മിണ്ടരുത്! കേരള നേതാക്കളോട് ഹൈക്കമാൻഡ്

 
Special Story

മിണ്ടരുത്! കേരള നേതാക്കളോട് ഹൈക്കമാൻഡ്

രാഹുലിനെയും ഖാർഗയേയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് സ്റ്റേറ്റ് കോണ്‍ഫറന്‍സ് ചേരും

പി.ബി. ബിച്ചു

തിരുവനന്തപുരം: കേരളത്തിലെ നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാന്‍ഡ്, പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു നേതാക്കളെ സംബന്ധിച്ച വിഷയങ്ങളിലും പരസ്യപ്രസ്താവന നടത്തരുതെന്നു കർശന നിർദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കിയാണ് ഇന്നലെ ഡൽഹിയിൽ ഉന്നതതല യോഗം പിരിഞ്ഞത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള രാഷ്‌ട്രീയ കാര്യസമിതി അംഗങ്ങളും എഐസിസി അംഗങ്ങളായ മുതിർന്ന നേതാക്കളുമാണ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയത്.

വിവാദങ്ങളൊഴിവാക്കി 2016ൽ കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാർ കേരളത്തിൽ അധികാരത്തിലെത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേരളത്തിൽ ജനപക്ഷത്തു നിന്ന് പാർട്ടി വിഷയങ്ങൾ ഏറ്റെടുക്കണമെന്നും കേരളത്തിലെ പാർട്ടിയുടെ വിജയം ഇന്ത്യയാകെയുള്ള പ്രവർത്തകർ ഉറ്റു നോക്കുന്നുവെന്നും നിര്‍ണായകമാണെന്നും രാഹുൽ ഗാന്ധിയും യോഗത്തിൽ ചൂണ്ടിക്കാട്ടി.

കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തിൽ ചര്‍ച്ചയായില്ല. എന്നാൽ പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് ചില നേതാക്കൾ ഡൽഹിയിലും നേതാക്കളുടെ പിന്തുണ തേടിയിട്ടുണ്ട്. അധ്യക്ഷനെ മാറ്റുന്നതിനൊപ്പം യുഡിഎഫ് കൺവീനർ എം.എം. ഹസനെ മാറ്റണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ടെന്നാണ് വിവരം.

കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തത്കാലം തുടരും. പരാതിയുള്ള ഡിസിസികളിലും അധ്യക്ഷന്മാരെയടക്കം മാറ്റി പുനഃസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു. എൽഡിഎഫ് സർക്കാരിന് ഗുണകരമാകുന്ന രീതിയിലുള്ള പ്രതികരണങ്ങൾ പോലും നേതാക്കൾ നടത്തരുതെന്ന് ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹൈക്കമാൻഡ് നിർദേശം നൽകി.

നേതാക്കൾ തമ്മിലെ ഭിന്നത ചർച്ചയാകുന്നത് വരുന്ന തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷി യോഗത്തിൽ അറിയിച്ചതോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന നിലപാട് സ്വീകരിച്ചാണ് നേതാക്കൾ ഡൽഹിയിൽ നിന്നും മടങ്ങിയത്. തനിക്കും സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് സുധാകരൻ യോഗത്തിൽ പറഞ്ഞു.

പാർട്ടിയുടെ കൂടെ നിൽക്കുമെന്ന് പ്രവർത്തക സമിതി അംഗം ശശി തരൂര്‍ യോഗത്തിൽ അറിയിച്ചു. പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ പിന്തുണയെന്നും തരൂർ വ്യക്തമാക്കി. രാഹുലിനേയും ഖര്‍ഗെയേയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് സ്റ്റേറ്റ് കോണ്‍ഫറന്‍സ് നടത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു