റെ ഭാവം അമ്മ തന്നെ ക്യാമറയില്‍ പകര്‍ത്തി. വീട്ടിലെത്തിയതിനു ശേഷം അക്കാലത്ത് ഏറെ പ്രശസ്തമായ ഇമേജ് പ്ലാറ്റ്ഫോം ആയ ഫ്ലിക്കറില്‍ പങ്കുവച്ചു. അതാണ് പിന്നീട് ലോകം ട്രോളിലും മീമിലും കൊണ്ടാടിയ സക്സസ് കിഡ്.

ഹ്രസ്വവും രസകരവുമായ വീഡിയൊകളാണ് റീലുകള്‍. ഇന്ന് ട്രോളുകളേക്കാളും മീമുകളേക്കാളും കൂടുതല്‍ ശ്രദ്ധ റീലുകള്‍ക്കാണല്ലോ. ചിരിപ്പിക്കുന്നതു മുതല്‍ കരയിക്കുന്ന റീലുകള്‍ വരെ ഇപ്പോഴുണ്ട്. ആദ്യമൊക്കെ 15 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കിലും ഇപ്പോളത് 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമായി വർധിപ്പിച്ചിട്ടുണ്ട്.

വീഡിയൊയുടെ കൂടെ സംഗീതം, ഇഫക്റ്റുകള്‍, ക്രിയേറ്റീവ് ടൂളുകള്‍ എന്നിവ ഉപയോഗിച്ച് റീലുകള്‍ നിര്‍മിക്കാം. ചുരുക്കത്തില്‍, ഉപയോക്താക്കളെ രസിപ്പിക്കാനും, സര്‍ഗാത്മകത പ്രകടിപ്പിക്കാനും, ആശയങ്ങള്‍വേഗതയില്‍ പങ്കിടാനും മികച്ച സൗകര്യമാണ് റീലുകള്‍. പുതിയ കാലത്തിന്‍റെ ആശയവിനിമയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസന മുന്നേറ്റങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യം വച്ച് കേരള സര്‍ക്കാര്‍ റീല്‍സിന്‍റെ മത്സരം തന്നെ സംഘടിപ്പിക്കുന്നു.

ബിസിനസുകള്‍ പ്രൊമോട്ട് ചെയ്യാനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമൊക്കെ റീല്‍സ് ഫീച്ചര്‍ ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. ടിക് ടോക്ക് രാജ്യത്ത് നിരോധിച്ചതോടെ ഏറ്റവും കൂടുതല്‍ ഗുണം ലഭിച്ചത് ഇന്‍സ്റ്റഗ്രാമിനാണ്. സോഷ്യല്‍ മീഡിയ ഇന്ന് വിനോദത്തിന് മാത്രമല്ല, പണം സമ്പാദിക്കാനുള്ള ഒരു വേദി കൂടിയായി മാറി. ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്.

സാങ്കേതികവിദ്യയുടെ വളര്‍ച്ച ട്രോളുകള്‍ക്കും മീമുകള്‍ക്കും റീലുകള്‍ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്. രസകരമായ ചിത്രങ്ങള്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്താല്‍ നിര്‍മിച്ച് ഉപയോഗിക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നു. നിമിഷനേരം കൊണ്ട് ഒരു സംഭവം അനിമേഷനാക്കാന്‍ ഇപ്പോള്‍ എഐയുടെ സഹായത്താല്‍ സാധിക്കും.

ഒരു രംഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം രൂപപ്പെടുത്താനും ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇത് വ്യാപകമായി ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണാം. യാഥാർഥ്യം എന്തെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള ഒട്ടേറെ നിര്‍മിതികള്‍ ഇപ്പോള്‍ നടക്കുന്നു എന്നത് ആപത്താണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും തെറ്റിദ്ധരിക്കപ്പെടുന്നവരും ചതിയില്‍പ്പെടുന്നവരും ഏറെയാണ്. അത് കണ്ടില്ലെന്ന് നടിക്കാനും സാധിക്കില്ല.

ഇഷ്ടപ്പെടുന്ന ട്രോളുകളും മീമുകളും റീലുകളും വായിക്കുന്നവരും കാണുന്നവരും അവ സുഹൃത്തുക്കളുമായും ഗ്രൂപ്പുകളുമായും പങ്കിടുന്നു. ഇതുവഴി ആഗോളതലത്തില്‍ പോലും അവ സ്വീകാര്യമാകുന്ന പ്രവണത വര്‍ധിക്കുന്നു. വ്യത്യസ്ത ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്നുമുണ്ട്. ബന്ധുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും വാക്കുകള്‍ പോലും രസകരമായി ട്രോളുകളും മീമുകളും റീലുകളുമാക്കി അവതരിപ്പിക്കാനും സീരിയസ് വിഷയങ്ങളെ തീവ്രത കൈവിടാതെ കാണികളിലേക്ക് എത്തിക്കാനും സഹായിക്കുന്നുമുണ്ട്.

ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും ട്രോളുകളും മീമുകളും റീലുകളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും എന്നത് ഉറപ്പായിക്കഴിഞ്ഞു. ഒരു വ്യക്തിയെ ഉയര്‍ത്തിക്കാണിക്കാനും ഇകഴ്ത്തിക്കാണിക്കാനും ഈ മൂന്ന് മാര്‍ഗങ്ങളിലൂടെ വളരെ വേഗം സാധിക്കും എന്നത് ഇത് പ്രയോഗിക്കുവാന്‍ ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയെയും പ്രേരിപ്പിക്കുന്നു.

ജനങ്ങളിലേക്ക് ഒരു സന്ദേശം അതിവേഗം കടത്തിവിടുന്നതിന് മുന്‍കാലങ്ങളില്‍ കാര്‍ട്ടൂണുകളും ചുവരെഴുത്തുകളും ആണ് ഉപയോഗിച്ചിരുന്നെങ്കില്‍ വര്‍ത്തമാനകാലം അത് മാറ്റിയിരിക്കുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനെക്കാള്‍ വലിയ മാറ്റമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്നത്തേക്കാള്‍ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ ഇക്കുറി പതിന്മടങ്ങ് ഇരട്ടിയാകും. കാണാനിരിക്കുന്ന പൂരം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല എന്നതിനാൽ മികച്ച ട്രോളുകളും മികച്ച മീമുകളും മികച്ച റീലുകളും ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാം.

വിജയ്‌യുടെ റാലിക്കിടെ വീണ്ടും മരണം; മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചയാൾ മരിച്ചു

ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധനാ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

പുന്നപ്രയിൽ 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, അറസ്റ്റ്

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

രണ്ട് പേർക്ക് പുതുജീവനേകി, അനശ്വരയായി ആലിൻ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ